സിര്‍സി (കര്‍ണാടക): നടന്‍ പ്രകാശ് രാജ് പ്രസംഗിച്ച വേദിക്ക് ചുറ്റും ഗോമൂത്രം തളിച്ച് പ്രകോപനമുണ്ടാക്കാന്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ നീക്കം. കര്‍ണാടകയിലെ സിര്‍സിയിലാണ് സംഭവം. യുവമോര്‍ച്ച പ്രാദേശിക നേതാവ് വിശാല്‍ മറാട്ടെയുടെ നേതൃത്വത്തിലായിരുന്നു അതിക്രമം.
‘നമ്മുടെ ഭരണഘടന, നമ്മുടെ അഭിമാനം’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ ഉത്തര കന്നഡ എം.പിയും കേന്ദ്രമന്ത്രിയുമായ അനന്ത് കുമാര്‍ ഹെഗ്‌ഡെയെ പ്രകാശ് രാജ് വിമര്‍ശിച്ചിരുന്നു. നേരത്തെ ഹെഗ്‌ഡെ നടത്തിയ ഭരണഘടനാ വിരുദ്ധ പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു പ്രകാശ് രാജിന്റെ വിമര്‍ശനം. പരിപാടി കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു പോയതിനു ശേഷമാണ് പശുവിന്റെ മൂത്രം വേദിയില്‍ തളിച്ചത്. ബുദ്ധിജീവികളെന്ന് സ്വയം നടിക്കുന്നവര്‍ പരിപാടി സംഘടിപ്പിച്ച് തങ്ങളുടെ സ്ഥലം അശുദ്ധമാക്കിയെന്നായിരുന്നു പ്രതിഷേധക്കാരുടെ വാദം. എന്നാല്‍ ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ക്കൊന്നും തന്റെ നിലപാടില്‍ മാറ്റം വരുത്താനാവില്ലെന്ന് പ്രകാശ് രാജ് പ്രതികരിച്ചു. ഞാന്‍ പോകുന്ന എല്ലായിടത്തും നിങ്ങള്‍ ശുദ്ധീകരണം നടത്തുമോ’യെന്നായിരുന്നു കുലുക്കമില്ലാതെ അദ്ദേഹം ട്വീറ്റ് ചെയ്തത്. അതേസമയം മുന്നറിയിപ്പില്ലാതെ നിര്‍ത്തലാക്കിയ കന്നട പത്രമായ ഉദയവാണിയിലെ പ്രകാശ് രാജിന്റെ പ്രതിവാര കോളം ഉടന്‍ പുനരാരംഭിക്കും. ‘അവരവര ബാവുക്കെ’ എന്ന പേരിലാണ് എല്ലാ ശനിയാഴ്ചയും പുതിയ കോളം പ്രസിദ്ധീകരിക്കുന്നത്.
‘പ്രിയപ്പെട്ട അദൃശ്യകരങ്ങളെ, എപ്പോള്‍ നിങ്ങള്‍ ഒരു ശബ്ദത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവോ, അപ്പോഴത് കൂടുതല്‍ ശബ്ദത്തില്‍ ഉയരും. വിശാലവും ശക്തവുമായ ഒരു വേദിയിലേക്ക് എന്നെ തള്ളിവിട്ടതിന് നന്ദി. ഇനിയെന്താ അടുത്തത്.’ പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു.