‘സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ചെയ്യേണ്ടതെല്ലാം ചെയ്യുന്നുണ്ട്. എല്ലാവിഷയത്തിലും മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട കാര്യമില്ല. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കാര്യങ്ങള്‍ നന്നായി മനസ്സിലാവുന്നുണ്ട്’ ആളെക്കുറിച്ച് അറിയാത്തവര്‍ക്ക് പെട്ടെന്ന് തോന്നുക ഈ പ്രസ്താവന നടത്തിയത് സി.പി.എമ്മിന്റെയോ, ഇടതുമുന്നണിയിലെ ഏതെങ്കിലും ഘടകക്ഷിയുടെയോ നേതാക്കളാരെങ്കിലുമായിരിക്കുമെന്നാവും. എന്നാല്‍ ഇത് സാക്ഷാല്‍ ബി.ജെ.പിയുടെ രാജ്യസഭാംഗമായ നടന്‍ സുരേഷ്‌ഗോപിയാണ്. പാലാബിഷപ്പ് മാര്‍ജോസഫ് കല്ലറങ്ങാട്ടിന്റെ ‘നര്‍ക്കോട്ടിക് ജിഹാദ’് പ്രസ്താനയെ ന്യായീകരിക്കുന്നയാള്‍തന്നെ സി.പി.എമ്മുകാരനായ മുഖ്യമന്ത്രിയെ പിന്തുണച്ച് രംഗത്തുവരുന്നത് അസ്വാഭാവികതയായി അനുഭവപ്പെടാമെങ്കിലും ഇത് വ്യക്തമാക്കുന്നത് ഇരു പാര്‍ട്ടികളും തമ്മിലെത്തിച്ചേര്‍ന്നിരിക്കുന്ന അന്തര്‍ധാരയാണെന്ന് നിസ്സംശയം പറയാന്‍ കഴിയും. കുറച്ചുകാലമായി അന്തരീക്ഷത്തില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്ന സി.പി.എം-ബി.ജെ.പി ബാന്ധവമെന്ന ആരോപണത്തിന് അടിക്കുറിപ്പ് ചാര്‍ത്തുന്ന പ്രസ്താവനയാണിത്. തങ്ങളുടേത് ശുദ്ധ മതേതര പാര്‍ട്ടിയാണെന്നും ഹിന്ദുത്വമടക്കമുള്ള സകലവിധ വര്‍ഗീയതക്കെതിരെയും വീറോടെ പോരാടുന്നവരാണ് കമ്യൂണിസ്റ്റുകളെന്നും ആണയിട്ടുകൊണ്ടിരിക്കുന്ന സി.പി.എമ്മിന്റെ തനിനിറമാണ് സുരേഷ്‌ഗോപി ഇന്നലെ പകല്‍പോലെ തുറന്നുകാട്ടിയിരിക്കുന്നത.് ബിഷപ്പിന്റെ വര്‍ഗീയ പ്രസ്താവനയെ പിന്തുണച്ച ബി.ജെ.പി നേതാക്കളാരും തന്നെ ഇതുവരെ സംസ്ഥാന സര്‍ക്കാരിനെയോ സി.പി.എമ്മിനെയോ സംരക്ഷിക്കാത്ത വിധത്തിലുള്ള പ്രതികരണങ്ങളാണ് നടത്തിവന്നതെങ്കില്‍ ഇന്നലെ ബി.ജെ.പി എം.പി നടത്തിയ പ്രസ്താവന ഇരുപാര്‍ട്ടികളുടെയും നേതൃത്വങ്ങള്‍തമ്മില്‍ അണിയറയില്‍ നടത്തിക്കൊണ്ടിരിക്കുന്ന കച്ചവടത്തെയാണ് വെളിച്ചത്തുകൊണ്ടുവന്നിരിക്കുന്നത്. ബിഷപ്പിനെ സന്ദര്‍ശിച്ച ശേഷമാണ് പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്. രാജ്യത്തെ കാതങ്ങളോളം മുന്നോട്ടുനയിച്ച കോണ്‍ഗ്രസിനെ അധികാരത്തില്‍നിന്നിറക്കി ആര്‍.എസ്.എസ്സിന് നാടിനെ തീറെഴുതിക്കൊടുത്ത പാര്‍ട്ടിയുടെ വികൃതമുഖമാണിവിടെ അനാവൃതമായിരിക്കുന്നത്.
സാധാരണയായി ഇത്തരം ഘട്ടങ്ങളില്‍ ബി.ജെ.പി നേതാവിന്റെ പ്രസ്താവനക്കെതിരെ സി.പി.എം നേതാക്കളിലാരെങ്കിലുമോ സര്‍ക്കാരിലെ പ്രമുഖരോ രംഗത്തുവരുമായിരുന്നെങ്കില്‍ ഇവിടെ അതുണ്ടായില്ലെന്ന ്മാത്രമല്ല, ഇവരുടെ മൗനം സമ്മതമാണെന്ന സൂചനയാണ് നല്‍കിയിരിക്കുന്നത.് പാലാബിഷപ്പ് നടത്തിയ പ്രസ്താവനയില്‍ താന്‍ പ്രതികരിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി നടത്തിയ പ്രസ്താവത്തെയാണ് സുരേഷ്‌ഗോപി ശരിവെച്ചിരിക്കുന്നത്. കേരളത്തില്‍ വര്‍ഗീയ വൈരം കത്തുന്ന രീതിയില്‍ പ്രസ്താവന നടത്തിയതിന് നിയപരമായി നടപടിയെടുക്കേണ്ട മുഖ്യമന്ത്രിയുടെ നിസ്സംഗതക്കെതിരെ വലിയ തോതിലുള്ള ജനരോഷം വളര്‍ന്നുകൊണ്ടിരിക്കവെയാണ് ബി.ജെ.പി നേതാവിന്റെ ഈ പരാമര്‍ശം. ഇത് ബി. ജെ.പിയുടെ കേന്ദ്ര നേതൃത്വം അറിഞ്ഞുകൊണ്ടല്ലെന്ന് പറയാന്‍ കഴിയാത്തരീതിയില്‍, എം.പിക്കെതിരെ പാര്‍ട്ടിയുടെ ഏതെങ്കിലും കോണില്‍നിന്ന് എതിരഭിപ്രായം ഉയര്‍ന്നുവന്നിട്ടുമില്ല എന്നതും അവിശുദ്ധ ബാന്ധവത്തിന്റെ സൂചനയാണ്. സെപ്തംബര്‍ 9ന് ബിഷപ്പ് നടത്തിയ വിവാദപ്രസ്താവനയെ ഇതുവരെയും അദ്ദേഹമോ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സഭാഅധികാരികളോ തള്ളിപ്പറയാത്തിടത്തോളം അതിനെ സഭ ശരിവെക്കുന്നുവെന്നുതന്നെയാണ് കരുതേണ്ടത്. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് കാത്തോലിക്കാസഭക്കുകീഴിലെ മലങ്കരസഭയുടെ അധിപന്‍ മാര്‍ക്ലിമ്മീസ്ബാവ സംഘടിപ്പിച്ച സര്‍വമത നേതൃയോഗത്തില്‍ വിവാദത്തിന് വിധേയമായ ബിഷപ്പോ സിറോമലബാര്‍ സഭാപ്രതിനിധികളോ പങ്കെടുത്തിരുന്നില്ല. അതിനര്‍ത്ഥം ലൗജിഹാദ്, നര്‍ക്കോട്ടിക് ജിഹാദ് തുടങ്ങി ബിഷപ്പ് ഉന്നയിച്ച ആരോപണങ്ങളില്‍ സഭ ഉറച്ചുനില്‍ക്കുന്നുവെന്നാണ്. കര്‍ദിനാളിനെപോലെ ഒരുഅഭിവന്ദ്യമത നേതാവ് വിളിച്ചുകൂട്ടിയ യോഗത്തില്‍ എന്തുകൊണ്ട് പങ്കെടുത്തില്ലെന്ന് പറയാന്‍പോലും സിറോമലബാര്‍ സഭാനേതൃത്വം തയ്യാറായില്ല എന്നതും ശ്രദ്ധിക്കണം. പരസ്പരം മുറിവുണ്ടാക്കുന്ന പ്രസ്താവനകള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടാവാന്‍ പാടില്ലെന്നാണ് പ്രസ്തുതയോഗം തീരുമാനിച്ചതും നാട്ടുകാരോട് അഭ്യര്‍ത്ഥിച്ചതും. യോഗത്തില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്തങ്ങള്‍, ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം, ഡോ. ഹുസൈന്‍മടവൂര്‍, സ്വാമി ഗുരുതപസ്വി, പാളയം ഇമാം ശുഹൈബ് മൗലവി തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുകയുണ്ടായി. എന്നിട്ടും സര്‍ക്കാരോ സി.പി.എമ്മോ ഇതുവരെയും വിഷയത്തില്‍ അനുരഞ്ജന ചര്‍ച്ചക്കോ സംയുക്തയോഗത്തിനോ ചിന്തിച്ചിട്ടുപോലുമില്ല എന്നത് മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും ഗൂഢോദ്ദേശ്യം വ്യക്തമാക്കുന്നു. ഇതിനെ ന്യായീകരിക്കാന്‍ ബി.ജെ.പി എം.പി രംഗത്തെത്തിയത് മുഖ്യമന്ത്രിക്ക് താമ്രപത്രം നല്‍കലാണ്.
വിഷയത്തില്‍ കഴിഞ്ഞദിവസങ്ങളില്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും ചേര്‍ന്ന് വിവിധസമുദായ നേതാക്കളെ നേരില്‍ കാണുകയും ഒരു അനുരഞ്ജന യോഗത്തിന് മുന്‍കയ്യെടുക്കുകയും ചെയ്തപ്പോള്‍ അതിനെ എതിര്‍ത്തവരാണ ്‌സി.പി.എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവനും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും. കോണ്‍ഗ്രസ് വര്‍ഗീയത കളിക്കുകയാണെന്ന് ആക്ഷേപിക്കുകയും കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെ വ്യക്തിപരമായി അധിക്ഷേപിക്കുകയുംചെയ്തു വിജയരാഘവന്‍. മന്ത്രിയെ വിവാദനായകന്റെ ആസ്ഥാനത്തേക്ക് പറഞ്ഞുവിട്ട പാര്‍ട്ടിയുടെ നേതാവിന് പക്ഷേ അതില്‍ തെല്ലും വര്‍ഗീയത കാണാനായതുമില്ല. എന്നാല്‍ വിദ്വേഷ പ്രചാരണത്തിനിരയായ വിഭാഗത്തെ സാന്ത്വനിപ്പിക്കാനോ, ഫോണില്‍ പോലും അതിന്റെ പ്രതിനിധികളുമായി ബന്ധപ്പെടാനോ തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ നിലപാട് വ്യക്തമാക്കുന്നത് സി.പി.എമ്മും ബി.ജെ.പിയും പേറുന്ന ഒരേ തൂവലുകളല്ലാതെ മെറ്റന്താണ്. പച്ചയ്ക്ക് ഹിന്ദുത്വവര്‍ഗീയത പറഞ്ഞാണ ്ബി.ജെ.പിയും സംഘ്പരിവാരവും അധികാരം നേടുന്നതെങ്കില്‍ സി.പി.എം പയറ്റുന്നത് മൃദുഹിന്ദുത്വമാണ ്എന്ന വ്യത്യാസമേ ഉള്ളൂ. ബിഷപ്പ് സ്വയം പരിശോധിക്കട്ടെ എന്ന ഒഴുക്കന്‍ മറുപടിയാണ് സി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനില്‍ നിന്നുമുണ്ടായിരിക്കുന്നത്.
മുഖ്യമന്ത്രിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് അടുത്തകാലത്തൊന്നും തുടങ്ങിയതല്ല. പിണറായിവിജയന്‍ പ്രതിയായ ലാവലിന്‍ അഴിമതിക്കേസില്‍ സുപ്രീംകോടതിയില്‍ 26 തവണ കേസ് മാറ്റിവെപ്പിച്ച സി.ബി. ഐയുടെ കടലാസുകളിലതുണ്ട്. സംസ്ഥാന താല്‍പര്യത്തിനായി പ്രധാനമന്ത്രിയെ പരോക്ഷമായിപ്പോലും വിമര്‍ശിക്കാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിയെയാണ് മമതയെപോലുള്ള തീപ്പൊരി മുഖ്യമന്ത്രിമാരുള്ള രാജ്യത്ത് നാം കാണുന്നത്. ഭവാനിപൂരില്‍ മുഖ്യമന്ത്രി മമതയുടെ തോല്‍വി ഉറപ്പാക്കി ബി.ജെ.പിയെ വിജയിപ്പിക്കാന്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ പാര്‍ട്ടിയാണ് സി.പി.എം. പക്ഷേ ഇത് തങ്ങള്‍ക്ക് താല്‍ക്കാലികനേട്ടമേ തരൂവെന്നും ആത്യന്തികമായി കാവിപ്പെട്ടികളിലേക്കാണവ പോകുകയെന്നും തിരിച്ചറിയാത്ത സി.പി.എം നേതൃത്വത്തിന്റെ തലതിരിഞ്ഞ ബുദ്ധിയാണ് നാടിനെയാകെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.