X
    Categories: indiaNews

രാജസ്ഥാനില്‍ ബ്ലാക്ക് ഫംഗസ് ബാധ വര്‍ധിക്കുന്നു; സംസ്ഥാന സര്‍ക്കാര്‍ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചു

ജയ്പുര്‍: രാജസ്ഥാനില്‍ ബ്ലാക്ക് ഫംഗസ് ബാധ വര്‍ധിക്കുന്നു. ഇതോടെ ബ്ലാക്ക് ഫംഗസിനെ സര്‍ക്കാര്‍ ബുധനാഴ്ച പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചു. 2020 ലെ രാജസ്ഥാന്‍ എപ്പിഡമിക് ആക്ട് പ്രകാരമാണ് പ്രഖ്യാപനം നടത്തിയത്. സംസ്ഥാന ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അഖില്‍ അറോറ ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

രാജ്യത്ത് കോവിഡിന്റെ രണ്ടാംഘട്ട വ്യാപനം ഉണ്ടായതിന് പിന്നാലെ ബ്ലാക്ക് ഫംഗസ് ബാധയും പലസ്ഥലത്തുനിന്നും റിപ്പോര്‍ട്ടു ചെയ്തത് ആശങ്ക സൃഷ്ടിച്ചിരുന്നു. കോവിഡ് ബാധ ഭേദമായവരിലും രോഗം ഭേദപ്പെട്ടുവരുന്നവരിലുമാണ് രാജ്യത്തിന്റെ പലഭാഗത്തും ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തിയത്. വായുവിലുള്ള മ്യൂക്കോമൈസെറ്റിസ് എന്ന ഫംഗസ് ആണ് രോഗബാധയുണ്ടാക്കുന്നത്. വായു, മണ്ണ്, ഭക്ഷണം എന്നിവയിലൊക്കെ ഈ ഫംഗസ് ഉണ്ടാകാം. എന്നാല്‍ പൊതുവേ ഇത് മാരകമായ ഒന്നല്ല.

കോവിഡ് ബാധിതര്‍, പ്രമേഹ രോഗികള്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ തുടങ്ങിയവരില്‍ ഫംഗസ് ബാധയ്ക്ക് സാധ്യത കൂടുതലുണ്ട്. കോവിഡ് ബാധിതരില്‍ ബ്ലാക്ക് ഫംഗസ് വലിയതോതില്‍ കാണപ്പെടുന്നതായി എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

 

Test User: