സേലം: 20.55 ലക്ഷം രൂപയുടെ അനധികൃത പണം കൈവശം വെച്ചതിന് അറസ്റ്റിലായ ബിജെപി യുവ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി. രാജ്യത്തിന്റെ പുരോഗതിക്കായി ക്യൂവില്‍ നില്‍ക്കാന്‍ തയ്യാറാണെന്നായിരുന്നു ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റ്.
സേലത്ത് നിന്നുള്ള ബിജെപി.യുടെ യൂത്ത് വിംഗ് സെക്രട്ടറി ജെവിആര്‍ അരുണാണ് അനധികൃതമായി പണം കൈവശം വെച്ചതിന് പിടിയിലായത്. പുതിയ രണ്ടായിരത്തിന്റെ 926 നോട്ടുകളടങ്ങിയ പണമാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്. പണത്തിന്റെ സ്രോതസ് വെളിപ്പെടുത്താന്‍ അരുണിന് കഴിഞ്ഞില്ല. നോട്ട് നിരോധനനത്തിനനുകൂലമായി സംസ്ഥാനത്ത് ബിജെപി ക്യാംപയിന് ഇയാളാണ് നേതൃത്വം നല്‍കിയിരുന്നത്.
ഇദ്ദേഹത്തിന്റെ കാറില്‍ നിന്നാണ് പണമടങ്ങിയ ബാഗ് കണ്ടെടുത്തത്. പണത്തിന്റെ സ്രോതസ് വെളിപ്പെടുത്താന്‍ അരുണിന് ഇനിയും സമയം നല്‍കിയിട്ടുണ്ട്. അതേസമയം സ്രോതസ് വെളിപ്പെടുത്താനായിട്ടില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നാണ് പാര്‍ട്ടി ഇതിനോട് പ്രതികരിച്ചത്.
ഇതു സംബന്ധിച്ച് അരുണിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും പാര്‍ട്ടിവക്താവ് അറിയിച്ചു. അതേസമയം അരുണിനെ പുറത്താക്കിയതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. ഉറവിടം വ്യക്തമാക്കാനാവാത്ത പണവുമായി നേരത്തെയും ബി.ജെ.പി നേതാക്കള്‍ പിടിയിലായിരുന്നു.