സുഫ്‌യാന്‍ അബ്ദുസ്സലാം
ബി.ജെ.പി ഭരിക്കുന്ന ഇന്ത്യയില്‍ പ്രവാചക നിന്ദ ചര്‍ച്ചയാവുകയാണ്. ലോക ജനത ആദരിക്കുന്ന മഹാവ്യക്തിത്വത്തിനെതിരെ വൃത്തിഹീനമായ അധിക്ഷേപങ്ങള്‍ അന്യമതദ്വേഷം ഔദ്യോഗിക നയമായി പ്രഖ്യാപിച്ച പാര്‍ട്ടിയില്‍ നിന്നും ഏതുസമയത്തും പ്രതീക്ഷിച്ചിരുന്നതാണ്. അധികാരത്തിലെത്തിയ നാള്‍ തൊട്ട് മുസ്‌ലിം ന്യൂനപക്ഷത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്ന ബി.ജെ.പിയും അതിന്റെ ഔദ്യോഗിക വക്താക്കളും പ്രവാചകാധിക്ഷേപത്തിലൂടെ ലോക രാജ്യങ്ങള്‍ക്ക് മുമ്പില്‍ പ്രതിക്കൂട്ടില്‍ കയറിയിരിക്കുകയാണ്. വിവിധ മതങ്ങളോടും അവയുടെ ആചാര്യന്മാരോടുമുള്ള ഇന്ത്യയുടെ പരമ്പരാഗതവും ഔദ്യോഗികവുമായ നിലപാട് ബഹുമാനവും ആദരവും മാത്രമാണെന്നത് ലോകം അനുഭവിച്ചറിഞ്ഞതാണ്. വിവിധ മതങ്ങളും അവയുടെ പ്രവാചകന്മാരും ലോകത്തിന്റെ നന്മക്ക് വേണ്ടി പ്രവര്‍ത്തിച്ച മഹാരഥന്മാരാണ് എന്ന കാഴ്ചപ്പാടാണ് ഇന്ത്യ വച്ചുപുലര്‍ത്തുന്നത്. എന്നാല്‍ 2014 മുതല്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയും അതിന് നേതൃത്വം കൊടുക്കുന്നവരും രാജ്യത്തിന്റെ യശസ്സിന് കളങ്കം ചാര്‍ത്തിക്കൊണ്ടും രാജ്യത്തെ പ്രതിക്കൂട്ടിലാക്കിക്കൊണ്ടുമുള്ള നിലപാടാണ് സ്വീകരിച്ചുവരുന്നത്.
1988 സെപ്തംബര്‍ 26 ന് ആയിരുന്നു യു.കെയില്‍ വെച്ച് സല്‍മാന്‍ റുഷ്ദിയുടെ ‘സാത്താനിക് വേഴ്‌സസ്’ (ചെകുത്താന്റെ വചനങ്ങള്‍) പ്രകാശിതമായത്. പ്രവാചകന്‍ മുഹമ്മദ് (സ) യെയും അദ്ദേഹത്തിന്റെ കുടുംബങ്ങളെയും ഇടിച്ചുതാഴ്ത്തുന്ന രൂപത്തിലുള്ള പരാമര്‍ശങ്ങള്‍ അടങ്ങിയ പുസ്തകം ലോകമൊട്ടുക്കും ചര്‍ച്ചയായി. മുസ്‌ലിംലീഗ് നേതാക്കളായ ഇബ്രാഹിം സുലൈമാന്‍ സേട്ട്, ജി.എം ബനാത്ത് വാല, കോണ്‍ഗ്രസ് നേതാക്കളായ സല്‍മാന്‍ ഖുര്‍ഷിദ്, ഖുര്‍ഷിദ് ആലം ഖാന്‍, ജനതാദള്‍ നേതാവ് സയ്യിദ് ശഹാബുദ്ദീന്‍ തുടങ്ങിയവര്‍ പുസ്തകത്തിലെ ഉള്ളടക്കത്തെ കുറിച്ചും അതിനെ കുറിച്ചുള്ള മതനിരപേക്ഷ സമൂഹത്തിന്റെ ആശങ്കയെ കുറിച്ചും പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ ധരിപ്പിച്ചു. രാജ്യത്തിന്റെ പൈതൃകത്തെ കുറിച്ച് കൂടുതല്‍ ബോധ്യമുള്ള രാജീവ് ഒമ്പത് ദിവസങ്ങള്‍ക്കുള്ളില്‍ 1988 ഒക്ടോബര്‍ 5 ന് പുസ്തകം ഇന്ത്യയില്‍ നിരോധിക്കുകയും ചെയ്തു. മുസ്‌ലിംകളുടെ പ്രവാചകനായ മുഹമ്മദ് നബിയുടെ കാര്യത്തില്‍ മാത്രമല്ല, ലോകം ആദരിക്കുന്ന മുഴുവന്‍ മത ദാര്‍ശനികരുടെയും കാര്യത്തിലുള്ള ഇന്ത്യയുടെ നയമാണ് രാജീവ് ഗാന്ധി അന്ന് നടപ്പാക്കിയത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറവില്‍ ആര്‍ക്കും ആരെക്കുറിച്ചും എന്തും എഴുതുകയും വരക്കുകയും ചെയ്യാമെന്ന ആശയം പ്രാകൃതമാണ്. ആധുനിക സാംസ്‌കാരിക സമൂഹത്തിന് അത് ഒട്ടും ചേര്‍ന്നതല്ല എന്ന നിലപാടാണ് ഇന്ത്യ അംഗീകരിച്ചുവന്നിരുന്നത്.
സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ മതനിന്ദയുടെ കാര്യത്തില്‍ ഇന്ത്യന്‍ ജനത നിലപാട് സ്വീകരിച്ചിട്ടുണ്ട്. 1924 ല്‍ ‘റംഗീല റസൂല്‍’ എന്ന പേരില്‍ രചിക്കപ്പെട്ട പുസ്തകം പ്രവാചകനെയും അദ്ദേഹത്തിന്റെ പത്‌നിമാരെയും ആക്ഷേപിച്ചുകൊണ്ട് പുറത്തിറങ്ങിയതായിരുന്നു. ആദ്യകാലങ്ങളില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടില്ലെങ്കിലും പിന്നീട് പുസ്തകം ഹിന്ദു മുസ്‌ലിം സംഘട്ടനങ്ങളിലേക്ക് വഴി തെളിയിച്ചു. ബ്രിട്ടീഷ് ഇന്ത്യന്‍ അധികാരികള്‍ 1927ല്‍ പുസ്തകം നിരോധിക്കുകയും പ്രസാധകനായ മഹാഷെ രാജ്പാലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പഞ്ചാബ് കോടതി പിന്നീട് കുറ്റവിമുക്തനാക്കിയെങ്കിലും പ്രസിദ്ധീകരണത്തെ കുറിച്ച് കോടതി ‘മതവികാരത്തെ വ്രണപ്പെടുത്തുന്ന ക്ഷുദ്രകൃതി’ എന്നാണ് പരാമര്‍ശിച്ചത്. ഈ സംഭവത്തെ തുടര്‍ന്നാണ് ഇന്ത്യന്‍ പീനല്‍ കോഡില്‍ സുപ്രസിദ്ധമായ 295 ാം വകുപ്പ് രംഗപ്രവേശനം ചെയ്യുന്നത്. പ്രസ്തുത വകുപ്പിന്റെ വിശദീകരണം ഇങ്ങനെയാണ്: ‘ഇന്ത്യയിലെ പൗരന്മാരുടെ ഏതെങ്കിലും വിഭാഗത്തിന്റെ മതവികാരങ്ങളെ പ്രകോപിപ്പിക്കാനുള്ള ബോധപൂര്‍വവും ക്ഷുദ്രവുമായ ഉദ്ദേശ്യത്തോടെ വാക്കുകളിലൂടെയോ എഴുത്തിലൂടെയോ അടയാളങ്ങളിലൂടെയോ പ്രവര്‍ത്തിച്ചാല്‍ മൂന്ന് വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷയായി അനുഭവിക്കേണ്ടിവരും.’
ഇന്ത്യന്‍ ശിക്ഷാനിയമങ്ങള്‍ സുപ്രധാന വകുപ്പുകള്‍ രചിക്കപ്പെടുന്നതില്‍ പോലും മതനിന്ദ കാരണമായിട്ടുണ്ട് എന്ന ചരിത്രമാണ് ഇത് വ്യക്തമാക്കുന്നത്. ഇന്ത്യ സ്വതന്ത്രമാകുന്നതിന് മുമ്പ് തന്നെ ഇത്രയും ഉന്നതമായ കാഴ്ചപ്പാടുകള്‍ രൂപപ്പെട്ടിട്ടുണ്ട് എന്നര്‍ഥം. ഇത് കേവലം ബ്രിട്ടീഷുകാരുടെ സൃഷ്ടിയായി ആരും വ്യാഖ്യാനിക്കേണ്ടതില്ല. ‘റംഗീല റസൂല്‍’ എന്ന ക്ഷുദ്രകൃതിയെ കുറിച്ച് മഹാത്മജി യംഗ് ഇന്ത്യയില്‍ എഴുതിയത് മത നിന്ദകളോടുള്ള ഇന്ത്യന്‍ നിലപാടും സംസ്‌കാരവുമാണ് വ്യക്തമാക്കുന്നത്. മഹാത്മജി എഴുതി: ‘ഉര്‍ദുവില്‍ രചിക്കപ്പെട്ട റംഗീല റസൂല്‍ ഒരു സുഹൃത്ത് എനിക്ക് അയച്ചുതരികയുണ്ടായി. അതിന്റെ തലക്കെട്ട് പോലും അരോചകമായിട്ടാണ് അനുഭവപ്പെട്ടത്. തലക്കെട്ടിന് ചേര്‍ന്ന ഉള്ളടക്കമാണ് ലഘുലേഖയില്‍ കണ്ടത്. ഇങ്ങനെയൊരു ലഘുലേഖ എഴുതുകയോ അച്ചടിക്കുകയോ ചെയ്യുന്നത് മതവികാരങ്ങളെ ആളിക്കത്തിക്കാന്‍ വേണ്ടിയല്ലാതെ മറ്റൊന്നിനുമല്ല എന്നാണ് എന്റെ ഉത്തമബോധ്യം. പ്രവാചകനെ അധിക്ഷേപിച്ച് കൊണ്ട് എഴുതുകയും കാരിക്കേച്ചറുകള്‍ വരക്കുന്നതും കൊണ്ട് ഒരു മുസല്‍മാന്റെ വിശ്വാസത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ഒരു ഹിന്ദുവിനും ഇങ്ങനെയുള്ള കൃതികള്‍ ഒരു ഗുണവും ചെയ്യില്ല’ (യംഗ് ഇന്ത്യന്‍ ജൂണ്‍ 1924).
ആശയപരമായ വ്യത്യാസങ്ങള്‍ ഉള്ളപ്പോള്‍ തന്നെ മുഹമ്മദ് നബിയുടെ വ്യക്തിത്വത്തെ രാഷ്ട്രശില്‍പികള്‍ ആരും തന്നെ അപകീര്‍ത്തിപ്പെടുത്തിയതായി കാണാന്‍ കഴിയില്ല. മറിച്ച് അദ്ദേഹത്തിന്റെ അപദാനങ്ങളെ വാഴ്ത്തിയ ചരിത്രം മാത്രമാണുള്ളത്. രാഷ്ട്രപിതാവിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: ‘ദൈവഭയമുള്ള ഒരു സത്യാന്വേഷിയായിരുന്നു പ്രവാചകന്‍ മുഹമ്മദ്. അന്ത്യമില്ലാത്ത പീഡനങ്ങള്‍ അദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടി വന്നു. ദൈവത്തെ മാത്രം ഭയപ്പെട്ടിരുന്ന അദ്ദേഹം ധൈര്യശാലിയായിരുന്നു. പറയുന്നത് പ്രാവര്‍ത്തികമാക്കിയിരുന്ന അദ്ദേഹം വ്യക്തിജീവിതത്തില്‍ വിശുദ്ധി കാത്തുസൂക്ഷിച്ചു. വമ്പിച്ച ധനാഢ്യനായി സുഭിക്ഷമായി ജീവിക്കുവാന്‍ സാധിക്കുമായിരുന്നു പ്രവാചകന്‍ ഒരു ‘ഫകീര്‍’ ആയി ജീവിച്ചു മാതൃക കാണിച്ചു’ (1934 ലെ അഹമ്മദാബാദ് പ്രസംഗത്തില്‍ നിന്ന്). പണ്ഡിറ്റ് നെഹ്‌റു പറയുന്നു: ‘അതേവരെ ചരിത്രത്തില്‍ ഗണ്യമായ ഒരു പങ്ക് വഹിച്ചിട്ടില്ലാത്തവരും അറേബ്യയിലെ മണല്‍ക്കാടുകള്‍ ജന്മഗേഹമായിട്ടുള്ളവരുമായ ഒരു ജനതയുടെ ഈ ജൈത്രയാത്ര ഏറ്റവും വിസ്മയകരമായിരിക്കുന്നു. തങ്ങളുടെ പ്രവാചകന്റെയും അദ്ദേഹം നല്‍കിയ മനുഷ്യസാഹോദര്യമാവുന്ന സന്ദേശത്തിന്റെയും അദമ്യവും വിപ്ലവകരവുമായ സ്വഭാവത്തില്‍ നിന്നാവണം അവര്‍ക്ക് ഈ വമ്പിച്ച ചൈതന്യമത്രയും കിട്ടിയത്’ (ഇന്ത്യയെ കണ്ടെത്തല്‍, പേജ് 270).
സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍: ‘അതാ വരുന്നു; സമത്വത്തിന്റെ സന്ദേശ വാഹകനായ മുഹമ്മദ്. നിങ്ങള്‍ ചോദിക്കുന്നു:’ അദ്ദേഹത്തിന്റെ മതത്തില്‍ എന്തു നന്മായാണുണ്ടാവുക?’ നന്മായില്ലെങ്കില്‍ അതെങ്ങനെ നിലനില്‍ക്കുന്നു? സമത്വത്തിന്റെ, മാനവ സാഹോദര്യത്തിന്റെ, സര്‍വ മുസ്‌ലിം സാഹോദര്യത്തിന്റെ പ്രവാചകനായിരുന്നു മുഹമ്മദ്.’ (വിവേകാനന്ദ സാഹിത്യ സര്‍വസ്വം, പേജ് 58). ആനി ബസന്റ് പറയുന്നു: ‘പ്രവാചകന്‍ മുഹമ്മദിന്റെ ജീവിതവും സ്വഭാവവും പഠിക്കുന്ന ആര്‍ക്കും ദൈവത്തിന്റെ മഹത്തായ ദൂതന്മാരില്‍ ഒരാളായ അദ്ദേഹത്തോട് ബഹുമാനമല്ലാതെ മറ്റൊന്നും തോന്നുക അസാധ്യമാണ്. വീണ്ടും വീണ്ടും അദ്ദേഹത്തെ കുറിച്ച് വായിക്കുമ്പോഴെല്ലാം മുഹമ്മദ് എന്ന മഹാനായ അധ്യാപകനോടുള്ള ആദരവും ബഹുമാനവും വര്‍ധിക്കുകയാണ് ചെയ്യുന്നത്’ (മുഹമ്മദ് നബി ജീവിതവും സന്ദേശവും 1932). ഇന്ത്യ കണ്ട മഹാപ്രതിഭകളില്‍ ചിലരുടെ ഉദ്ധരണികള്‍ മാത്രമാണ് മുകളില്‍ നല്‍കിയത്. രാജ്യം മതനിരപേക്ഷതയില്‍ ഉറച്ചുനിന്ന് മുമ്പോട്ട്‌പോയ നാളുകളില്‍ ഇന്ത്യയുടെ നിലപാടായി ലോകം മനസിലാക്കി വന്നതും ഇതായിരുന്നു. എന്നാല്‍ സംഘ്പരിവാറിന്റെ പിടിയില്‍ രാജ്യം അമര്‍ന്നതോടെ ലോക സമൂഹങ്ങള്‍ക്ക് മുമ്പില്‍ നാണം കെട്ട് ഇന്ത്യക്ക് തല താഴ്‌ത്തേണ്ടി വന്നിരിക്കുകയാണ്. സല്‍മാന്‍ റുഷ്ദിയുടെ പുസ്തകം ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്നത് പോലും നിരോധിച്ചുകൊണ്ട് ലോകത്തിന് മാതൃകയായി അന്ന് രാജീവ് ഗാന്ധി പ്രവര്‍ത്തിച്ചുവെങ്കില്‍ ഇന്ന് പ്രവാചകനിന്ദ ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യപ്പെടുന്ന അവസ്ഥയിലേക്ക് അധഃപതിച്ചിരിക്കുകയാണ്. രാജീവിന്റെ പുത്രന്‍ രാഹുല്‍ ലോകത്തോട് വിളിച്ചു പറഞ്ഞത് ഇത് തന്നെയാണ്. ‘ബി.ജെ. പി സര്‍ക്കാര്‍ ലോകത്തിന് മുമ്പില്‍ ഇന്ത്യയെ അപമാനിച്ചിരിക്കുന്നു.’
പ്രവാചകന്റെ വ്യക്തിത്വത്തെ ഇടിച്ചുതാഴ്ത്താന്‍ ഇങ്ങനെ പലരും ശ്രമിക്കുമ്പോഴും നിഷ്പക്ഷമായ പഠനങ്ങള്‍ നടത്തി ലോകത്തോട് സത്യം വിളിച്ചു പറഞ്ഞവരും ഉണ്ടായിട്ടുണ്ട്. ലോകജനതയില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിക്കപ്പെട്ട വ്യക്തികളെ കുറിച്ച് മൈക്കിള്‍ ഹാര്‍ട്ട് The 100: A Ranking of the Most Influential Persons in History എന്ന പുസ്തകം രചിച്ചപ്പോള്‍ മുഹമ്മദ് നബിയെയായിരുന്നു അദ്ദേഹം ഒന്നാമനായി കണ്ടത്. അതിനദ്ദേഹം പറഞ്ഞ കാരണം ഇങ്ങനെയായിരുന്നു; ‘ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ പട്ടികയില്‍ ഒന്നാമനായി ഞാന്‍ മുഹമ്മദ് നബിയെ തിരഞ്ഞെടുത്തത് ചില വായനക്കാരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ചരിത്രത്തില്‍ മതപരവും മതേതരവുമായ തലങ്ങളില്‍ പരമോന്നത വിജയം നേടിയ ഒരേയൊരു വ്യക്തി അദ്ദേഹം മാത്രമായിരുന്നു എന്നെനിക്ക് നിസംശയം പറയാന്‍ സാധിക്കും.’
മഹാകവി വള്ളത്തോള്‍ മുഹമ്മദ് നബിയെ കുറിച്ച് വര്‍ണിച്ചത് എന്തുമാത്രം മനോഹരമാണ്! ‘അഹര്‍മുഖപ്പൊന്‍കതിര്‍പോലെ പോന്നവന്‍ മുഹമ്മദപ്പേരിനിതാ, നമശ്ശതം!’