കൊച്ചി: കോവിഡ് രോഗികളും രോഗം ഭേദമായവരിലും കണ്ടുവരുന്ന ബ്ലാക്ക് ഫംഗസ് ബാധ കേരളത്തിലും. മഹാരാഷ്ട്രയിലും ഗുജറാത്തിലും മറ്റും കാണുന്ന പ്രത്യേക ഫംഗല്‍ ഇന്‍ഫെക്ഷന്‍ അപൂര്‍വമായി കേരളത്തിലും ദൃശ്യമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറ!ഞ്ഞു.
തലവേദന, പനി, കണ്ണിനു താഴെയുള്ള വേദന, മൂക്കൊലിപ്പ് കാഴ്ചക്കുറവ് എന്നിവ ബ്ലാക്ക് ഫംഗസ് ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. ഫംഗസ് അണുബാധ മൂക്ക്, കണ്ണുകള്‍ എന്നിവയിലൂടെ പടര്‍ന്ന് തലച്ചോറിലെത്തിയാണ് മരണകാരിയാകുന്നത്. പ്രമേഹ രോഗികളിലും രക്തത്തില്‍ ഇരുമ്പിന്റെ അളവ് കൂടുതലുള്ളവരിലുമാണ് ബ്ലാക്ക് ഫംഗസ് (മ്യൂക്കര്‍മൈക്കോസിസ്) കൂടുതലായും കാണപ്പെടുന്നത്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും ഇതര രോഗാവസ്ഥകള്‍ ഉള്ളവര്‍ക്കും രോഗം പിടിപെടാന്‍ സാധ്യതയുണ്ട്.
കോവിഡ് വരുന്നതിന് മുമ്പും ഇത്തരത്തിലുള്ള ഫംഗസ് ബാധ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ സംസ്ഥാന മെഡിക്കല്‍ ബോര്‍ഡ് കൂടുതല്‍ സാമ്പിളുകളെടുത്ത് പരിശോധിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.