ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് ബി.സി. ഖണ്ഡൂരിയുടെ മകന്‍ മനീഷ് ഖണ്ഡൂരി കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് മനീഷ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബി.സി. ഖണ്ഡൂരി പ്രതിനിധാനം ചെയ്യുന്ന പുരി മണ്ഡലത്തില്‍ മനീഷിനെ കോണ്‍ഗ്രസ് മല്‍സരിപ്പിച്ചേക്കുമെന്നു റിപ്പോര്‍ട്ടുണ്ട്.
ഉത്തര്‍പ്രദേശില്‍ ബി.ജെ.പി എം.പി പാര്‍ട്ടിവിട്ട് അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. പ്രയാഗ്‌രാജ് എം.പി ശ്യാമചരണ്‍ ഗുപ്തയാണ് ബി.ജെ.പി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കുന്നതിനു മണിക്കൂറുകള്‍ മുമ്പ് പാര്‍ട്ടി വിട്ടത്. ബാന്‍ദ മണ്ഡലത്തില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായി ശ്യാമചരണ്‍ മല്‍സരിക്കും.
മുമ്പ് സമാജ്‌വാദി പാര്‍ട്ടി നേതാവായിരുന്ന ശ്യാമചരണ്‍ 1999ല്‍ ബാന്‍ദയില്‍ിന്നു മല്‍സരിച്ച് മായാവതിയുടെ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയോട് തോറ്റിരുന്നു. തുടര്‍ന്ന് 2004ല്‍ ഇവിടെനിന്ന് വിജയിച്ചു. 2009ല്‍ ഫുല്‍പുരില്‍ എസ്.പി സ്ഥാനാര്‍ഥിയായെങ്കിലും തോല്‍വി നേരിട്ടു. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ബനിയ വിഭാഗത്തിന്റെ പ്രമുഖ നേതാവായ ശ്യാമചരണ്‍ 2014ല്‍ ബി.ജെ.പി ടിക്കറ്റില്‍ അലഹബാദ് മണ്ഡലത്തില്‍നിന്ന് വിജയിക്കുകയും ചെയ്തു.