അഷ്‌റഫ് തൈവളപ്പ്
കൊച്ചി: ഗോളടിച്ചിട്ടും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സമനില കുരുക്കഴിയുന്നില്ല. ഹോം ഗ്രൗണ്ടിലെ തുടര്‍ച്ചയായ മൂന്നാം മത്സരത്തില്‍ താരതമ്യേന ദുര്‍ബലരായ മുംബൈ സിറ്റി എഫ്.സി ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ പൂട്ടി (1-1). തോറ്റിട്ടില്ലെന്നത് മാത്രം ഏക ആശ്വാസം. 77ാം മിനുറ്റ് വരെ മുന്നില്‍ നിന്ന ശേഷമായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് സീസണിലെ തന്നെ ആദ്യ ഗോള്‍ വഴങ്ങിയത്. 14ാം മിനുറ്റില്‍ ഡച്ച് സ്‌ട്രൈക്കര്‍ മാര്‍ക്ക് സിഫ്‌നോസാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അക്കൗണ്ട് തുറന്നത്. 77ാം മിനുറ്റില്‍ ബല്‍വന്ത് സിങിലൂടെ മുംബൈ സിറ്റി ഒപ്പമെത്തി. മൂന്നു മത്സരങ്ങളില്‍ നിന്ന് മൂന്നു പോയിന്റുമായി ലീഗ് ടേബിളില്‍ ബ്ലാസ്‌റ്റേഴ്‌സ് ഏഴാം സ്ഥാനത്തായി. ഒമ്പതിന് എഫ്.സി ഗോവക്കെതിരെ ഫറ്റോര്‍ഡയിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത അങ്കം. രണ്ടു മഞ്ഞക്കാര്‍ഡുമായി കളിയുടെ അവസാന മിനുറ്റില്‍ കളം വിടേണ്ടി വന്ന സി.കെ വിനീതിന് അടുത്ത മത്സരം നഷ്ടമാവും.
മികച്ച തുടക്കമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റേത്. ഈ കളി അവസാനം വരെ തുടരാന്‍ ബ്ലാസ്റ്റേഴ്‌സിനായില്ല. ലീഡുയര്‍ത്താനുള്ള പല അവസരങ്ങളും താരങ്ങള്‍ നഷ്ടപ്പെടുത്തി. മധ്യനിരയില്‍ നിന്ന് മികച്ച നീക്കങ്ങള്‍ കണ്ടു, പക്ഷേ ഫിനിഷിങിലെ അഭാവം ആദ്യ ജയത്തിലേക്കുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ കാത്തിരിപ്പ് നീട്ടി. മറുഭാഗത്ത് മുംബൈയുടെ പോരാട്ടം ചില താരങ്ങളിലൊതുങ്ങി. 56ാം മിനുറ്റില്‍ സാന്റോസിന്റെ ഗോള്‍ ശ്രമം പോസ്റ്റില്‍ തട്ടി മടങ്ങിയത് മുംബൈയുടെ ജയ മോഹങ്ങള്‍ തകര്‍ത്തു.
4-1-4-1 ശൈലിയില്‍ ഇതുവരെ ഫോമിലെത്താത്ത ഇയാന്‍ ഹ്യൂമിനെ സൈഡ് ബെഞ്ചിലിരുത്തിയാണ് ബ്ലാസ്‌റ്റേഴ്‌സ് മുംബൈക്കെതിരെ പടയൊരുക്കിയത്. കഴിഞ്ഞ കളികളില്‍ പകരക്കാരനായി തിളങ്ങിയ ഡച്ച് താരം മാര്‍ക്ക് സിഫ്‌നോസ് ഏക സ്‌ട്രൈക്കറായി ആദ്യ ഇലവനില്‍ ഇടം കണ്ടു. ഹോള്‍ഡിങ് മിഡ്ഫീല്‍ഡറുടെ റോളിലായിരുന്നു അരാത്ത ഇസുമി. പരിക്ക് മാറിയെങ്കിലും വെസ് ബ്രൗണിനെ ഇന്നലെയും കളത്തിലിറക്കിയില്ല. മുംബൈ മൂന്ന് മാറ്റങ്ങള്‍ വരുത്തി. റാഫേല്‍ ജോര്‍ദ, മെഹ്‌റാജുദ്ദീന്‍ വാദു, ദാവീന്ദര്‍ സിങ് എന്നിവര്‍ ആദ്യ ഇലവനില്‍ തിരിച്ചെത്തി. കറേജ് പെക്കൂസണിന്റെ ഗോള്‍ ശ്രമത്തോടെയാണ് കളമുണര്‍ന്നത്. അവസരങ്ങളുടെ പെരുമഴയായിരുന്നു പിന്നീട് ബ്ലാസ്റ്റേഴ്‌സിന്. അഞ്ചാം മിനുറ്റില്‍ സി.കെ വിനീതെടുത്ത കോര്‍ണര്‍ കിക്കില്‍ രണ്ടു ശ്രമങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സ് നടത്തി. ലാസിക് പെസിച്ചിന്റെയും ജിങ്കാന്റെയും ശ്രമം ഫലം കണ്ടില്ല. മാര്‍ക്ക് സിഫ്‌നോസിന്റേതായിരുന്നു അടുത്ത ഊഴം, വീണ്ടും നിരാശ. പന്തില്‍ ബ്ലാസ്‌റ്റേഴ്‌സ് സമഗ്രാധിപത്യം പുലര്‍ത്തി. 14ാം മിനുറ്റില്‍ ഗാലറി കാത്തിരുന്ന ഗോളെത്തി. മൈതാനത്തിന്റെ മധ്യഭാഗത്ത് നിന്ന് പെക്കൂസണിന്റെ പാസ് വലതു വിങില്‍ റിനോ ആന്റോയിലേക്ക്. റിനോ ബോക്‌സിനെ ലക്ഷ്യമാക്കി അളന്നു മുറിച്ചൊരു പാസ് നല്‍കി. വലയുടെ വലത് ഭാഗത്ത് നിന്നിരുന്ന മാര്‍ക്ക് സിഫ്‌നോസിന്റെ വലംകാലന്‍ ഹാഫ് വോളി മുംബൈ ഗോളി അമരീന്ദര്‍ സിങിനെ കീഴടക്കി വലയിലേക്ക് കയറി. കൊച്ചിയിലെ തുടര്‍ച്ചയായ മത്സരങ്ങളിലെ ഗോള്‍ വരള്‍ച്ചക്ക് വിരാമം, ആദ്യമായി ആദ്യ ഇലവനില്‍ കളിക്കാനിറങ്ങിയ ഡച്ച് സ്‌ട്രൈക്കറുടെ പേരില്‍ സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോള്‍. കോച്ചും താരങ്ങളും ആ ഗോള്‍ ആഘോഷമാക്കി. ഗാലറിയില്‍ മഞ്ഞപ്പട ആനന്ദ നൃത്തമാടി.
ഒപ്പമെത്താന്‍ മുംബൈ ചില ശ്രമങ്ങള്‍ നടത്തി. അച്ചിലി എമാന ഗോളിലേക്ക്് ചില അവസരങ്ങള്‍ സൃഷ്ടിച്ചു. നീക്കങ്ങളിലെ ഒത്തിണക്കമില്ലായ്മയും ഫിനിഷിങിലെ പാളിച്ചയും മുംബൈക്ക് വിനയായി. 27ാം മിനുറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും ലീഡെടുക്കുമെന്ന് തോന്നിച്ചു. വലത് വിങില്‍ നിന്ന് ജാക്കിചന്ദ് സിങ് കൃത്യമായി പന്ത് ബോക്‌സിനകത്തുള്ള സി.കെ വിനീതിന് നല്‍കി. പന്ത് നിയന്ത്രണത്തിലാക്കിയ വിനീത് വല ലക്ഷ്യമാക്കി ഷോട്ടുതിര്‍ത്തെങ്കിലും അമരീന്ദര്‍ സിങ് ഉജ്ജ്വലമായി ഡൈവ് ചെയ്ത് ആ ശ്രമം വിഫലമാക്കി. ആദ്യ പകുതിയുടെ അവസാന മിനുറ്റുകളില്‍ ലീഡുയര്‍ത്താനുള്ള രണ്ടു ശ്രമങ്ങള്‍ കൂടി ബ്ലാസ്റ്റേഴ്‌സ് പാഴാക്കി. 42ാം മിനുറ്റില്‍ ബെര്‍ബറ്റോവിന്റെ ലോങ്പാസില്‍ നിന്ന് ജാക്കിചന്ദ് നടത്തിയ ശ്രമം വലക്ക് മുകളിലൂടെ പുറത്തായി. മികച്ചൊരു അവസരമായിരുന്നു അത്. പിന്നാലെ കറേജ് പെക്കൂസണും പന്ത് പുറത്തേക്കടിച്ചു മറ്റൊരു അവസരം കൂടി നഷ്ടപ്പെടുത്തി. 45ാം മിനുറ്റില്‍ ബെര്‍ബതോവിന്റെ ഹെഡര്‍ അമരീന്ദര്‍ വലയിലെത്താതെ കാത്തു.
ആദ്യ പകുതിക്കിടെ പരിക്കേറ്റ റിനോ ആന്റോക്ക് പകരം പ്രീതം സിങിനെ ഇറക്കിയാണ് ആതിഥേയര്‍ രണ്ടാം പകുതിക്കിറങ്ങിയത്. അവസരങ്ങള്‍ പിന്നെയും കളഞ്ഞു കുളിച്ചു ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍. പെക്കൂസണായിരുന്നു ആദ്യം. 55ാം മിനുറ്റില്‍ പോസ്റ്റിന് മുന്നില്‍ നിന്ന് തുറന്നൊരു അവസരം വിനീതും നഷ്ടമാക്കി. മറുഭാഗത്ത് മുംബൈ തിരിച്ചു വരവിനായുള്ള ശ്രമങ്ങള്‍ നടത്തി. നിര്‍ഭാഗ്യം കൊണ്ട മാത്രം അവര്‍ക്ക് ബ്ലാസ്‌റ്റേഴ്‌സിനൊപ്പമെത്താനായില്ല. 56ാം മിനുറ്റില്‍ എവര്‍ട്ടണ്‍ സാന്റോസിന്റെ ഷോട്ട് റച്ചൂബ്കയെ കീഴടക്കി വലയിലേക്ക് നീങ്ങിയെങ്കിലും പോസ്റ്റ് വില്ലനായി. തിരികെ വന്ന പന്ത് റച്ചുബ്ക കയ്യിലൊതുക്കി, മുംബൈക്ക് നിര്‍ഭാഗ്യം, ബ്ലാസ്റ്റേഴ്‌സിന് ആശ്വാസം. നീക്കങ്ങള്‍ക്ക് വേഗം കുറഞ്ഞു. ബ്ലാസ്റ്റേഴ്‌സ് ജാക്കിചന്ദിന് പകരം സിയാം ഹാങലിനെയും സിഫ്‌നോസിന് പകരം ഹ്യൂമിനെയും ഇറക്കി. മുംബൈ ഉണര്‍ന്ന് കളിച്ചു. ഫലമുണ്ടായി. 77ാം മിനുറ്റില്‍ ബല്‍വന്ത് സിങ് റച്ചൂബ്കയുടെയും ബ്ലാസ്‌റ്റേഴ്‌സിന്റെയും തുടര്‍ച്ചായ മൂന്നാം ക്ലീന്‍ ഷീറ്റെന്ന മോഹം തകര്‍ത്തു. മൈതാന മധ്യത്ത് നിന്ന് എമാന തുടങ്ങിയ നീക്കമാണ് ഗോളില്‍ കലാശിച്ചത്. വലതു വിങില്‍ നിന്ന് പാസ് സ്വീകരിച്ച സാന്റോസ് ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ടു പ്രതിരോധ താരങ്ങള്‍ക്കിടയിലൂടെ പന്ത് വലക്കരികിലെത്തിച്ചു, കാത്തിരുന്ന ബല്‍വന്തിന് ടാപ്പ് ചെയ്യേണ്ട കാര്യമേയുണ്ടായുള്ളു, ഗാലറി നിശബ്ദമായി. രണ്ടു മഞ്ഞ കാര്‍ഡുകള്‍ കണ്ട് വിനീത് പുറത്തായതോടെ പത്തു പേരുമായാണ് ബ്ലാസ്റ്റേഴ്‌സ് മത്സരം പൂര്‍ത്തിയാക്കിയത്.