ഗാന്ധിനഗര്‍: ഈ വര്‍ഷാവസാനം നടക്കാനിരിക്കുന്ന ഗുജറാത്ത് അസംബ്ലി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 150-ലധികം സീറ്റുകള്‍ നേടി ഭരണം തുടരുമെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഗാന്ധിനഗറില്‍ ബി.ജെ.പിയുടെ ഗൗരവ് യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കവെയാണ് ഷായുടെ പ്രസ്താവന. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.
‘വിധാന്‍ സഭയായാലും ലോക്‌സഭയായാലും ഗുജറാത്ത് ബി.ജെ.പിയെയാണ് പിന്തുണച്ചിട്ടുള്ളത്. ആ പിന്തുണ തുടരും. കേരളം മുതല്‍ കശ്മീര്‍ വരെയും അസം മുതല്‍ ഗുജറാത്ത് വരെയും മോദി തരംഗമാണ് രാജ്യത്തുള്ളത്. നരേന്ദ്ര മോദിയുടെ ഗുജറാത്ത് മോഡല്‍ ആണ് വികസത്തിന്റെ വ്യാഖ്യാനം.’ ഷാ പറഞ്ഞു.
ഗുജറാത്തിലുടനീളം വന്‍ തരംഗമുണ്ടാക്കിയ രാഹുല്‍ ഗാന്ധിയെ പേരെടുത്തു വിമര്‍ശിക്കാനും ബി.ജെ.പി അധ്യക്ഷന്‍ മറന്നില്ല. ‘വര്‍ഷങ്ങളായി അമേഠിയില്‍ ഉണ്ടായിട്ടും അവിടെ ഒരു കലക്ട്രേറ്റ് നിര്‍മിക്കാന്‍ പോലും രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞിട്ടില്ല. എന്നിട്ടാണ് അദ്ദേഹം ഗുജറാത്തില്‍ നമ്മുടെ ജോലിയെ ചോദ്യം ചെയ്യുന്നത്. അവര്‍ ബുള്ളറ്റ് ട്രെയിനിനെ കളിയാക്കുന്നവരാണ്. ഗുജറാത്തിലെ ജനങ്ങള്‍ വികസനം ഇഷ്ടപ്പെടുന്നവരാണ്.’ ഷാ പറഞ്ഞു.