അമേത്തി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട് ഒരു കൂട്ടം ബി.ജെ.പി പ്രവര്‍ത്തകര്‍ കേന്ദ്രമന്ത്രി സമൃതി ഇറാനിയുടെ കോലം കത്തിച്ചു. മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് മന്ത്രിയുടെ കോലം കത്തിക്കുന്നത്. ഗൗരിഗഞ്ച്
നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ ഉമാ ശങ്കര്‍ പാണ്ഡെ മന്ത്രിയുടെ അടുപ്പക്കാരിയാണെന്നും അതിനാലാണ് സീറ്റ് നല്‍കിയതെന്നുമാണ് പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമേത്തിയില്‍ നിന്ന് രാഹുല്‍ഗാന്ധിക്കെതിരായി സ്മൃതി മത്സരിച്ചപ്പോള്‍ പോളിങ് ഏജന്റായി നിന്നയാളാണ് ഉമയെന്നും ഈ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. അതേസമയം പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് സംസ്ഥാന ബി.ജെ.പി നേതൃത്വം വ്യക്തമാക്കുന്നത്. നേരത്തെ ഇതെ വിഷയത്തില്‍ ബൂത്ത് പ്രസിഡന്റുള്‍പ്പെടെ 100ലധികം ബി.ജെ.പി പ്രവര്‍ത്തകര്‍ രാജിവെക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
ഈ ഭീഷണി നിലനില്‍ക്കെയാണ് ഉമക്ക് തന്നെ സ്ഥാനാര്‍ത്ഥിത്വം നല്‍കിയത്. അതേസമയം അമേത്തി മണ്ഡലത്തിലും ചേരിപ്പോര് രൂക്ഷമാണ്. ഇവിടേക്ക് പാര്‍ട്ടി നിയോഗിച്ചയാളെയല്ല നാട്ടുകാര്‍ കണ്ടുവെച്ചിരുന്നത്. ഇതും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തിക്കിടയാക്കുന്നു. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞടുപ്പ് അഭിമാനപ്പോരാട്ടമായി കാണുന്ന ബി.ജെ.പിക്ക് പാളയത്തില്‍ പട വലിയ തലവേദനയാണ്. ഏഴ് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം മാര്‍ച്ച് പതിനൊന്നിനാണ്.