കോവിഡ് മുക്തര്‍ക്ക് വെല്ലുവിളിയായി മ്യൂക്കര്‍മൈക്കോസിസ് ഫംഗസ് ബാധ (ബ്ലാക്ക് ഫംഗസ്). നിസ്സാരമായി അവഗണിച്ചാല്‍ മരണകാരണമായേക്കാമെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ മുന്നറിയിപ്പ്.
മ്യൂക്കര്‍മൈക്കോസിസ് ബാധ പുതുതല്ലെങ്കിലും കോവിഡ് രോഗികളില്‍ തുടരെ റിപ്പോര്‍ട്ട് ചെയ്യുന്നതാണു പുതിയ വെല്ലുവിളി. മറ്റു പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കായി മരുന്നു കഴിക്കുന്നവരില്‍ പ്രതിരോധശേഷിയില്‍ കുറവുണ്ടാകാം. ഈ അവസരം മുതലാക്കുന്ന ഫംഗസ് ബാധകളിലൊന്നാണ് മ്യൂക്കര്‍മൈക്കോസിസ്. തലയോട്ടിക്കുള്ളിലെ അറകളെയോ ശ്വാസകോശത്തെയോ ഫംഗസ് പ്രതികൂലമായി ബാധിക്കാം.
ലക്ഷണങ്ങള്‍ പരിശോധിക്കാം
കണ്ണ്, മൂക്ക് എന്നിവയ്ക്കു ചുറ്റും ചുവന്നിരിക്കുന്നതും വേദനയും. പനി, തലവേദന, ചുമ, ശ്വാസംമുട്ടല്‍, രക്തം ഛര്‍ദിക്കല്‍, മാനസിക നിലയില്‍ മാറ്റമുണ്ടാകുക തുടങ്ങിയവ അനുബന്ധമായി വരാം.
എപ്പോള്‍ സംശയിക്കാം
മൂക്കടഞ്ഞിരിക്കുകയോ തടസ്സം തോന്നുകയോ ചെയ്യുക, മൂക്കില്‍ നിന്നു കറുപ്പു നിറത്തിലുള്ളതോ രക്തം കലര്‍ന്നതോ ആയ സ്രവം, മുഖത്തിന്റെ ഒരു ഭാഗത്തു വേദന, തരിപ്പ്, വീക്കം എന്നിവ അനുഭവപ്പെടുക, അണ്ണാക്ക്, മൂക്കിന്റെ പാലം എന്നിവയില്‍ കറുപ്പുകലര്‍ന്ന നിറവ്യത്യാസം, പല്ലുവേദന, പല്ല് കൊഴിയല്‍, താടിയെല്ലിനു വേദന, മങ്ങിയ കാഴ്ച, പനി, തൊലിപ്പുറത്ത് ക്ഷതം, നെഞ്ചുവേദന, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവ.