X

കര്‍ണാടക തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടതിനു പിന്നാലെ ബി.ജെ.പിയില്‍ പൊട്ടിത്തെറി; ആത്മഹത്യക്കു ശ്രമിച്ച് പ്രവര്‍ത്തകര്‍

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക ബി.ജെ.പി പുറത്തുവിട്ടതിനു പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ വ്യാപക പ്രതിഷേധം. ബി.ജെ.പി നേതാവ് എന്‍.ആര്‍ രമേശിന് ബംഗളൂരുവിലെ ചിക്‌പേട്ടില്‍ സീറ്റ് നിഷേധിച്ചതോടെ അദ്ദേഹത്തിന്റെ അനുയായികളാണ് പ്രതിഷേധവുമായി രംഗത്തുവന്നത്.

സീറ്റ് നിഷേധത്തില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ മണ്ഡലത്തില്‍ ബന്ദ് നടത്തുകയും കടകള്‍ അടപ്പിക്കുകയും ചെയ്തു. രമേശിന്റെ അനുയായികള്‍ ചിലര്‍ ആത്മഹത്യക്കു ശ്രമിക്കുകയും ചെയ്തു. സീറ്റ് നല്‍കാതെ അവഗണിച്ച ബി.ജെ.പിയുടെ നിലപാടിനെ വിമര്‍ശിച്ച് രമേശും രംഗത്തുവന്നു.

പാര്‍ട്ടിയില്‍ സത്യസന്ധതക്ക് ഒരു വിലയുമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. കേന്ദ്രമന്ത്രി അനന്ത്കുമാറാണ് തനിക്കെതിരെ ചരടുവലിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.

മെയ് 12നാണ് കര്‍ണാടക തെരഞ്ഞെടുപ്പ്. 72 സ്ഥാനാര്‍ത്ഥികളുടെ പേരടങ്ങിയ ആദ്യഘട്ട ലിസ്റ്റാണ് ബി.ജെപി പുറത്തിറക്കിയത്. ഇതില്‍ ക്രൈസ്തവ, മുസ്‌ലിം, ജൈന മതവിഭാഗത്തിലെ ആരെയും പരിഗണിച്ചില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

chandrika: