X
    Categories: indiaNews

പ്രവാചക നിന്ദ; ബി.ജെ.പി ദേശീയ വക്താവ് നൂപൂര്‍ ശര്‍മക്കെതിരെ കേസ്

മുംബൈ: പ്രവാചകനെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ ബി.ജെ.പി ദേശീയ വക്താവ് നുപൂര്‍ ശര്‍മയ്‌ക്കെതിരെ കേസെടുത്തു. ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ പരാമര്‍ശത്തിലാണ് മുംബൈ പൊലീസിന്റെ നടപടി. സംവാദത്തിനിടെ പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിച്ചു നടത്തിയ പരാമര്‍ശം മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് കാണിച്ചാണ് കേസെടുത്തത്. ദേശീയ ചാനലായ ടൈംസ് നൗവില്‍ കഴിഞ്ഞ ദിവസം ഗ്യാന്‍വാപി മസ്ജിദ് വിഷയവുമായി ബന്ധപ്പെട്ടു നടന്ന വാര്‍ത്താ സംവാദത്തിനിടെയായിരുന്നു നുപൂര്‍ ശര്‍മയുടെ വിവാദ പരാമര്‍ശം.

പ്രവാചകന്‍ മുഹമ്മദ് നബിയെയും പ്രവാചക പത്‌നി യെയും സംബന്ധിച്ച് ചര്‍ച്ചയ്ക്കിടെ ബി.ജെ.പി വക്താവ് നടത്തിയ പരാമര്‍ശം മതവികാരം വ്രണപ്പെടുത്തുന്നതും മതസ്പര്‍ധയുണ്ടാക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി റസാ അക്കാദമി മുംബൈ ഘടകം ജോയിന്റ് സെക്രട്ടറി ഇര്‍ഫാന്‍ ശൈഖ് പൈദോനി ആണ് പൊലീസില്‍ പരാതി നല്‍കിയത്. ഈ പരാതിയിലാണ് മുംബൈ പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295എ(ഏതെങ്കിലും വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള നടപടി), 153എ(വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍) തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് നുപൂര്‍ ശര്‍മയ്‌ക്കെതിരെ കേസെടുത്തത്. പരാമര്‍ശത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമായിരുന്നു.

Chandrika Web: