കൊല്‍ക്കത്ത: ഐഎസ്എല്ലിലെ നിര്‍ണായക മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേര്‍സ്- അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത മത്സരം സമനിലയില്‍(1-1). ജയിക്കാനായി ഇരുടീമുകളും പൊരുതിക്കളിച്ചപ്പോള്‍ അത്യന്തം ആവേശകരമായ മത്സരത്തില്‍ ആദ്യ പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. വിനീതിന്റെ ഗോളില്‍ മുന്നിലെത്തിയ ബ്ലാസ്‌റ്റേര്‍സിനെ 18ാം മിനിറ്റില്‍ സ്റ്റീവന്‍ പിയേഴ്‌സന്റെ ഗോളില്‍ കൊല്‍ക്കത്ത സമനില പിടിച്ചു.
മത്സരത്തിന്റെ എട്ടാം മിനിറ്റിലാണ് ആദ്യ ഗോള്‍ വന്നത്. കൊല്‍ക്കത്ത ഗോളി മജുംദാറിന്റെ പിഴവില്‍ നിന്നാണ് ഗോളെത്തിയത്. ഗോളിയുടെ കൈയില്‍ തട്ടിത്തെറിച്ച പന്ത് മെഹ്താബ് മറിച്ച് നല്‍കിയത് തകര്‍പ്പന്‍ ഹെഡറിലൂടെ വിനീത് ഗോളാക്കി മാറ്റുകയായിരുന്നു. ചാമ്പ്യന്‍ഷിപ്പിലെ നാലാമത്തെ ഗോള്‍ കൂടിയാണിത് വിനീതിന്.
ഗോള്‍വഴങ്ങിയതോടെ കൊല്‍ക്കത്ത ആക്രമണം കനപ്പിച്ചതോടെ മത്സരം കേരള പകുതിയിലായി. അതിന്റെ തുടര്‍ച്ചയെന്നോണം 18ാം മിനിറ്റില്‍ പോസ്റ്റിഗയുടെ പാസില്‍ നി്ന്ന് പിയേഴ്‌സണ്‍ കേരള വലകുലുക്കി.
എന്നാല്‍ ആദ്യപകുതിയുടെ ശേഷിച്ച സമയവും രണ്ടാം പകുതിയിലും കേരളാ ബ്ലാസ്റ്റേര്‍സ് കൂടുതല്‍ നേരം പന്ത് നിയന്ത്രണം വെക്കുകയും ആക്രമണം മെനയുകയും ചെയ്തങ്കിലും വിജയഗോള്‍ നേടാന്‍ കഴിഞ്ഞില്ല.
ബ്ലാസ്റ്റേര്‍സ് ഡല്‍ഹി മത്സരം സമനിലയില്‍ കലാശിച്ചതോടെ മുംബൈ, ഡല്‍ഹി ടീമുകള്‍ സെമി പ്രവേശം ഉറപ്പാക്കി. നാളെ നടക്കുന്ന നോര്‍ത്ത് ഈസ്റ്റ്- ഡല്‍ഹി ഡൈനമോസ് മത്സരത്തില്‍ ഡല്‍ഹി ജയിച്ചാല്‍ അടുത്ത മത്സരത്തിനു മുമ്പ് തന്നെ കേരളത്തിന് സെമി ടിക്കറ്റ് ഉറപ്പിക്കാം. ഡിസംബര്‍ നാലിന് കൊച്ചിയില്‍ നോര്‍ത്ത് ഈസ്റ്റിനെതിരെയാണ് ബ്ലാസ്‌റ്റേര്‍സിന്റെ അവസാന ലീഗ് മത്സരം.