X
    Categories: indiaNews

രാമക്ഷേത്രത്തിന്റെ പേരില്‍ വോട്ട് ചോദിച്ച് ബിജെപി പ്രവര്‍ത്തകന്‍; വീഡിയോ വൈറല്‍

ഭോപ്പാല്‍: രാമക്ഷേത്രത്തിന്റെ പേരില്‍ വോട്ട് ചോദിക്കുന്ന ബിജെപി പ്രവര്‍ത്തകന്റെ വീഡിയോ വൈറലാവുന്നു. മധ്യപ്രദേശിലെ സുര്‍ഖി അസംബ്ലി മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരെഞ്ഞുടുപ്പ് പ്രചാരണത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പ്രാദേശിക ബിജെപി നേതാവായ നരേന്ദ്ര ആദിത്യ ഒരു സ്ത്രീയോട് സംസാരിക്കുന്ന വീഡിയോയിലാണ് രാമക്ഷേത്രം നിര്‍മിക്കുന്ന ബിജെപിക്ക് വോട്ട് ചെയ്യാനും അതിലൂടെ പുണ്യം നേടാനും ആവശ്യപ്പെടുന്നത്.

സ്ത്രീയുടെ വീട്ടിലെ കലണ്ടറില്‍ രാമന്റെ ചിത്രം ചൂണ്ടിക്കാട്ടിയാണ് ആദിത്യ സംസാരിക്കുന്നത്. ‘മോദിജി രാമക്ഷേത്രം പണിയുകയാണ്. നിങ്ങള്‍ താമര ചിഹ്നത്തില്‍ ഒരു വോട്ട് ചെയ്താല്‍ രാമക്ഷേത്രത്തില്‍ ഒരു കല്ല് വെക്കപ്പെടും. ബിജെപിക്ക് വോട്ട് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് പുണ്യം നേടാനും സാധിക്കും’-ഇതാണ് ആദിത്യയുടെ വാക്കുകള്‍.

മധ്യപ്രദേശ് ഗതാഗതമന്ത്രി ഗോവിന്ദ് സിങ് രാജ്പുത്തിന് വേണ്ടി പ്രചാരണം നടത്താനാണ് ഇയാളെത്തിയതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മധ്യപ്രദേശ് നിയമസഭയിലെ 28 സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നവംബറില്‍ നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്.

ബിജെപി മതവികാരമുയര്‍ത്തി തെരഞ്ഞെടുപ്പ് ജയിക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് അജയ് സിങ് യാദവ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായതോടെ അവര്‍ ശ്രീരാമന്റെ പേര് ഉപയോഗിച്ച് രക്ഷപ്പെടാന്‍ നോക്കുകയാണ്. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണം. ജനങ്ങളുടെ മതവിശ്വാസത്തെ ദുരുപയോഗം ചെയ്ത് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അജയ് സിങ് യാദവ് പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: