ലണ്ടന്‍: ബ്രിട്ടനെ ഞെട്ടിച്ച് ലണ്ടനില്‍ വീണ്ടും ആക്രമണം. ഫിന്‍സ്ബറി മസ്ജിദില്‍ രാത്രി തറാവീഹ് കഴിഞ്ഞ് പുറത്തിറങ്ങിയ മുസ്‌ലിംകള്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റി നടത്തിയ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. ഒരാളെ അറസ്റ്റ് ചെയ്തു. വടക്കന്‍ ലണ്ടനിലെ സെവന്‍ സിസ്റ്റേഴ്‌സ് റോഡിലാണ് സംഭവം. മസ്ജിദിനു സമീപം കുഴഞ്ഞുവീണ ഒരു വൃദ്ധനെ പരിചരിക്കുന്നവര്‍ക്കിടയിലേക്കാണ് വെള്ളക്കാരനായ ഒരാള്‍ വാന്‍ ഇടിച്ചുകയറ്റിയത്.
48കാരനായ അക്രമിയെ ആളുകള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാളോടൊപ്പം കത്തിയുമായി രണ്ടുപേര്‍ കൂടിയുണ്ടായിരുന്നുവെന്നും അവര്‍ ഓടി രക്ഷപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. വാനില്‍നിന്ന് പുറത്തിറങ്ങിയ അക്രമി മുസ്്‌ലിംകളെ മുഴുവന്‍ കൊല്ലുമെന്ന് വിളിച്ചുപറഞ്ഞതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഞാന്‍ എന്റെ ജോലി നിര്‍വഹിച്ചു. ഇനി എന്നെ കൊല്ലൂ എന്നും അയാള്‍ അറസ്റ്റിലാകുമ്പോള്‍ ആക്രോശിക്കുന്നുണ്ടായിന്നു. പരിക്കേറ്റവരെ പള്ളിയിലേക്ക് മാറ്റിയിട്ടുണ്ട്. പള്ളിയില്‍നിന്ന് പുറത്തിറങ്ങിയവരെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ അക്രമി മനപ്പൂര്‍വമാണ് വാഹനം ഇടിച്ചുകയറ്റിയതെന്ന് മുസ്്‌ലിം കൗണ്‍സില്‍ ഓഫ് ബ്രിട്ടന്‍ പറഞ്ഞു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടനിലെ പള്ളികള്‍ക്ക് സുരക്ഷ ശക്തമാക്കണമെന്ന് കൗണ്‍സില്‍ ആവശ്യപ്പെട്ടു. രാജ്യത്തെ മുഴുവന്‍ മതസമൂഹങ്ങള്‍ക്കും നേരെയുള്ള ആക്രമണാണ് ഇതെന്ന് ഫിന്‍സ്ബറി പാര്‍ക്ക് പള്ളി ജനറല്‍ സെക്രട്ടറി മുഹമ്മദ് കോസ്ബാര്‍ പറഞ്ഞു. സംഭവം ഭീകര പ്രവൃത്തിയാണെന്ന് ബ്രിട്ടീഷ് അധികാരികള്‍ അറിയിച്ചു. ആരാധനാലയങ്ങള്‍ക്കു സുരക്ഷ ശക്തമാക്കുമെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ആംബര്‍ റൂഡ് പ്രഖ്യാപിച്ചു.
ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. ഇന്നലെ ഇസ്‌ലിങ്ടണ്‍ കൗണ്‍സില്‍ ലീഡര്‍ റിച്ചാര്‍ഡ് വാട്‌സിനോടൊപ്പം ഫിന്‍സ്ബറി പള്ളിയിലെ പ്രാര്‍ത്ഥന വീക്ഷിക്കാന്‍ അദ്ദേഹം എത്തുകയും ചെയ്തു. അമേരിക്കയിലെ സെപ്തംബര്‍ 11 ഭീകരാക്രമണത്തിനുശേഷം ഫിന്‍സ്ബറി പള്ളി ഭീകരബന്ധം ആരോപിച്ച് അടച്ചുപൂട്ടിയിരുന്നു. പിന്നീട് നിരവധി വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇവിടെ നിസ്‌കാരം പുനരാരംഭിച്ചത്.
ലണ്ടനില്‍ നാലു മാസത്തിനിടെ നടക്കുന്ന നാലാമത്തെ ഭീകരാക്രമണമാണിത്. ഈ മാസം ആദ്യം ലണ്ടനിലെ ഒരു പാലത്തില്‍ കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് വാന്‍ ഓടിച്ചുകയറ്റിയും കത്തി ഉപയോഗിച്ച് കുത്തിയും തീവ്രവാദികള്‍ എട്ടുപേരെ കൊലപ്പെടുത്തിയിരുന്നു. മാഞ്ചസ്റ്ററില്‍ ഒരു സംഗീത പരിപാടിക്കിടെയുണ്ടായ ചാവേറാക്രമണത്തില്‍ 23 പേരാണ് കൊല്ലപ്പെട്ടത്.