X

ക്രിസ്മസ് ആഘോഷത്തിന് കൊച്ചിയിൽ ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നു; എതിരാളികൾ മുംബൈ സിറ്റി

ഐഎസ്എല്ലിൽ ഏഴാം ജയം ലക്ഷ്യമിട്ട് കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നു. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. വൈകീട്ട് 8 മണിക്ക് നടക്കുന്ന പോരാട്ടത്തിൽ മുംബൈ സിറ്റിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. സീസണിലെ ആദ്യ റൗണ്ട് മത്സരത്തിൽ നടന്നവയ്ക്കെല്ലാം സ്വന്തം സ്റ്റേഡിയത്തിൽ മറുപടി നൽകണം. വിജയത്തോടെ ക്രിസ്മസ് ആഘോഷമാക്കണം. മുംബൈ സിറ്റിക്കെതിരെ ബ്ലാസ്റ്റേഴ്സിന്റെ മനസിൽ ഈ രണ്ട് ലക്ഷ്യങ്ങളുണ്ട്.

പരിക്കേറ്റ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഇല്ലാത്തത് ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടിയാണ്. ലൂണയുടെ അഭാവം പഞ്ചാബിനെതിരായ മത്സരത്തിൽ പ്രകടമായിരുന്നു. സസ്പെൻഷൻ കഴിഞ്ഞ് ഇവാൻ വുകാമനോവിച്ച് തിരിച്ചെത്തുന്നത് കൊമ്പന്മാരുടെ ആത്മവിശ്വാസം ഉയർത്തും. ദിമിത്രിയോസ് ഡയമന്റക്കോസും ക്വാമി പെപ്രയും പ്രബീർ ദാസുമെല്ലാം കളം അറിഞ്ഞ് കളിച്ചാൽ ജയം ഉറപ്പാണ്.

നിലവിലത്തെ ചാമ്പ്യന്മാരായ മോഹൻ ബ​ഗാനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് മുംബൈ സിറ്റി. എങ്കിലും മോഹ​ൻ ബ​ഗാനെതിരെ ചുവപ്പ് കാർഡ് കണ്ട ​ഗ്രെ​ഗ് സ്റ്റുവർട്ട്, ആകാശ് മിശ്ര, വിക്രം പ്രതാപ് സിം​ഗ്, രാഹുൽ ഭേ​ക്കേ എന്നിവർ ​മുംബൈ നിരയിൽ ഉണ്ടാകില്ല. നേർക്കുനേർ പോരാട്ടത്തിൽ മുംബൈയ്ക്കാണ് മുൻതൂക്കം. പരസ്പരം ഏറ്റുമുട്ടിയ 19ൽ ഒമ്പതും മുംബൈ ജയിച്ചു. ബ്ലാസ്റ്റേഴ്സ് നാലെണ്ണം ജയിച്ചപ്പോൾ ആറെണ്ണം സമനിലയിലായി.

webdesk13: