X

ബി.ജെ.പിയുടെ മുസ്‌ലിം വിദ്വേഷ പ്രചാരണം: പ്രതിഷേധവുമായി യു.കെ പ്രവാസികള്‍

ലണ്ടന്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം വിദ്വേഷ പ്രചരണം അഴിച്ചുവിടുന്ന ബി.ജെ.പിക്കെതിരെ പ്രതിഷേധവുമായി യു.കെയിലെ ഇന്ത്യന്‍ പ്രവാസികള്‍. ലണ്ടനിലെ പാര്‍ലമെന്റ് സ്‌ക്വയറില്‍ ദലിത്, ഒ.ബി.സി വിഭാഗത്തിലുള്ളവരെ മുസ്‌ലിംകള്‍ക്കെതിരെ തിരിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രതാ സമ്മേളനം നടത്തി. 16 പ്രവാസി ഗ്രൂപ്പുകള്‍ ചേര്‍ന്ന് സംഘടിപ്പിച്ച വിജില്‍ ഫോര്‍ ഡെമോക്രസി ഇന്‍ ഇന്ത്യ എന്ന പരിപാടിയില്‍ 150ഓളം പേര്‍ പങ്കെടുത്ത് ഐക്യദാര്‍ഢ്യം രേഖപ്പടുത്തി. പരസ്യമായ നിലപാട് സ്വീകരിച്ചാല്‍ തങ്ങളുടെ ഒ.സി.ഐ കാര്‍ഡുകള്‍ അസാധുവാക്കപ്പെടുകയോ ഇന്ത്യയിലെ കുടുംബങ്ങള്‍ ആക്രമിക്കപ്പെടുകയോ ചെയ്യുമെന്ന ഭയത്താല്‍ പ്രവാസികളില്‍ പലരും ഭയപ്പെടുന്ന സമയത്താണ് ഇത്തരമൊരു സമ്മേളനം നടക്കുന്നത്.

മുന്‍ എ.എന്‍.സി എം.പിയും എഴുത്തുകാരനും ചലച്ചിത്ര നിര്‍മ്മാതാവുമായ ആന്‍ഡ്രൂ ഫെയിന്‍സ്‌റ്റൈന്‍ ഐക്യദാര്‍ഢ്യത്തില്‍ പങ്കെടുത്തു. യുകെയിലെ വരാനിരിക്കുന്ന പൊതു തെരെഞ്ഞടുപ്പില്‍ കെയര്‍ സ്റ്റാര്‍മറിനെതിരെ മത്സരിക്കുമെന്ന് ഫെയിന്‍സ്‌റ്റൈന്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഗസ്സയില്‍ പതിനായിരകണക്കിന് ആളുകളെ കൊന്നൊടുക്കുന്ന ഇസ്രാഈല്‍ രാഷ്ട്രത്തെ പ്രോഝാഹിപ്പിക്കുകയും ആയുധം നല്‍കുകയും ചെയ്യുന്ന ലോകത്തിലെ ഏറ്റവും തീവ്രമായ വംശീയ ദേശീയവാദികളില്‍ ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ തെരെഞ്ഞെടുപ്പ് രീതിയിലെ ഓരോ ഘട്ടത്തിലും ഉന്നയിക്കുന്ന അഴിമതികളും സമ്മേളനത്തില്‍ ചര്‍ച്ചയായി. പാരിസ്ഥിതിക വിനാശകാരിയായ കല്‍ക്കരി ഖനികള്‍ക്കും റിഫൈനറികള്‍ക്കും വഴിയൊരുക്കാന്‍ വേണ്ടി ആദിവാസി സമൂഹങ്ങളെ പീഡിപ്പിക്കുന്നതില്‍ അദാനി ഗ്രൂപ്പിന് ഇന്ത്യന്‍ ഭരണകൂടത്തിന്റെ പിന്തുണയുണ്ടെന്നാണ് സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പിലെ കല്‍പ്പന വില്‍സണ്‍ അഭിപ്രായപ്പെട്ടത്.

യു.കെയിലെ ജാതി സംഘടനയായ കാസ്റ്റ് വാച്ച് യു.കെയുടെ അധ്യക്ഷന്‍ സത്പാല്‍ മുമാന്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. അംബേദ്കര്‍ തയ്യാറാക്കിയ ഇന്ത്യയുടെ മതേതര ഭരണഘടനക്ക് പകരം ക്രൂരവും സ്ത്രീവിരുദ്ധവും ജാതീയവുമായ രണ്ടാം നൂറ്റാണ്ടിലെ നിയമങ്ങള്‍ കൊണ്ടുവരുക എന്നതാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുത്വത്തിന്റെ യഥാര്‍ത്ഥ മുഖം ബ്രിട്ടനിലെ ആര്‍ക്കും അറിയില്ല. ഇതുസംബന്ധിച്ച് ബ്രിട്ടീഷ് ജനതയെയും പങ്കാളികളെയും ഏജന്‍സികളെയും ബോധവത്കരിക്കേണ്ടതുണ്ടെന്നും യു.കെ ഇന്ത്യന്‍മുസ്‌ലിം കൗണ്‍സിലിലെ മുഹമ്മദ് ഒവൈസ് പറഞ്ഞു. മോദിക്കും ബി.ജെ.പിക്കുമെതിരെ ശബ്ദമുയര്‍ത്തുന്ന സജീവവും സംഘടിതവുമായ പ്രവാസിശബ്ദങ്ങള്‍ ഇല്ലെന്ന് കരുതരുതെന്നും തങ്ങള്‍ ഇവിടെയുണ്ടെന്നും എവിടെയും പോകുന്നില്ലെന്നും ‘ഹിന്ദൂസ് ഫോര്‍ ഹ്യുമന്‍ റൈറ്റ്‌സ് യു.കെ’ ഡയറക്ടര്‍ രാജീവ് സിന്‍ഹ പറഞ്ഞു.

webdesk14: