X

യു.പിയിലെ ഗോരക്പൂര്‍ പരീക്ഷണം കഴിഞ്ഞു; ഇനി എല്ലാ കണ്ണുകളും ഖൈറാനയിലേക്ക്

കൈരാനിലെ 5 നിയമസഭാ മണ്ഡലങ്ങളിലെ വിവിധ വര്‍ഷങ്ങളിലായുള്ള വോട്ട് നില

ലക്‌നോ: ഗോരഖ്പൂരിലും, ഫൂല്‍പുര്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളില്‍ നേരിട്ട കനത്ത പരാജയത്തിന് ശേഷം യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വീണ്ടും അഗ്നി പരീക്ഷ. ഉത്തര്‍ പ്രദേശില്‍ അഖിലേഷ്, മായാവതി ദ്വയം നടത്തിയ പരീക്ഷണം ഗോരക്പൂര്‍, ഫുല്‍പൂര്‍ മണ്ഡലങ്ങളില്‍ വന്‍ വിജയമായതോടെ ഇനി ഏവരും ഉറ്റു നോക്കുന്നത് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഖൈറാന ലോക്‌സഭാ മണ്ഡലത്തിലേലേക്കും നൂര്‍പുര്‍ നിയമസഭാ മണ്ഡലത്തിലേക്കുമാണ്.

ബി.ജെ.പി എം.പി ഹുകും സിങിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന ഷാംലി ജില്ലയിലെ ഖൈറാന ലോകസഭാ മണ്ഡലത്തിലും ബി.ജെ.പി എം.എല്‍.എ ലോകേന്ദ്ര സിംഗ് ചൗഹാന്റെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന നൂര്‍പുര്‍ നിയമസഭാ മണ്ഡലത്തിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ളത്. അതേസമയം മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനുള്ള തീയതികള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എസ്.പി, ബി.എസ്.പി സഖ്യം ഇവിടേയും തുടരുമെന്ന സൂചനകള്‍ ഇരു പാര്‍ട്ടി നേതാക്കളും നല്‍കിക്കഴിഞ്ഞു.

അടുത്ത ഏതാനും ദിവസത്തിനുള്ളില്‍ തന്നെ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുമെന്ന് എസ്.പി നേതാക്കള്‍ അറിയിച്ചു. 2014ല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഹുകും സിങ് 2.35 ലക്ഷം വോട്ടുകള്‍ക്കാണ് മണ്ഡലത്തില്‍ നിന്നും വിജയിച്ചത്. ഹുകും സിങിന് 5.65 ലക്ഷം വോട്ടുകള്‍ ലഭിച്ചപ്പോള്‍ എസ്.പി സ്ഥാനാര്‍ത്ഥി നാഹിദ് ഹസന് 3.29 ലക്ഷം വോട്ടുകളും ബി.എസ്.പി സ്ഥാനാര്‍ത്ഥി കര്‍താര്‍ സിങ് ബന്ദനക്ക് 1.60 ലക്ഷം വോട്ടുകളും ആര്‍.എല്‍.ഡി സ്ഥാനാര്‍ത്ഥിക്ക് 40,000 വോട്ടുകളും ലഭിച്ചിരുന്നു. പക്ഷേ 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ബി.ജെ.പി വോട്ട് 4.32 ലക്ഷമായി കുറഞ്ഞപ്പോള്‍ എസ്.പി, ബി.എസ്.പി, ആര്‍.എല്‍.ഡി വോട്ടുകള്‍ ഒരുമിച്ച് 5.59 ലക്ഷമായി ഉയരുകയും ചെയ്തിട്ടുണ്ട്.

സഖ്യമായി മത്സരിക്കുകയാണെങ്കില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുക പ്രയാസമല്ലെന്നാണ് എസ്.പി നേതാക്കള്‍ പറയുന്നത്. ഉത്തര്‍ പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയും ബി.എസ്.പിയും തമ്മിലുള്ള സഖ്യം തുടരുമെന്ന് അഖിലേഷ് യാദവ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഗോരക്പൂര്‍, ഫുല്‍പൂര്‍ മണ്ഡലങ്ങളിലേക്ക് നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ബി.എസ്.പിയുടെ സഹായത്തോടെ ബി.ജെ.പിയെ തറപറ്റിക്കാനായതിന് പിന്നാലെയാണ് സഖ്യം തുടരുമെന്ന വ്യക്തമായ സൂചനയുമായി എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ് രംഗത്തെത്തിയത്.

ഭൂത കാലത്തെ അഭിപ്രായ ഭിന്നതകളൊക്കെ മറക്കാനാവുമെന്നും അഖിലേഷ് വ്യക്തമാക്കി. കടുത്ത എതിരാളികളായ മായവതിയും അഖിലേഷും ബി.ജെ.പിക്കെതിരെ ഒരുമിച്ച് നിന്നത് ബി.ജെ.പി നേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന ഖൈറാന ഉപതെരഞ്ഞെടുപ്പിലും സഖ്യമായി തന്നെയായിരിക്കും മത്സരിക്കുകയെന്ന് അഖിലേഷ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു പുറമെ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും സഖ്യം തുടരുമെന്ന സൂചനകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ മായാവതിയുമായി അഖിലേഷ് കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

പലരും പഴയ സംഭവങ്ങള്‍ ഓര്‍മിപ്പിക്കുന്നു. പക്ഷേ ആര്‍ക്കെങ്കിലും മായാവതിയുമായി മികച്ച ബന്ധമുണ്ടെങ്കില്‍ അത് തങ്ങള്‍ക്കാണെന്ന് പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അഖിലേഷ് പറഞ്ഞു. കോണ്‍ഗ്രസുമായും തങ്ങളുടെ ബന്ധം മികച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റിലേക്ക് ബി.എസ്.പി സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുമെന്ന് യാദവ് വ്യക്തമാക്കിയിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പില്‍ ഇരു മണ്ഡലങ്ങളിലും കെട്ടിവെച്ച പണം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് നഷ്ടമായെങ്കിലും ബി.ജെ.പിക്കെതിരായ ജനങ്ങളുടെ വിരോധമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു. അഖിലേഷുമായി മികച്ച ബന്ധം സൂക്ഷിക്കുന്ന രാഹുല്‍ ഖൈറാന ഉപതെരഞ്ഞെടുപ്പില്‍ സഖ്യത്തിന്റെ ഭാഗമാവുമെന്നാണ് കരുതുന്നത്.

അതേസമയം ഹുകൂം സിങിന്റെ മകള്‍ മൃഗംക സിങിനെ സഹതാപ തരംഗം ലക്ഷ്യമിട്ട് മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണ് ബി.ജെ.പി ആലോചിക്കുന്നത്.

chandrika: