മുംബൈ: വിലക്കയറ്റം സംബന്ധിച്ച ടെലിവിഷന്‍ ചര്‍ച്ചയില്‍ ബി.ജെ.പി വനിതാ പ്രതിനിധികള്‍ തമ്മില്‍ പരസ്യമായി തമ്മിലടിച്ചു. ബി.ജെ.പി മുംബൈ വിഭാഗം വക്താവും ബൗദ്ധിക വിഭാഗം കണ്‍വീനറുമായ സഞ്ജു വര്‍മ, സോഷ്യല്‍ മീഡിയയില്‍ ബി.ജെ.പിക്കും നരേന്ദ്ര മോദിക്കും അനുകൂലമായി പ്രചാരണങ്ങള്‍ നടത്തുന്ന സോനം മഹാജന്‍ എന്നിവരാണ് ന്യൂസ് 18 ഇന്ത്യ ഹിന്ദി ചാനലില്‍ പരസ്യമായി ഉടക്കിയത്. വിലക്കയറ്റം കേന്ദ്ര സര്‍ക്കാറിന് തിരിച്ചടിയുണ്ടാക്കും എന്ന് സോനം മഹാജന്‍ അഭിപ്രായപ്പെട്ടതാണ് ഇരുവരും തമ്മിലുള്ള വാക്കേറ്റത്തിലേക്ക് നയിച്ചത്. പരസ്പരം സംസാരിക്കാന്‍ അനുവദിക്കാതെ ഇരുവരും ഒച്ചവെച്ചതിനെ തുടര്‍ന്ന് അവതാരകന് ശബ്ദം ‘മ്യൂട്ട്’ ചെയ്യേണ്ടി വന്നു.
സാമ്പത്തിക വിദഗ്ധയായ സഞ്ജു വര്‍മ ബി.ജെ.പിക്കു വേണ്ടി സ്ഥിരമായി ചാനലുകളില്‍ പ്രത്യക്ഷപ്പെടുകയും എന്‍.ഡി.എ സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങളെ ന്യായീകരിക്കുകയും ചെയ്യാറുള്ളയാളാണ്. സോനം മഹാജനാകട്ടെ ‘രാഷ്ട്രീയ ബോധമുള്ള ഡോഗ്ര ഹിന്ദു, പശു കാവല്‍ക്കാരി’ എന്നാണ് ട്വിറ്ററില്‍ സ്വയം വിശേഷിപ്പിക്കാറുള്ളത്. മുസ്‌ലിം – ദളിത് – പിന്നാക്ക വിഭാഗങ്ങള്‍ക്കും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ക്കുമെതിരെ വളരെ മോശമായ ഭാഷയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രതികരിക്കാറുള്ള സോനം, സംഘ് പരിവാറിന്റെ സൈബര്‍ പോരാളികളില്‍ മുന്നിലുള്ളയാളാണ്.
ന്യൂസ് 18 ഹിന്ദി ചാനല്‍ രാജ്യത്തെ വിലക്കയറ്റം സംബന്ധിച്ചു നടത്തിയ ചര്‍ച്ചയില്‍ സോനം മഹാജന്‍ രാഷ്ട്രീയ നിരീക്ഷക എന്ന നിലയിലും സഞ്ജു വര്‍മ ബി.ജെ.പി വക്താവ് എന്ന നിലയിലുമാണ് പങ്കെടുത്തത്. കോണ്‍ഗ്രസ്, സി.പി.എം, സമാജ്‌വാദി പാര്‍ട്ടി എന്നിവയുടെ പ്രതിനിധികളും ചര്‍ച്ചയിലുണ്ടായിരുന്നു. വിലക്കയറ്റം സാധാരണ ജനങ്ങളെ ബാധിക്കുന്നതാണെന്നും അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതാണ് യു.പി.എ സര്‍ക്കാറിന്റെ പതനത്തിന് വഴിവെച്ചതെന്നും സോനം മഹാജന്‍ പറഞ്ഞു. നയു.പി.എ ഭരണകാലത്ത് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റത്തിന്റെ പേരില്‍ നരേന്ദ്ര മോദി കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയിരുന്നുവെന്നും മോദി അധികാരത്തിലെത്തിയ ശേഷം പെട്രോളിന്റെ എക്‌സൈസ് തീരുവ നൂറു ശതമാനത്തിലേറെ ആയെന്നും സോനം പറഞ്ഞു. അന്താരാഷ്ട്ര കമ്പോളത്തില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ കുറഞ്ഞത് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പ്രചരണം നടത്തുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ എണ്ണവില നിര്‍ണയിക്കുന്നതില്‍ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയ്‌ക്കൊപ്പം ഡോളറിന്റെ കരുത്തിനും പങ്കുണ്ടെന്നും ഡോളര്‍ കരുത്താര്‍ജിച്ചതിനാലാണ് എണ്ണവില കുറക്കാന്‍ സര്‍ക്കാറിന് കഴിയാത്തതെന്നും സഞ്ജു വര്‍മ പറഞ്ഞു. ഈ ന്യായം മന്‍മോഹന്‍ സിങ് സര്‍ക്കാറിന്റെ കാലത്തും ബാധമായിരുന്നില്ലേ എന്ന് സോനം ചോദിച്ചപ്പോള്‍ ‘ഈ സ്ത്രീയോട് മിണ്ടാതിരിക്കാന്‍ പറയൂ’ എന്നാണ് സഞ്ജു അവതാരകനോട് ആവശ്യപ്പെട്ടത്.
പിന്നീട് സോനം മഹാജന്‍ സംസാരിക്കുന്നതിനിടെയാണ് ഇരുവരും തമ്മില്‍ വാക്കേറ്റത്തിലെത്തിയത്. തന്റെ സംസാരത്തിനിടയില്‍ സംസാരിച്ച സഞ്ജുവിനോട് സോനം ‘ഷട്ട് അപ്പ്’ എന്നു പറയുകയും സഞ്ജു തിരിച്ച്: ‘നീയൊരു ട്രോളാണ്’ എന്നു പറയുകയും ചെയ്യുകയായിരുന്നു. വാഗ്വാദം ചൂടേറിയതോടെ അവതാരകന്‍ ഇരുവരുടെയും ശബ്ദങ്ങള്‍ മ്യൂട്ട് ചെയ്യുകയായിരുന്നു.