X

മഹാരാഷ്ട്രയിൽ ബി.ജെ.പിയുടെ രാജ്യസഭാ സ്ഥാനാർത്ഥി ബാബരി മസ്ജിദ് തകർത്ത കർസേവകൻ

മഹാരാഷ്ട്രയില്‍ നിന്ന് ബി.ജെ.പി രാജ്യസഭയിലേക്ക് ഡോ. അജിത് ഗോപ്ച്ചാഡെയെ നാമനിര്‍ദേശം ചെയ്തതിന് പിന്നാലെ ബാബരി മസ്ജിദ് പൊളിച്ച കര്‍സേവകരില്‍ ഒരാളാണ് ഗോപ്ച്ചാഡെയെന്ന് തെളിയിക്കുന്ന ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി. ബാബരി മസ്ജിദിന് മുകളില്‍ നില്‍ക്കുന്ന കര്‍സേവകരുടെ കൂട്ടത്തില്‍ ഗോപ്ച്ചാഡെയും നില്‍ക്കുന്ന ഫോട്ടോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലുള്ളത്.

1992ല്‍ എല്‍.കെ. അദ്വാനിയുടെ നേതൃത്വത്തില്‍ നടത്തിയ രഥയാത്രയുടെ ഭാഗമായി അയോഗധ്യയിലെത്തുമ്പോള്‍ അദ്ദേഹത്തിന് 22 വയസായിരുന്നു പ്രായം. മഹാരാഷ്ട്രയില്‍ ബി.ജെ.പിയുടെ വൈസ് പ്രസിഡന്റായ ഗോപ്ച്ചാഡെയുടെ പേര് ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഉയര്‍ന്നുകേട്ടിരുന്നു.

തന്നെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത തീരുമാനത്തിനു പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദയുമാണെന്ന് ഗോപ്ച്ചാഡെ പറഞ്ഞു. ഗോപ്ച്ചാഡെക്ക് പുറമേ അശോക് ചവാന്‍, മുന്‍ എം.എല്‍.എ മേധ കുല്‍കര്‍ണി എന്നിവരാണ് മഹാരാഷ്ട്രയില്‍ നിന്ന് രാജ്യസഭയിലേക്ക് ബി.ജെ.പിയുടെ നാമനിര്‍ദേശം നേടിയത്. ഫെബ്രുവരി 13നാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് അശോക് ചവാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്.

webdesk13: