എന്ത് വില കൊടുത്തും അധികാരം നേടുക എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഹിമാചല്‍ പ്രദേശിലെ ചമ്പയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. പാര്‍ട്ടിയുടെ കാന്‍ഗ്ര ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ആനന്ദ് ശര്‍മ്മയ്ക്കായി പ്രചരണത്തിനെത്തിയതായിരുന്നു പ്രിയങ്ക.
ലക്ഷ്യം കൈവരിക്കാന്‍ ബി.ജെ.പി എന്തും ചെയ്യുമെന്നും, അധികാരം മാത്രമാണ് അവരുടെ ഉന്നമെന്നും പ്രിയങ്ക പറഞ്ഞു. പണം ഉപയോഗിച്ചാണ് അവര്‍ ജനങ്ങളെ കയ്യിലെടുക്കുന്നതെന്നും, പണം കൊണ്ട് എന്തും വാങ്ങിക്കാം എന്ന പോളിസിയാണ് അവരുടേതെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
‘നിയമസഭാ സാമാജികര്‍ക്ക് കൈക്കൂലി കൊടുക്കുക, ദൈവത്തിന്റെ പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ട് നേടുക എന്നിവ മാത്രമാണ് പ്രധാനമന്ത്രി മോദി മുതല്‍ തുടങ്ങുന്ന ബി.ജെ.പി നേതാക്കളുടെ ലക്ഷ്യം,’ പ്രിയങ്ക ഗാന്ധി പറഞ്ഞു.’അഴിമതിയിലൂടെയാണ് ബി.ജെ.പി വളരുന്നത്. അഴിമതിയിലൂടെ സാധാരണക്കാരന്റെ ജീവിതം മോദി അട്ടിമറിച്ചു. അതിന് ഉത്തരം പറയാതെ അവര്‍ക്ക് ഇനി മുന്നോട്ട് പോകാനാവില്ല.
55 വര്‍ഷമായി അധികാരത്തില്‍ ഉണ്ടായിരുന്നെങ്കിലും സമ്പന്നരുടെ പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയിട്ടില്ല. എന്നാല്‍ 10 വര്‍ഷം കൊണ്ട് ബി.ജെപി സാമ്പത്തികമായി വളര്‍ന്നു. ഇതൊരിക്കലും വെറുതെ സംഭവിച്ചതല്ല. സാധാരണക്കാരന്റെ പണം തട്ടിയെടുത്താണ് അവര്‍ വളരുന്നത്. ജനങ്ങള്‍ മോദിക്ക് വോട്ട് ബാങ്കാണ്. ആളുകളുടെ ജീവിതം എങ്ങനെയായാലും അത് ബി.ജെ.പിയെ ബാധിക്കുന്ന കാര്യമല്ല. അധികാര സ്ഥാനത്തെ കുറിച്ച് മാത്രമാണ് അവരുടെ ചിന്ത,’ പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ പറ്റാത്തതാണെന്നും, മറ്റൊരു പ്രധാനമന്ത്രിയും ഉപയോഗിക്കാത്ത വാക്കുകളാണ് അദ്ദേഹം പ്രയോഗിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു. ഇങ്ങനെയൊരു നേതാവിനെ ഇനിയും നിങ്ങള്‍ തെരഞ്ഞെടുക്കുമോ എന്നും പ്രിയങ്ക ജനങ്ങളോട് ചോദിച്ചു.