X
    Categories: Culture

മന്ത്രവാദത്തില്‍നിന്ന് തെറാപ്പിയിലേക്ക്; സ്വപ്‌നങ്ങള്‍ നെയ്ത് ഉമ്മുസല്‍മ

കാരുണ്യതീരം ഫിസിയോ തെറാപ്പി യൂണിറ്റില്‍ പിതാവ് സലീമിനൊപ്പം ഉമ്മുസല്‍മ.

താമരശ്ശേരി: കൂട്ടുകാരെല്ലാം തങ്ങളുടെ കൈകള്‍ ഉപയോഗിച്ച് എല്ലാം ചെയ്യുന്നത് കാണുമ്പോള്‍ അഞ്ചുവയസ്സുകാരിയായ ഉമ്മുസല്‍മക്ക് സങ്കടം വരും. ജന്‍മനാ വലതുകൈക്ക് സ്വാധീനക്കുറവുള്ളതിനാല്‍ കൂട്ടുകാരോടൊപ്പം കളിക്കുമ്പോഴും മറ്റും അവള്‍ക്ക് പരിമിതികളേറെയാണ്. കാരുണ്യതീരം ക്യാമ്പസില്‍ നിന്ന് ഇപ്പോള്‍ ഫിസിയോതെറാപ്പി ലഭിക്കുന്നതോടെ പിതാവ് സലീമിനേക്കാളും സന്തോഷം അവള്‍ക്കാണ്. പരിമിതികള്‍ മറികടന്ന് കൂട്ടുകാരെ പോലെ താനും ഒരുനാള്‍ പാറിനടക്കുമെന്നവള്‍ സ്വപ്‌നങ്ങള്‍ നെയ്യുന്നു. ആസ്സാമില്‍ നിന്നുള്ള മുഹമ്മദ് സലീം മിയ വെക്കേഷന്‍ സമയത്ത് കുടുംബത്തോടൊപ്പം കേരളത്തിലെത്തിയതാണ്. കോളിക്കല്‍ കയ്യൊടിയന്‍പാറ ഭാഗത്ത് അടക്ക പൊതിക്കുന്ന ജോലിയിലേര്‍പ്പെട്ടുകൊണ്ടിരിക്കെ പ്രദേശവാസികളാണ് മകളുടെ ചികിത്സക്കായി കാരുണ്യതീരത്തിലേക്കയച്ചത്. ഇവിടെ പ്രവര്‍ത്തിക്കുന്ന ഫിസിയോ തെറാപ്പി സെന്ററില്‍ വെച്ച് ഇവര്‍ക്ക് ചികിത്സയാരംഭിച്ചു. ഫിസിയോതെറാപ്പിസ്റ്റ് ജിഷ്ണു ഇവര്‍ക്കാവശ്യമായ തെറാപ്പികള്‍ ചെയ്തു തുടങ്ങി. ശരിയായ ചികിത്സ ആരംഭിച്ചതോടെ മാറ്റങ്ങള്‍ കണ്ടു തുടങ്ങി. ആസ്സാമില്‍ വെച്ച് മന്ത്രവാദ ചികിത്സ നടത്തിയിരുന്നുവെന്നും ഫലം കണ്ടില്ലെന്നും ഇവര്‍ തെറാപ്പിസ്റ്റിനോട് പറഞ്ഞു. കട്ടിപ്പാറ പഞ്ചായത്തിലെ കോളിക്കല്‍ കയ്യൊടിയന്‍പാറയില്‍ ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കാരുണ്യതീരം ക്യാമ്പസില്‍ സ്‌പെഷ്യല്‍ സ്‌കൂളിനൊപ്പം സ്പീച്ച്, ഒക്യുപേഷന്‍, ഫിസിയോ തെറാപ്പി യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇവര്‍ക്കാവശ്യമായ തെറാപ്പി പൂര്‍ണ്ണമായും സൗജന്യമായി കാരുണ്യതീരം ചെയ്തു കൊടുക്കുമെന്ന് ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ ജന.സെക്രട്ടറി സി.കെ.എ ഷമീര്‍ബാവ പറഞ്ഞു.

chandrika: