കല്‍പ്പറ്റ: വയനാട്ടിലും ബി.ജെ.പി സമ്മേളനത്തിന് ഭീഷണിപ്പെടുത്തി പണം പിരിവ്. മീനങ്ങാടിയില്‍ നടന്ന സുല്‍ത്താന്‍ ബത്തേരി ബി.ജെ. പി നിയോജക മണ്ഡലം സമ്മേളനത്തിനാണ് വ്യാപകമായി ബി.ജെ.പി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി പണം പിരിച്ചെടുത്തത്. മീനങ്ങാടിയിലെ ഒരു മെറ്റല്‍ വില്‍പ്പനകേന്ദ്രത്തിന്റെ ഉടമയെ പണത്തിനായി ഭീഷണിപ്പെടുത്തുന്ന ടെലഫോണ്‍ സംഭാഷണം പുറത്തായി. പണം നല്‍കിയില്ലെങ്കില്‍ സ്ഥാപനം പൂട്ടിക്കുമെന്നാണ് ഭീഷണി.
സ്ഥാപനത്തിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന വിവേകാനന്ദ സ്‌കൂള്‍ തങ്ങളുടെ നിയന്ത്രണത്തിലാണെന്നും അവരെക്കൊണ്ട് പരാതി നല്‍കിച്ച് സ്ഥാപനം പൂട്ടിക്കുമെന്നും സ്ഥാപനം നടത്തിക്കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നും യുവമോര്‍ച്ചാ നേതാവ് ഭീഷണിപ്പെടുത്തുന്നുണ്ട്. യുവ മോര്‍ച്ച സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം സെക്രട്ടറി റെനീഷിന്റേതാണ് പുറത്തുവന്ന ടെലിഫോണ്‍ സംഭാഷണം. 5,000 രൂപ നല്‍കണമെന്നാണ് ആവശ്യം. തുക കുറക്കണമെന്ന് കടയുടമ അപേക്ഷിക്കുന്നതും ആവശ്യപ്പെട്ട പണം തന്നില്ലെങ്കില്‍ കട പൂട്ടിക്കുമെന്ന് റെനീഷ് ഭീഷണിപ്പെടുത്തുന്നതും ഓഡിയോ സന്ദേശത്തിലുണ്ട്. ഭീഷണി ടെലഫോണ്‍ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. അതിനിടെ ഓഡിയോ സന്ദേശം പുറത്തുവന്നതോടെ കടയുടമക്കും തൊഴിലാളികള്‍ക്കും നേരെ മറ്റു ചില കേന്ദ്രങ്ങളില്‍ നിന്നും ഭീഷണിയുണ്ടായതായും പരാതിയുണ്ട്.
അതേസമയം ഇത്തരത്തില്‍ കൂടുതല്‍ സ്ഥാപനങ്ങളില്‍ നിന്ന് പണം പിരിച്ചതായും കച്ചവടക്കാര്‍ പറയുന്നു. കായികമായി കൈകാര്യം ചെയ്യുമെന്നുള്‍പ്പടെ ഭീഷണിപ്പെടുത്തിയാണ് പണപ്പിരിവ്. അക്രമം ഭയന്ന് ആരും പരാതി നല്‍കാന്‍ പോലും തയ്യാറാകാറുമില്ല. നേരത്തെ, ജില്ലയുടെ മറ്റു ഭാഗങ്ങളിലുണ്ടായ സമാന സംഭവങ്ങളില്‍ പരാതി നല്‍കിയിട്ടും പൊലിസ് നടപടി സ്വീകരിച്ചില്ലെന്ന് വ്യാപാരികള്‍ ആരോപിച്ചു. ആരോപണം വിശദമായി അന്വേഷിക്കുമെന്നും തെറ്റ് ചെയ്തതായി ബോധ്യപ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും യുവമോര്‍ച്ച ജില്ല നേതൃത്വം അറിയിച്ചു.