കോഴിക്കോട്: പ്രവാചക നിന്ദക്ക് കൊടിപിടിക്കുകയും പ്രതിഷേധിക്കുന്നവരുടെ വീടുകള്‍ ബുള്‍ഡോസര്‍കൊണ്ട് തകര്‍ത്തും ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയെ നാണം കെടുത്തുകയും അഗ്‌നിപഥ് എന്ന പദ്ധതി വഴി യുവാക്കളുടെ തൊഴില്‍ സാധ്യതകള്‍ ഇല്ലാതാക്കിയും രാജ്യ സുരക്ഷക്ക് ഭീഷണി വരുത്തുകയും ചെയ്യുന്ന ബിജെപി സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ്ണ നടത്തുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും അറിയിച്ചു.
ഇന്ത്യയെ അപമാനിക്കുന്ന ബിജെപി സര്‍ക്കാരിനെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തി മൂന്ന് മേഖലകളിലായിട്ടാണ് ധര്‍ണ്ണ സമരം സംഘടിപ്പിക്കുക. കോഴിക്കോട് ഇന്‍കംടാക്‌സ് ഓഫീസിന് മുന്നിലും എറണാകുളം റിസര്‍വ്വ് ബാങ്കിന് മുന്നിലും തിരുവനന്തപുരം ഏജീസ് ഓഫീസിന് മുന്നിലുമാണ് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കുക.
ബിജെപി വക്താവ് നുപൂര്‍ ശര്‍മ്മയുടെ പ്രവാചക നിന്ദ പരാമര്‍ശം അത്യന്തം പ്രതിഷേധാര്‍ഹമാണ്. പ്രതിഷേധിച്ചവരുടെ വീടുകള്‍ തകര്‍ത്തത് ഫാസിസവുമാണ്. പ്രതിഷേധിക്കുന്നവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന നടപടികള്‍ ബിജെപി സര്‍ക്കാര്‍ ഇപ്പോഴും തുടരുന്നു. ലോക വേദികളില്‍ ഇന്ത്യയെ നാണം കെടുത്തുന്ന ഇത്തരം നടപടികളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണം. അഗ്നിപഥ് എന്ന പദ്ധതി ആര്‍എസ്എസ് ഗൂഡാലോചനയും രാജ്യസുരക്ഷയ്ക്ക് ഭംഗം വരുത്തുന്നതുമാണെന്ന ആരോപണം വളരെ ഗൗരവമുള്ളതാണ്. ഒട്ടേറെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഈ നിഗൂഢ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്ന് നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. ധര്‍ണ്ണ സമരം വിജയിപ്പിക്കാന്‍ നേതാക്കള്‍ ആഹ്വാനം ചെയ്തു.