മുസ്‌ലിം മതവിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ പരാമര്‍ശം നടത്തിയ ഹിന്ദു പുരോഹിതന്‍ യതി നരസിംഹാനന്ദക്കെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തു. മുഹമ്മദ് പെര്‍വായിസ് ഖാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭാരതീയ ന്യായ സംഹിതയിലെ 196 (1), 299, 351 (2), 352 വകുപ്പുകള്‍ പ്രകാരം നമ്പള്ളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞദിവസം ഗാസിയാബാദിലെ ലോഹ്യ നഗറിര്‍ പ്രസംഗത്തിനിടയിലാണ് നരസിംഹാനന്ദ് പ്രവാചക നിന്ദ നടത്തിയത്. ഹിന്ദി ഭവനില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് പരാമര്‍ശം.
ദസറ ദിവസങ്ങളില്‍ കോലം കത്തിക്കുകയാണെങ്കില്‍ മുഹമ്മദ് നബിയുടെ കോലം കത്തിക്കണമെന്ന് നരസിംഹാനന്ദന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടു. പിന്നാലെ യു.പി ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നരസിംഹാനന്ദക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ഹൈദരാബാദിലെ വിവിധയിടങ്ങളില്‍ പ്രതിഷേധങ്ങള്‍ നടന്നു.
മേജര്‍ ആശാറാം വ്യാഗ് സേവാ സന്‍സ്ഥാന്‍ ആസ്ഥാന പുരോഹിതനായി പ്രവര്‍ത്തിക്കുന്ന യതി നരസിംഹാനന്ദ് നേരത്തെയും വിദ്വേഷ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധി നേടിയിരുന്നു. 2022ല്‍ ഹരിദ്വാറില്‍ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ നരസിംഹാനന്ദയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.