തിരുവനന്തപുരം: കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ എം.എല്‍.എയുമായ ജോര്‍ജ് എം. തോമസിന്റെ ‘ലൗ ജിഹാദ്’ പരാമര്‍ശം വിവാദമായിരിക്കെ വിശദീകരണം തേടാനൊരുങ്ങി സി.പി.എം. പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം ആവശ്യപ്പെട്ടതോടെയാണ് സംസ്ഥാന നേതൃത്വം ഇതേക്കുറിച്ച് ആലോചിക്കുന്നത്.
നാക്കുപിഴയെന്ന് ലഘൂകരിക്കാനാവില്ലെന്നും സംഘപരിവാര്‍ ഭാഷ ഒരു സി.പി.എം നേതാവില്‍ നിന്ന് ഉണ്ടാകരുതെന്നുമാണ് പര്‍ട്ടിയിലെ പൊതുവികാരം. രാജ്യത്താകെ മുസ്‌ലിംകളെ ആക്രമിക്കാനുള്ള ആയുധമായാണ് ‘ലൗ ജിഹാദ്’ പ്രയോഗം ഉപയോഗിക്കുന്നത്. ഇത് കേരളത്തിലും ആര്‍.എസ്.എസ് വിവിധ സാഹചര്യങ്ങളില്‍ പ്രയോഗിക്കുന്നുണ്ട്.
ഒരു മുതിര്‍ന്ന സി.പി.എം നേതാവില്‍ നിന്ന് സംഘപരിവാര്‍ ശബ്ദമുണ്ടായത് മുസ്‌ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിയുമായി അകലാന്‍ ഇടയാക്കുമെന്നാണ് വിലയിരുത്തല്‍. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് കണ്ണൂരിലാണ്. ഞായറാഴ്ച കോടിയേരി തിരുവനന്തപുരത്ത് എത്തിയ ശേഷം സംസ്ഥാന സെക്രട്ടറിയേറ്റ് ചേര്‍ന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റിനോട് വിശദീകരണം തേടുമെന്നറിയുന്നു. കേരളത്തില്‍ ലൗ ജിഹാദ് യാഥാര്‍ത്ഥ്യമാണെന്നും വിദ്യാസമ്പന്നരായ യുവതികളെ മതംമാറ്റാന്‍ ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമായിരുന്നു ജോര്‍ജ് പറഞ്ഞത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ ബി.ജെ.പിക്കെതിരായ ദേശീയ സഖ്യത്തില്‍ കോണ്‍ഗ്രസുമായി ബന്ധം വേണ്ടെന്ന് തീരുമാനിച്ചതിന് പിന്നാലെയാണ് പരാമര്‍ശമുണ്ടായത്.
രാജ്യത്തെ മുഴുവന്‍ ഇടതുപാര്‍ട്ടികള്‍ ഒരുമിച്ചാല്‍ പോലും ബി.ജെ.പിയെ ചെറുക്കാനുള്ള കരുത്ത് ഇല്ലെന്നിരിക്കെ കോണ്‍ഗ്രസുമായി കൂട്ടുകെട്ട് വേണ്ടെന്നുവെച്ചത് തത്വത്തില്‍ ബി.ജെ.പിയെ സഹായിക്കുന്ന നിലപാടാണ്. അതുപോലെ തന്നെയാണ് ആര്‍.എസ്.എസ് അജണ്ടകള്‍ സി.പി.എം നാവുകളില്‍ നിന്ന് പുറത്തുവരുന്നത്.
സംസ്ഥാനത്തെ സി.പി. എം ബി.ജെ.പിയെ പോലെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്നതിന്റെ ഒരുവിലത്തെ ഉദാഹരണമാണ് മുന്‍ എം.എല്‍.എ കൂടിയായ മുതിര്‍ന്ന നേതാവില്‍ നിന്നുണ്ടായത്. ബി.ജെ.പിയുടെ വളര്‍ച്ചക്ക് തടയിടാനുള്ള നിര്‍ദേശങ്ങളൊന്നും പാര്‍ട്ടി കോണ്‍ഗ്രസിലുണ്ടായില്ല. കോണ്‍ഗ്രസ് ബന്ധം വേണ്ടെന്നുവെച്ചതു തന്നെ ബി.ജെ.പി സഹായിക്കാനാണെന്ന് സി.പി.ഐ അടക്കമുള്ള കക്ഷികള്‍ക്ക് പരാതിയുണ്ട്.