മുംബൈ: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിനു പിന്നാലെ മഹാരാഷ്ട്രയില്‍ ബിജെപി മന്ത്രിയുടെ ഉടമസ്ഥതയിലുള്ള വാഹനത്തില്‍ നിന്ന് 91 ലക്ഷം രൂപ പിടികൂടി. തെക്കന്‍ സോളാപൂര്‍ നിയോജകമണ്ഡലത്തിലെ എംഎല്‍എ സുഭാഷ് ദേശ്മുഖിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിലാണ് ഇത്രയും ഭീമമായ തുക പിടിച്ചെടുത്തത്. മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലോകമംഗള്‍ ഗ്രൂപ്പിന്റെ വാഹനത്തില്‍ ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് കള്ളപ്പണം പിടിച്ചെടുത്തത്. സംഭവത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ മന്ത്രിയോട് വിശദീകരണം ആവശ്യപ്പെട്ടു. 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് കമ്മീഷന്‍ നിര്‍ദേശം.
സുഭാഷ് ദേശ്മുഖിന്റെ ധന ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ദേശ്മുഖ് കള്ളപ്പണം കൈവശംവെച്ചതായി തെളിഞ്ഞിരിക്കുകയാണെന്നും മന്ത്രിയുടെ സ്വത്തു വിവരങ്ങള്‍ അന്വേഷിച്ചാല്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു.
നോട്ടു പിന്‍വലിക്കല്‍ സംബന്ധിച്ച് ബിജെപി നേതാക്കള്‍ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നതായി കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ സാവന്ത് ആരോപിച്ചു. മഹാരാഷ്ട്ര ബിജെപി എംഎല്‍എയുടെ സഹോദരന്റെ പക്കല്‍ നിന്ന് അസാധുവാക്കപ്പെട്ട ആറു കോടിയുടെ നോട്ടുകള്‍ കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു.