X

വയനാടില്‍ വന്‍ സ്‌ഫോടക ശേഖരം പിടികൂടി

സുല്‍ത്താന്‍ബത്തേരി: ഉള്ളിച്ചാക്കുകള്‍ക്കുള്ളില്‍ ലോറിയില്‍ ഒളിപ്പിച്ച് കടത്തിയ വന്‍ സ്‌ഫോടക വസ്തു ശേഖരം സുല്‍ത്താന്‍ബത്തേരി പൊലീസ് പിടികൂടി. രാജ്യത്ത് മൊത്തം നിരോധനമുള്ള അമോണിയം നൈട്രേറ്റ്, നിരോധനമില്ലാത്ത നിയോജല്‍, സ്‌ഫോടക വസ്തു തിരിയായി ഉപയോഗിക്കുന്ന സെയ്ഫ്റ്റി ഫ്യൂസ് എന്നിവ നിറച്ച പ്ലാസ്റ്റിക് ബാഗുകള്‍, കാര്‍ബോഡ് പെട്ടികള്‍ എന്നിവയാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ധര്‍മ്മപുരി ജില്ലയില പൊടാവാപേട്ട സ്വദേശികളായ രംഗനാഥന്‍ (37), സുരളീകൃഷ്ണ (36), ലോറി ഡ്രൈവര്‍ തൃശൂര്‍ ദേശമംഗലം ചെറുവത്തൂര്‍ സത്യനേശന്‍ (35) കൂടെ ലോറിയിലുണ്ടായിരുന്ന ഇതേ സ്ഥലത്തുള്ള കൃഷ്ണകുമാര്‍ (40) എന്നിവരാണ് അറസ്റ്റിലായത്. തമിഴ്‌നാട് സ്വദേശികള്‍ സ്‌ഫോടക വസ്തു കൊണ്ടുവന്ന ലോറിക്ക് എസ്‌കോര്‍ട്ടായി കാറില്‍ കൂടെ ഉണ്ടായിരുന്നു. കെ.എ 19ഡി 5452 നമ്പര്‍ ലോറിയും ടി.എന്‍ 29 എ.കെ 5752 നമ്പര്‍ എസ്‌കോര്‍ട്ട് വന്ന ഹുണ്ടായ് ഇയോണ്‍ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ ആറ് മണിയോടെ വയനാട് – കര്‍ണ്ണാടക അതിര്‍ത്തിയിലെ എക്‌സൈസ് മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റുകള്‍ സ്ഥിതി ചെയ്യുന്ന മുത്തങ്ങ തകരപ്പാടിയില്‍ ലോറി എത്തിയപ്പോഴാണ് പിടികൂടിയത്. മഴയെ തുടര്‍ന്ന് ലോറിയും കാറും പൊലീസ് ബത്തേരി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. ലോറിയിലുള്ള സ്‌ഫോടക വസ്തുക്കള്‍ കല്‍പറ്റയിലെ ബോംബ് ഡിറ്റക്ഷന്‍ ആന്റ് ഡിഫ്യൂഷ്യന്‍ വിദഗ്ദരുടെ നേതൃത്തില്‍ ലോറിയില്‍ നിന്നിറക്കി ബത്തേരി സ്റ്റേഷനിലെ ഷെഡ്ഡില്‍ സൂക്ഷിച്ചിരിക്കുകയാണ്. അമ്പത് കിലോ വീതമുള്ള 95 പ്ലാസ്റ്റിക് ചാക്ക് അമോണിയം നൈട്രേറ്റ്, ക്വാറികളിലുപയോഗിക്കുന്ന സ്‌ഫോടക വസ്തു ഘടകമായ നിയോജലിന്റെ ഇരുപത്തഞ്ച് കിലോ വീതമുള്ള 189 പെട്ടി, രണ്ട് തരത്തിലുള്ള വെടിത്തിരി സെയ്ഫ്റ്റി ഫ്യൂസിന്റെ പത്ത് കിലോ വീതമുള്ള 20 പെട്ടി, ഇത് മറക്കാനുപയോഗിച്ച 94 ചാക്ക് വലിയുള്ളി എന്നിവയാണുണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ പിടികൂടിയ ഏറ്റവും വലിയ സ്‌ഫോടക വസ്തു ശേഖരങ്ങളില്‍ ഒന്നാണിതെന്ന് പൊലീസ് പറഞ്ഞു. ക്വാറികള്‍ക്ക് വ്യാപകമായി അനുമതി നല്‍കിയതിനെ തുടര്‍ന്ന് ഉപയോഗിക്കാനാണ് കൊണ്ടുവന്നതെന്നാണ് പ്രാഥമിക നിഗമനം. മറ്റ് ശക്തികള്‍ പിന്നിലുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നു. ജി.എസ്.ടി. നടപ്പിലായതിനാല്‍ മുത്തങ്ങ വാണിജ്യ നികുതി ചെക്കുപോസ്റ്റില്‍ ലോറികള്‍ പരിശോധിക്കുന്നില്ല. ഈ സാഹചര്യം മുതലെടുത്താണ് പുറമെ ഉള്ളി ചാക്ക് വെച്ച് സ്‌ഫോടക വസ്തു കൊണ്ടുവന്നതെന്ന് പൊലീസ് കരുതുന്നു. ബത്തേരി സി.ഐ എം.ഡി സുനില്‍, എസ്.ഐ എം.ജെ സണ്ണി, സി.പി.ഒ അനസ്, ബിജു എന്നിവരാണ് പിടികൂടിയത്. വയനാട് എസ്.പി. രാജ്പാല്‍ മീണ ഐ.പി.എസ്, മാനന്തവാടി ഡി.വൈ.എസ്.പിയുടെ ചാര്‍ജുള്ള കുബേരന്‍ നമ്പൂതിരി ഡിവൈ എസ്.പി.മാരായ വിജയന്‍, പി.ഡി. സജീവന്‍ എന്നിവര്‍ സ്ഥലത്തെത്തി. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജറാക്കും.

chandrika: