X

ബ്ലാസ്‌റ്റേഴ്‌സ് ഇനി ചെറിയ മീനല്ല

കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് രണ്ട് വമ്പന്‍മാര്‍ കൂടി. മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങളായ ഡിമിതര്‍ ബെര്‍ബറ്റോവും വെസ് ബ്രൗണ്‍ എന്ന വെസ്ലി മൈക്കിള്‍ ബ്രൗണുമാണ് കേരള ബ്ലാസ്‌റ്റേഴ്‌സിലെത്തുന്നത്. ഇതില്‍ വെസ് ബ്രൗണിനെ സ്വന്തമാക്കിയതായി ബ്ലാസ്‌റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഡച്ചുകാരന്‍ റെനെ മ്യൂളന്‍സ്റ്റീന്റെ സ്വന്തം വെസ് ബ്രൗണ്‍ ബ്ലാസ്‌റ്റേഴ്‌സ് കുടുംബത്തില്‍ ചേര്‍ന്നതായും ഇനി കളി മാറുമെന്നും ടീം ട്വീറ്റ് ചെയ്തു. 450 ലേറെ തവണ പ്രൊഫഷണല്‍ ടീമുകള്‍ക്ക് വേണ്ടി കളത്തിലിറങ്ങിയിട്ടുള്ള താരമാണ് വെസ് ബ്രൗണ്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി മാത്രം 300ലേറെ മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ദേശീയ ടീമിന് വേണ്ടി 23 തവണയും ഇംഗ്ലീഷ് താരം മൈതാനത്തിനിറങ്ങിയിട്ടുണ്ട്.
ഏഴ് പ്രീമിയര്‍ ലീഗ് ടൈറ്റിലുകളും മൂന്ന് ലീഗ് കപ്പുകളും രണ്ട് കമ്മ്യൂണിറ്റി ഷീല്‍ഡുകളും രണ്ട് തവണ ചാംപ്യന്‍സ് ലീഗും നേടിയ ടീമിലെ അംഗമാണ്. പതിനഞ്ചു വര്‍ഷത്തോളം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഭാഗമായിരുന്ന താരമാണ് വെസ് ബ്രൗണ്‍. ഡിഫന്‍സില്‍ ഏതു പൊസിഷനിലും കളിക്കാന്‍ കഴിവുള്ള താരം മാഞ്ചസ്റ്ററിന്റെ അവസാന ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടത്തില്‍ പ്രധാന പങ്കു വഹിച്ചിരുന്നു. 2008ലെ ചാമ്പ്യന്‍സ്‌ലീഗ് ഫൈനലില്‍ ചെല്‍സിക്കെതിരെ റൈറ്റ് ബാക്കായി ബ്രൗണ്‍ നടത്തിയ പ്രകടനം ശ്രദ്ധേയമായിരുന്നു. ഓള്‍ഡ് ട്രാഫോഡില്‍ നിന്ന് സണ്ടര്‍ലാന്റിലേക്കും, ബ്ലാക്ക് ബേണ്‍ റോവേഴ്‌സിലേക്കും ബ്രൗ ണ്‍ പിന്നീട് കളം മാറിയിരുന്നു. അതേ സമയം ബള്‍ഗേറിയന്‍ താരം ദിമിതര്‍ ബെര്‍ബറ്റോവുമായി ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ ചര്‍ച്ച നടത്തിയതായും താരം ഉടന്‍ ഐ.എസ്.എല്ലില്‍ എത്തുമെന്നുമാണ് വിവരം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഏറ്റവും മികച്ച താരവും ബള്‍ഗേറിയയുടെ എക്കാലത്തേയും മികച്ച ടോപ് സ്‌കോററുമായിരുന്നു ബെര്‍ബറ്റോവ്. ബയര്‍ ലെവര്‍കൂസന്‍, ടോട്ടന്‍ഹാം ഹോട്‌സ്പര്‍, മൊണാക്കോ തുടങ്ങിയ ക്ലബുകള്‍ക്കു വേണ്ടിയും കളിച്ചിട്ടുള്ള ബെര്‍ബറ്റോവുമായി കരാറിന്റെ അവസാന ഘട്ടത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ്. ഒന്നോ രണ്ടോ ദിവസത്തിനകം ഇക്കാര്യത്തില്‍ അന്തിമ പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബെര്‍ബറ്റോവ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി കരാര്‍ ഒപ്പിടുന്ന കാലത്ത് കോച്ച് സര്‍ അലക്‌സ് ഫെര്‍ഗൂസന്റെ സംഘാംഗമായിരുന്നു ബ്ലാസ്റ്റേഴ്‌സ് കോച്ച് മ്യൂള്‍ന്‍ സറ്റീന്‍. 2015-16 സീസണില്‍ ഗ്രീക്ക് ക്ലബ്ബ് പി.എ.ഒ.കെയ്ക്കു വേണ്ടിയാണ് ബെര്‍ബറ്റോവ് ബൂട്ടു കെട്ടിയത്. ബെര്‍ബറ്റോവിനേയും വെസ് ബ്രൗണിനേയും സ്വന്തമാക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് 12 കോടി രൂപയോളം ചെലവിടുന്നുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. ബ്രൗണിന് അഞ്ചു കോടിയും ബെര്‍ബറ്റോവിന് ഏഴു കോടിയുമാണ് ബ്ലാസ്‌റ്റേഴ്‌സ് വാഗ്ദാനം ചെയ്തിട്ടുള്ളത്.

chandrika: