കൊച്ചി: ഐ.എസ്.എല്‍ മൂന്നാം സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ കൂട്ടമായി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെത്തിയപ്പോള്‍ പിറന്നത് മറ്റാര്‍ക്കും അവകാശപ്പെടനാനില്ലാത്തരു നേട്ടം. കഴിഞ്ഞ സീസണിനേക്കാള്‍ ഒരു ലക്ഷത്തോളം കാണികളാണ് സ്റ്റേഡിയത്തിലെത്തിയത്. മറ്റു വേദികളിലെല്ലാം ആരാധകര്‍ കുറഞ്ഞപ്പോഴാണ് ബ്ലാസ്റ്റേഴ്‌സിനോടുള്ള സ്‌നേഹം ആരാധകര്‍ ഒരിക്കല്‍ കൂടി പ്രകടമാക്കിയത്.
ഐഎസ്എല്‍ മൂന്നാം സീസണില്‍ 3,44,054 കാണികളാണ് അന്ന് കൊച്ചിയില്‍ എത്തിയിരുന്നതെങ്കില്‍ ഇക്കുറി 4,44,087 ആയാണ് ഉയര്‍ന്നത്. കൂടാതെ കാണികള്‍ കൂടുതല്‍ പ്രെഫഷനലാകുന്നതിനും കൊച്ചി സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. ആദ്യ ഘട്ടത്തില്‍ ബ്ലസ്റ്റേഴ്സിന് ചില തോല്‍വികള്‍ പിണഞ്ഞ് പിറകിലായപ്പോഴും ആരാധകര്‍ പിന്മാറിയില്ല.അതേസമയം ബ്ലാസ്‌റ്റേഴ്‌സിന്റെ എവെ മത്സരങ്ങളിലും ആരാധകര്‍ ഇരമ്പിയെത്തി.
നോര്‍ത്ത് ഈസ്റ്റുകാരുടെ തട്ടകത്തില്‍ വരെ മഞ്ഞപ്പട സാന്നിധ്യമറിയിച്ചു. ഡല്‍ഹിയുമായി നടന്ന രണ്ടാം പാദ സെമി മത്സരത്തില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് വിലക്ക് ഭീഷണി വരെ വന്നിരുന്നു എന്നതും ഇതിനോട് ചേര്‍ത്തുവായിക്കണം. ഫുട്‌ബോളിനോടും ബ്ലാസ്റ്റേഴിസിനോടും വര്‍ധിച്ചുവരുന്ന പിന്തുണയായാണ് കാണികളുടെ സ്‌നേഹവായ്പുകളെ കാണുന്നത്. അതേസമയം മറ്റു ടീമുകളുടെ പിന്തുണയില്‍ കാര്യമായ ഇടിവ് സംഭവിച്ചു.