ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പിനിടെ വ്യാപക അക്രമം. ഏഴ് സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പലയിടത്തും ഇവിഎം മെഷീനുകള്‍ പ്രവര്‍ത്തന രഹിതമായത് വോട്ടെടുപ്പിനെ സാരമായി ബാധിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ രേഖപ്പെടുത്തിയ പോളിങ് ശതമാനം ഇപ്രകാരമാണ്. ജാര്‍ഖണ്ഡ് 63.7, ബിഹാര്‍ 52.8, ജമ്മുകശ്മീര്‍ 17, രാജസ്ഥാന്‍ 59.3, മധ്യപ്രദേശ് 62.9, യു.പി 53.2, പശ്ചിമ ബംഗാള്‍ 74 ശതമാനം.
വോട്ടെടുപ്പിനിടെ തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ റാഹ്മൂ മേഖലയിലെ പോളിങ് ബൂത്തിനുനേരെ ഗ്രനേഡ് ആക്രമണം. പുല്‍വാമയിലെ ത്രാല്‍ മേഖലയില്‍ മറ്റൊരു പോളിങ് ബൂത്തിനുനേര്‍ക്ക് കല്ലേറും ഉണ്ടായി. ഷോപിയാനിലെ പോളിങ് ബൂത്തിന് നേരെ പെട്രോള്‍ ബോംബേറുണ്ടായി. ആര്‍ക്കും പരിക്കില്ല. ഷോപിയാനിലെ മറ്റൊരു ബൂത്തിന് നേരെ ഗ്രനേഡാക്രമണമണവും നടന്നു. ജമ്മുകശ്മീരില്‍ തെരഞ്ഞെടുപ്പ് നടന്ന പുല്‍വാമയിലെയും ഷോപിയാനിലേയും മിക്ക പോളിങ് ബൂത്തുകളും ഒഴിഞ്ഞ് കിടക്കുകയായിരുന്നു. പുല്‍വാമയില്‍ 1.91 ശതമാനവും ഷോപിയാനില്‍ 2.64 ശതമാനവുമാണ് വോട്ടു രേഖപ്പെടുത്തിയത്. പശ്ചിമ ബംഗാളില്‍ ബി.ജെ.പി-തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ പലയിടത്തും ഏറ്റുമുട്ടി. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളെ ആക്രമിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.
ബാരക്പുരില്‍ ബിജെപി സ്ഥാനാര്‍ഥിയായ അര്‍ജുന്‍ സിങ് തൃണമൂല്‍ പ്രവര്‍ത്തകര്‍ തന്നെ ആക്രമിച്ചതായി ആരോപിച്ചു. ബാരക്പുരില്‍ സംഘര്‍ഷത്തെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഹൗറയില്‍ ബൂത്തിലേക്ക് കയറാന്‍ ശ്രമിച്ച ടി.എം.ലി എംപി പ്രസൂണ്‍ ബാനര്‍ജിയും സുരക്ഷ സേന അംഗങ്ങളും തമ്മില്‍ വാക്കേറ്റമുണ്ടായി. കേന്ദ്ര സേന തൃണമൂല്‍ പ്രവര്‍ത്തകരെ വോട്ടു ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് തൃണമൂല്‍ നേതാക്കള്‍ കുറ്റപ്പെടുത്തി. ഹൂഗ്ലിയില്‍ ഇവിഎം മെഷീന്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു.
തൃണമൂല്‍ പ്രവര്‍ത്തകര്‍ പലയിടത്തും ബൂത്ത് പിടിച്ചതായി ഹൂഗ്ലിയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ലോക്കറ്റ് ചാറ്റര്‍ജി ആരോപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, സ്മൃതി ഇറാനി, രാജ് വര്‍ധന്‍ സിങ് റാത്തോഡ്, സമാജ്‌വാദി പാര്‍ട്ടിയുടെ പൂനം സിന്‍ഹ, രാജീവ് പ്രതാപ് റൂഡി, അര്‍ജുന്‍ മുണ്ട, റാം വിലാസ് പാസ്വാന്റെ മകന്‍ ചിരാഗ് തുടങ്ങിയവരാണ് ഇന്നലെ ജനവിധി തേടിയവരില്‍ പ്രമുഖര്‍. 2014ല്‍ ഇന്നലെ വോട്ടെടുപ്പ് നടന്ന 51 മണ്ഡലങ്ങളില്‍ 38 മണ്ഡലങ്ങളും ബി.ജെ.പിക്കൊപ്പമാണ് നിന്നത്.