കൊച്ചി: ‘ഫിഫ’യുടെ ട്രാന്‍സ്ഫര്‍ വിലക്കില്‍ ആശങ്കപ്പെടേണ്ടെന്ന് ഐഎസ്എല്‍ ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്‌സ്. വിലക്ക് നീക്കാനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും ക്ലബ്ബ് വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.
നിയമബാധ്യതകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. താരങ്ങളുമായി കരാറൊപ്പിടുന്നതിനേയും വരാനിരിക്കുന്ന സീസണിനുള്ള തയ്യാറെടുപ്പുകളേയും വിലക്ക് ഒരു തരത്തിലും ബാധിക്കില്ലെന്നും ബ്ലാസ്റ്റേഴ്‌സ് വ്യക്തമാക്കി.
മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം പൊപ്ലാനികിന്റെ വേതനവുമായി ബന്ധപ്പെട്ടതാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിലക്ക്. വേതനം നല്‍കി പ്രശ്‌നം പരിഹരിച്ചാല്‍ ഫിഫ ട്രാന്‍സ്ഫര്‍ വിലക്ക് പിന്‍വലിക്കും.
സ്ലൊവാനിയന്‍ താരമായ പൊപ്ലാനിക് നിലവില്‍ കളിക്കുന്ന സ്‌കോട്ടിഷ് ക്ലബ്ബ് ലിവിസ്റ്റണ്‍ എഫ്.സിയാണ് ബ്ലാസ്റ്റേഴ്‌സിനെതിരേ പരാതി നല്‍കിയത്. 2018-20 സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ വിദേശതാരങ്ങളില്‍ ഒരാളായിരുന്ന പൊപ്ലാനികിന് ക്ലബ്ബ് ഇതുവരെ കരാറില്‍ പറഞ്ഞ തുക മുഴുവനും കൊടുത്തിട്ടില്ലെന്നാണ് പരാതി. ബ്ലാസ്റ്റേഴ്‌സിനൊപ്പം ഐഎസ്എല്ലിലെ മറ്റൊരു ടീം ഈസ്റ്റ് ബംഗാളിനും ഫിഫ ട്രാന്‍സ്ഫര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.