കൊച്ചി: തിങ്കളാഴ്ച്ച ഗോവയിലെ ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ നടന്ന ഐ.എസ്.എല്‍ മത്സരത്തിനിടെ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് നേരെയുണ്ടായ മോശം സംഭവങ്ങളില്‍ ക്ഷമാപണം നടത്തി ഗോവ എഫ്.സി ആരാധകര്‍. എഫ്.സി ഗോവ ഫാന്‍സ് ക്ലബ്ബ് എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് ഗോവന്‍ ആരാധകരുടെ ക്ഷമാപണം. ഗാലറിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകര്‍ക്കുണ്ടായ മോശം പെരുമാറ്റത്തില്‍ നിര്‍വ്യാജം ഖേദിക്കുന്നു, ക്ഷമ ചോദിക്കുന്നു എന്നാണ് പോസ്റ്റ്. 24ന് നടന്ന ഗോവ-ബ്ലാസ്റ്റേഴ്‌സ് മത്സരം കാണാന്‍ ബ്ലാസ്റ്റേഴ്‌സിന്റെ ജഴ്‌സിയണിഞ്ഞ് നിരവധി പേര്‍ ഫറ്റോര്‍ഡ സ്റ്റേഡിയത്തിലെത്തിയിരുന്നു.
ടീം ഉടമ സച്ചിന്‍ തെണ്ടുല്‍ക്കറടക്കമുള്ളവരും പവലിയനില്‍ ഉണ്ടായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ റാഫി കേരളത്തിനായി സമനില ഗോള്‍ നേടിയപ്പോള്‍ ആരാധകര്‍ ആഹ്ലാദപ്രകടനം നടത്തിയിരുന്നെങ്കിലും ഗോവന്‍ ആരാധകരുടെ ഭാഗത്ത് നിന്ന് മോശം പ്രതികരണമൊന്നുമുണ്ടായില്ല.
84ാം മിനുറ്റില്‍ ബെല്‍ഫോര്‍ട്ട് വിജയഗോള്‍ നേടിയതോടെ കാണികളുടെ സ്വഭാവം മാറി. ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് നേരെ അസഭ്യ വര്‍ഷം നടത്തിയ ചില കാണികള്‍ സ്റ്റേഡിയത്തിന് പുറത്ത് ആരാധകരെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. പൊലീസിന്റെ സാനിധ്യത്തിലായിരുന്നു ഇത്. ഇതേ തുടര്‍ന്ന് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ഗോവ എഫ്.സിയുടെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലടക്കം തങ്ങളുടെ പ്രതിഷേധം അറിയിച്ചിരുന്നു. എന്നാല്‍ ഗോവ എഫ്.സിയുടെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജില്‍ പ്രതികരണങ്ങള്‍ക്ക് മറുപടിയൊന്നും ഉണ്ടായിട്ടില്ല.