പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തര മന്ത്രി അമിത്ഷായുടെയും തട്ടകമായ ഗുജറാത്തില്‍ വിജയ് രൂപാണിയെ മുഖ്യമന്ത്രി കസേരയില്‍നിന്ന് മാറ്റി ഭൂപേന്ദ്ര പട്ടേലിനെ അവരോധിച്ചത് അപ്രതീക്ഷിതമോ നാടകീയമോ അല്ല. ദേശീയതലത്തില്‍ ബി.ജെ.പിക്ക് നേരിട്ടുകൊണ്ടിരിക്കുന്ന തിരിച്ചടികളും സംസ്ഥാന രാഷ്ട്രീയ അടിയൊഴുക്കുകളുമാണ് പുതിയ ഇളക്കി പ്രതിഷ്ഠക്ക് കാരണം. വര്‍ഗീയ കാര്‍ഡിറക്കി തുടര്‍ച്ചയായി 12 വര്‍ഷത്തിലേറെ കാലം മോദി മുഖ്യമന്ത്രിയായിരുന്ന ഗുജറാത്ത് കൈവിട്ടുപോകുമെന്ന പേടി പാര്‍ട്ടിക്കുണ്ട്.
കേന്ദ്ര ഭരണം കൈപ്പിടിയിലുണ്ടായിട്ടുകൂടി സംസ്ഥാനത്ത് പല കുതന്ത്രങ്ങളും പണ്ടേ പോലെ ഫലിക്കുന്നില്ല. നിയമസഭാതെരഞ്ഞെടുപ്പിന് ഒരു വര്‍ഷം ബാക്കിയിരിക്കെയാണ് വിജയ് രൂപാണിയെ മാറ്റിയത്. രൂപാണിയുടെ രാജിയും പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തലുമെല്ലാം അതിവേഗം പൂര്‍ത്തിയാക്കിയതില്‍നിന്ന്തന്നെ ബി.ജെ.പി നേതൃത്വം ഇതെല്ലാം കാലേക്കൂട്ടി ആലോചിച്ചിരുന്നുവെന്ന് മനസ്സിലാക്കാം. സത്യത്തില്‍ രൂപാണിയെ പാര്‍ട്ടി വലിച്ച് താഴെ ഇറക്കുകയാണ് ചെയ്തത്.
ബി.ജെ.പിക്കുകീഴില്‍ ഗുജറാത്ത് പരാജയപ്പെട്ട സംസ്ഥാനമായിമാറുകയും ജനജീവിതം ദുസ്സഹമാവുകയും ചെയ്തത് അടുത്ത നിയമസഭാതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. രൂപാണിയെ മുന്നില്‍നിര്‍ത്തി വോട്ട് ചോദിച്ച് ജനങ്ങളെ സമീപിച്ചാല്‍ കനത്ത പരാജയം നേരിടേണ്ടിവരുമെന്ന് പല സര്‍വേകളും ബി.ജെ.പിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2017ല്‍ ഏറെ വിയര്‍ത്താണ് ബി.ജെ.പിക്ക് അധികാരം നിലനിര്‍ത്തിയത്. എഴുപതോളം സീറ്റുമായി പ്രതിപക്ഷത്ത് കോണ്‍ഗ്രസ് നിലയുറപ്പിക്കുന്നത് ബി.ജെ.പിയെ ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇപ്പോഴത്തെ നിലയില്‍ പോയാല്‍ അടുത്ത തവണ ഭരണം നഷ്ടപ്പെടുമെന്ന ദേശീയ നേതൃത്വത്തിന്റെ പേടിയാണ് രൂപാണിയുടെ കസേര തെറിക്കാനുള്ള ഒരു കാരണം.
2017ലും മുഖ്യമന്ത്രിയെ മാറ്റിയാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടത്. അന്നത്തെ മുഖ്യമന്ത്രി ആനന്ദിബെന്നിനെ പ്രായാധിക്യം ചൂണ്ടിക്കാട്ടിമാറ്റുകയായിരുന്നു. തുടര്‍ന്ന് വിജയ് രൂപാണിയെ മുഖ്യമന്ത്രിയാക്കി നടത്തിയ തെരഞ്ഞെടുപ്പില്‍ മോദി പ്രഭാവം ഉണ്ടായിട്ടുപോലും ബി.ജെ.പിക്ക് ഭൂരിപക്ഷം കുറഞ്ഞു. പക്ഷേ, ഇപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ മോശമാണ്. സാമ്പത്തിക പ്രതിസന്ധിയും കോവിഡ് പ്രതിരോധ രംഗത്തുണ്ടായ പരാജയങ്ങളും കേന്ദ്ര സര്‍ക്കാരിനെതിരെ ജനവികാരം ആളിക്കത്തിച്ചിട്ടുണ്ട്. കോവിഡ് തരംഗങ്ങളില്‍ രാജ്യം വീര്‍പ്പുമുട്ടിയപ്പോള്‍ മോദിയും സഹപ്രവര്‍ത്തകരും കാഴ്ചക്കാരുടെ റോളിലേക്ക് മാറുകയായിരുന്നു. ഗുജറാത്തിലെ കോവിഡ് വ്യാപനം ബി.ജെ.പിയെ ഏറെ തളര്‍ത്തി. സംസ്ഥാനത്തുപോലും ഫലപ്രദമായി ഇടപെടാന്‍ മോദിക്ക് സാധിച്ചില്ല. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരാജയപ്പെട്ട സര്‍ക്കാരിനെ ഹൈക്കോടതി പലപ്പോഴും വിമര്‍ശിച്ചു. പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനത്ത് രോഗം അതിവേഗം പടര്‍ന്നുപിടിച്ചതിനെതുടര്‍ന്ന് ബി.ജെ.പി നേതാക്കള്‍ക്കിടയില്‍ തന്നെ മുറുമുറുപ്പുയര്‍ന്നു.
ബി.ജെ.പിക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍പോലും പഴയതുപോലെ മോദിയെ ഉയര്‍ത്തിക്കാട്ടി തെഞ്ഞെടുപ്പിനെ നേരിടാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളത്. മോദി തരംഗത്തിന്റെ കാലം കഴിഞ്ഞതായി ബി.ജെ.പി തിരിച്ചറിഞ്ഞിട്ടുണ്ട്. ഗുജറാത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ വ്യക്തിപ്രഭാവമുള്ള ആരുമില്ലെന്നതാണ് സത്യം. മോദിയും അമിത്ഷായും തമ്മിലുള്ള അഭിപ്രായഭിന്നതകളും ഗുജറാത്തിലെ ഇളക്കി പ്രതിഷ്ഠയെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആനന്ദി ബെന്നിന് പകരം കൊണ്ടുവന്ന രൂപാണി അമിത് ഷായുടെ സ്വന്തക്കാരനായിരുന്നെങ്കില്‍ സംസ്ഥാനത്ത് ഇപ്പോള്‍ പാര്‍ട്ടിയെ നിയന്ത്രിക്കുന്നത് മോദിയുടെ വിശ്വസ്തനായ സി.ആര്‍ പാട്ടീലാണ്. രൂപാണിയെ പുറത്താക്കി മോദിയുടെ പിടിയിലൊതുങ്ങുന്ന ഒരാളെ മുഖ്യമന്ത്രിയാക്കുകയെന്നത് ബി.ജെ.പി സംസ്ഥാന അധ്യക്ഷനായ പാട്ടീലിന്റെ ആവശ്യമായിരുന്നു. കഴിഞ്ഞയാഴ്ച സംസ്ഥാന പാര്‍ട്ടി നേതൃ യോഗത്തില്‍ പങ്കെടുക്കാതെ വിട്ടുനിന്ന് അമിത്ഷാ അതൃപ്തി തുറന്നു പ്രകടിപ്പിക്കുകയും ചെയ്തു. കോവിഡ് പ്രതിരോധ രംഗത്തുണ്ടായ പരാജയം ചൂണ്ടിക്കാട്ടി രൂപാണിയെ പാട്ടീല്‍ ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശിച്ചിരുന്നു. അമിത്ഷാ കൊണ്ടുവന്ന മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള ആയുധമായാണ് അദ്ദേഹം കോവിഡിനെ കണ്ടത്.
ഗുജറാത്തില്‍ ബി.ജെ.പിയുടെ ഉയര്‍ച്ചക്ക് സഹായികളായി നിന്ന പട്ടേല്‍ വിഭാഗത്തെ തൃപ്തിപ്പെടുത്തുകയെന്ന ലക്ഷ്യംകൂടി ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയാക്കിയ നടപടിയില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. ഒരുകാലത്ത് കോണ്‍ഗ്രസിനോടൊപ്പം നിന്ന പട്ടേല്‍ വിഭാഗത്തിന്റെ പിന്തുണയോടെയാണ് ഗുജറാത്തില്‍ ബി.ജെ.പി കാലുറപ്പിച്ചത്. കുറച്ചു കാലമായി അവര്‍ ബി.ജെ.പിയില്‍നിന്ന് അകന്നുതുടങ്ങിയിട്ടുണ്ട്. പട്ടേല്‍ വിഭാഗം പാര്‍ട്ടിയെ കയ്യൊഴിയുന്നതോടെ സംസ്ഥാനം കൈവിടുമെന്ന പേടിയാണ് ഭൂപേന്ദ്രയെ മുഖ്യമന്ത്രിയാക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ച മറ്റൊരു പ്രധാന ഘടകം. ബി.ജെ.പിക്ക് എതിരെയുള്ള അഭിപ്രായ സര്‍വേകള്‍ കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. അടുത്ത നിയമസസഭാതെരഞ്ഞെടുപ്പില്‍ ബി.ജെ.പി 84 സീറ്റുമായി പ്രതിപക്ഷത്തേക്ക് ഒതുങ്ങുകയും കോണ്‍ഗ്രസ് 100 സീറ്റുകള്‍ നേടി ഭരണത്തിലേക്ക് ഉയരുകയും ചെയ്യുമെന്നാണ് പല അഭിപ്രായ സര്‍വേകളും പ്രവചിക്കുന്നത്. സംസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടി കാലുറപ്പിച്ചു തുടങ്ങിയതും ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ തിരിച്ചുവരവും ആം ആദ്മിയുടെ ഉയര്‍ച്ചയും ഭരണ മാറ്റത്തിലേക്ക് നയിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ മൂന്ന് മുഖ്യമന്ത്രിമാരെയാണ് ഗുജറാത്തില്‍ ബി.ജെ.പി പരീക്ഷിച്ചത്. ആരെയും തുടര്‍ച്ചയായി അധികാരത്തില്‍ ഇരുത്താന്‍ പാര്‍ട്ടിക്ക് സാധിച്ചിട്ടില്ല. മോദിയുടെ വാചകകസര്‍ത്തുകള്‍ക്കപ്പുറം വികസന രംഗത്ത് സംസ്ഥാനം വട്ടപൂജ്യമാണ്. ഗുജറാത്തില്‍ മാത്രമല്ല പാര്‍ട്ടി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും പാര്‍ട്ടി ദേശീയ നേതൃത്വം നേരിട്ട് ഇടപെട്ടു തുടങ്ങിയിട്ടുണ്ട്. സംസ്ഥാന നേതാക്കളെമാത്രം വിശ്വസിച്ച് മുന്നോട്ടുപോയാല്‍ പാര്‍ട്ടി പരാജയത്തിന്റെ പടുകുഴിയില്‍ വീഴുമെന്ന് അവര്‍ ഭയക്കുന്നു. അതുകൊണ്ട് സംസ്ഥാന ഘടകങ്ങളെ മൂക്കുകയറിട്ട് പിടിക്കാനാണ് ബി. ജെ.പി ഹൈക്കമാന്റ് ശ്രമിക്കുന്നത്. ഈ വര്‍ഷം ബി.ജെ.പി ഭരിക്കുന്ന നാല് സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാര്‍ക്ക് കസേര തെറിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡില്‍ തീരഥ് സിങ് റാവത്തും അസമില്‍ സര്‍ബാനന്ദ് സോനാവാളും കര്‍ണാടകയില്‍ ബി.എസ് യെദ്യൂരപ്പയും ബി.ജെ.പി ഹൈക്കമാന്‍ഡിന്റെ അപ്രീതിക്കിരയായി പുറത്തുപോയവരാണ്. പാര്‍ട്ടി നേതൃത്വത്തിന്റെ ആവശ്യപ്രകാരമല്ല രാജിയെന്ന് സ്ഥാപിക്കാന്‍ യെദ്യൂരപ്പ അവസാനനിമിഷംവരെ ശ്രമിച്ചെങ്കിലും ഒടുവില്‍ അദ്ദേഹത്തിനും മൗനം പാലിക്കേണ്ടിവന്നു. ദേശീയ നേതൃത്വം വിചാരിച്ചാല്‍ ആരെയും പിടിച്ചുപുറത്തിടാമെന്ന രീതിയിലേക്ക് ബി.ജെ.പിയുടെ സംഘടനാ പ്രവര്‍ത്തനം വഴിമാറിയിരിക്കുകയാണ്. സ്വന്തം താല്‍പര്യങ്ങള്‍ സംസ്ഥാന ഘടകങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന രീതിയാണ് പാര്‍ട്ടി ഇപ്പോള്‍ സ്വീകരിച്ചുപോരുന്നത്. കേന്ദ്രത്തില്‍ ഭരണത്തിലുണ്ടെങ്കിലും അധിക കാലം പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന് ബി.ജെ.പിക്ക് അറിയാം. സംസ്ഥാനങ്ങളില്‍ നേരിട്ടുകൊണ്ടിരിക്കുന്ന തിരിച്ചടികള്‍ പാര്‍ട്ടിയെ ആശങ്കപ്പെടുത്തുന്നുണ്ട്. ഗുജറാത്തില്‍ രൂപാണിയെ ഇറക്കി പട്ടേലിനെ മുഖ്യമന്ത്രിയാക്കിയതിലൂടെ പാര്‍ട്ടിയുടെ ഉള്‍ഭയമാണ് മറനീക്കിയിരിക്കുന്നത്.