ബിജെപി ഭരണത്തില്‍ 5 വര്‍ഷത്തിടെ 43 നിയമന പരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഇത് കോടിക്കണക്കിന് യുവാക്കളുടെ ഭാവി തകര്‍ത്തെന്നും പ്രിയങ്ക എക്സില്‍ കുറിച്ചു. ഏറ്റവും കൂടുതല്‍ യുവാക്കളുള്ള രാജ്യമാണ് ഇന്ത്യ. അവരെ കഴിവുറ്റവരാക്കേണ്ട സര്‍ക്കാര്‍ പകരം തളര്‍ത്തുകയാണ് ചെയ്യുന്നത്.
രാജ്യത്തിന് വാഗ്ദാനമായ വിദ്യാര്‍ത്ഥികള്‍ രാപകല്‍ കഷ്ടപ്പെട്ട് പഠിച്ചിട്ടും അവരുടെ ഭാവി അഴിമതി കാരണം ഇല്ലാതാവുന്നു. ബിജെപിയുടെ അഴിമതി രാജ്യത്തെ തളര്‍ത്തുകയാണെന്നും പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി.
”കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് 43 റിക്രൂട്ട്മെന്റ് പരീക്ഷകളുടെ പേപ്പറുകളാണ് ചോര്‍ന്നത്. ബിജെപി ഭരണത്തില്‍ നമ്മുടെ രാജ്യത്തിന്റെ ദേശീയ പ്രശ്‌നമായി കോടിക്കണക്കിന് യുവാക്കളുടെ ഭാവി നശിപ്പിച്ച പേപ്പര്‍ ചോര്‍ച്ച മാറിയിരിക്കുന്നു. കഴിവുള്ള കോടിക്കണക്കിന് വിദ്യാര്‍ത്ഥികള്‍ രാവും പകലും കഷ്ടപ്പെട്ട് പഠിക്കുന്നു, വ്യത്യസ്ത പരീക്ഷകള്‍ക്ക് തയാറെടുക്കുന്നു. രക്ഷിതാക്കള്‍ ഏറെ കഷ്ടപ്പെട്ടും ത്യാഗം സഹിച്ചുമാണ് കുട്ടികളുടെ പഠനഭാരം വഹിക്കുന്നത്.
ഈ യുവാക്കളെ നൈപുണ്യമുള്ളവരും കഴിവുള്ളവരുമാക്കുന്നതിനു പകരം ബിജെപി സര്‍ക്കാര്‍ അവരെ ദുര്‍ബലരാക്കുകയാണ്. ഒരു ഒഴിവ് വരാന്‍ കുട്ടികള്‍ വര്‍ഷങ്ങളോളം കാത്തിരിക്കുന്നു. ഒരു ഒഴിവ് വന്നാല്‍ ഫോം പൂരിപ്പിക്കാനുള്ള ചിലവും, പരീക്ഷയ്ക്ക് പോകാനുള്ള ചെലവും, ഒടുവില്‍ അഴിമതിയുടെ പേരില്‍ മുഴുവന്‍ അധ്വാനവും പാഴാകുന്നു.” പ്രിയങ്ക എക്സില്‍ കുറിച്ചു.