കുപ്പിയില്‍ നിറച്ച ‘കൂടോത്രം’ പൊലീസിനെ ഏല്‍പിച്ച് കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരന്‍. കുപ്പിയിലാക്കിയ നിലയില്‍ ചെമ്പു തകിടുകളും ചെറുശൂലങ്ങളും വെള്ളാരങ്കല്ലുകളുമാണു സുധീരനു ലഭിച്ചത്. ഇത് ഒന്‍പതാം തവണയാണു വീട്ടുവളപ്പില്‍നിന്ന് ഇത്തരത്തില്‍ കുപ്പിയിലെ തകിടും മറ്റും ലഭിക്കുന്നതെന്നു സമൂഹമാധ്യമത്തിലെ കുറിപ്പില്‍ സുധീരന്‍ വ്യക്തമാക്കി. അതിനാലാണു പൊലീസിനെ വിവരമറിയിച്ചതും. ഈ പരിഷ്‌കൃത കാലത്തും ഇത്തരം വേലത്തരങ്ങളുമായി നടക്കുന്നവരെയോര്‍ത്തു സഹതാപം മാത്രമേയുള്ളൂവെന്നും സുധീരന്‍ കുറിച്ചു.
സമൂഹമാധ്യമത്തിലെ പോസ്റ്റില്‍ നിന്ന്:
ഇന്നു രാവിലെ വീടിനോടു ചേര്‍ന്നുള്ള ഗാര്‍ഡനിലെ ഒരു വാഴച്ചുവട്ടില്‍ നിന്നും ലഭിച്ച കുപ്പിയില്‍ അടക്കംചെയ്ത വസ്തുക്കളാണ് ഇതെല്ലാം കണ്ണ്, കൈകള്‍, കാലുകള്‍, ആള്‍രൂപം, ശൂലങ്ങള്‍, ഏതോ ലിഖിതമുള്ള ചെമ്പ് തകിടുകള്‍, വെള്ളക്കല്ലുകള്‍…
ഒന്‍പതാം തവണയാണ് ഇതുപോലെയുള്ളത് കണ്ടെത്തുന്നത്. മുന്‍പൊക്കെ മറ്റു പല രൂപങ്ങളിലായിരുന്നു.
നേരത്തേയുള്ളതുപോലെത്തന്നെ ഇതെല്ലാം ഒരു പാഴ്‌വേലയായിട്ടാണ് ഇപ്പോഴും കാണുന്നത്. തുടര്‍ച്ചയായി വന്നതുകൊണ്ടാണ് ഇത്തവണ ഇത് എല്ലാവരെയും അറിയിക്കണമെന്നു തോന്നിയത്. ഈ വസ്തുക്കളെല്ലാം മെഡിക്കല്‍ കോളജ് പൊലീസിനെ ഏല്‍പിക്കുകയും ചെയ്തു.
ഈ പരിഷ്‌കൃത കാലത്തും ഇത്തരം വേലത്തരങ്ങളുമായി ഇറങ്ങിത്തിരിക്കുന്നവരെ കുറിച്ച് നമുക്ക് സഹതപിക്കാം…