ന്യൂഡല്‍ഹി: ഗൊരഖ്പൂര്‍, ഫുല്‍പൂര്‍ ലോക്‌സഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ രൂപപ്പെട്ട എസ്.പി – ബി.എസ്.പി സഖ്യം 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ തുടര്‍ന്നാല്‍ ബി.ജെ.പിക്ക് ഉത്തര്‍പ്രദേശില്‍ മാത്രം 50 ലോക്‌സഭാ സീറ്റുകളെങ്കിലും നഷ്ടമാകുമെന്ന് കണക്കുകള്‍.
2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലം തിരിച്ച് ഓരോ കക്ഷികള്‍ക്കും ലഭിച്ച വോട്ടുകള്‍ കണക്കുകൂട്ടുമ്പോഴാണ് ബി.ജെ.പിയുടെ പ്രതീക്ഷ തെറ്റുന്നത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.പിയിലെ 80 മണ്ഡലങ്ങളില്‍ 71 സീറ്റിലും ബി. ജെ.പിക്കായിരുന്നു ജയം. രണ്ടിടത്ത് ബി.ജെ.പിയുടെ സഖ്യ കക്ഷികളും ജയിച്ചു. ശേഷിച്ചവയില്‍ അഞ്ച് മണ്ഡലങ്ങളിലാണ് എസ്.പി വിജയിച്ചത്. രണ്ടിടത്ത് കോണ്ഗ്രസും. മായാവതിയുടെ നേതൃത്വത്തിലുള്ള ബി.എഎസ്.പിക്ക് ഒരു സീറ്റില്‍ പോലും ജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഗൊരഖ്പൂര്‍, ഫുല്‍പൂര്‍ ഉപതെരഞ്ഞെടുപ്പോടെ ചിത്രങ്ങള്‍ പൂര്‍ണമായും മാറുകയാണ്.
2014ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ പ്രത്യക്ഷ നിലപാടുകള്‍ സ്വീകരിച്ച പാര്‍ട്ടികളായിരുന്നു എസ്.പിയും ബി.എസ്.പിയും. എന്നാല്‍ വെവ്വേറെ മത്സരിച്ചതിനാല്‍ രണ്ടു കൂട്ടര്‍ക്കും നഷ്ടമായിരുന്നു ഫലം. 2017ലെ യു.പി നിയമസഭാ തെരഞ്ഞെടുപ്പിലും ഇതു തന്നെയായിരുന്നു സ്ഥിതി.
ഈ തിരിച്ചറിവാണ് ഉപതെരഞ്ഞെടുപ്പുകളില്‍ പുതിയ രാഷ്ട്രീയ സഖ്യ നീക്കങ്ങള്‍ക്ക് ഇരു പാര്‍ട്ടികളേയും പ്രേരിപ്പിച്ചത്. പരസ്യമായ രാഷ്ട്രീയ സഖ്യമായിരുന്നില്ല ഗൊരഖ്പൂരിലും ഫുല്‍പൂരിലും ഇരു പാര്‍ട്ടികളുമുണ്ടാക്കിയത്. പകരം രണ്ടു മണ്ഡലങ്ങളിലും ബി.എസ്.പി സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ എസ്.പിക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഇതിനു പകരമായി യു.പിയില്‍ ഒഴിവു വരുന്ന ഒരു രാജ്യസഭാ സീറ്റിലേക്ക് ബി.എസ്.പിയെ പിന്തുണക്കുമെന്ന് എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ് വ്യക്തമാക്കിയതോടെ ബന്ധം കുടുതല്‍ ദൃഢമായിട്ടുണ്ട്. എന്നാല്‍ 2019ലേക്കെത്തുമ്പോള്‍ സീറ്റ് വിഭജനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇരു പാര്‍ട്ടികളും വിട്ടുവീഴ്ചയോടെ നീങ്ങേണ്ടി വരും. ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കും എന്നതിലാണ് സഖ്യ നീക്കത്തിന്റെ വിജയം. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 403 മണ്ഡലങ്ങളില്‍ 47 സീറ്റുകളിലാണ് എസ്.പി ജയിച്ചത്. ബി.എസ്.പി ജയിച്ചത് 19 മണ്ഡലങ്ങളിലും. എസ്.പി സഖ്യകകക്ഷിയായ കോ ണ്‍ഗ്രസിന് ഏഴ് സീറ്റുകളില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ചെറു കക്ഷികളുമായി സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പി 325 സീറ്റുകളില്‍ ജയിച്ചിരുന്നു. എസ്.പിയും ബി. എസ്.പിയും തനിച്ചു മത്സരിച്ചാണ് ബി.ജെ.പിക്ക് ഇത്ര വലിയ നേട്ടത്തിന് വഴിയൊരുക്കിയതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതായത് 2017ലെ എസ്.പിക്കും ബി.എസ്.പിക്കും ലഭിച്ച വോട്ടുകള്‍ ചേര്‍ത്താല്‍ 57 ലോക്‌സഭാ മണ്ഡലങ്ങളില്‍ എസ്.പി – ബി.എസ്.പി സഖ്യം ബി. ജെ.പിക്ക് മുന്നിലാകും.
ശരാശരി 1.45 ലക്ഷം വോട്ടിന്റെ ലീഡ് ഈ മണ്ഡലങ്ങളില്‍ സഖ്യത്തിന് ലഭിക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതോടെ നിലവിലെ 73ല്‍ നിന്ന് കേവലം 23 സീറ്റിലേക്ക് ബി.ജെ.പി കൂപ്പുകുത്തും. മാത്രമല്ല, ഈ 23 സീറ്റുകളില്‍ തന്നെ ബി.ജെ.പിയുടെ ശരാശരി ലീഡ് 58,000 വോട്ട് മാത്രമായിരിക്കും. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടിങ് കണക്കുകള്‍ വച്ചു നോക്കിയാല്‍ ബി.ജെ.പി ജയിച്ച 73 മണ്ഡലങ്ങളിലെ ശരാശരി ലീഡ് 1.88 ലക്ഷം വോട്ടാണ്. ഇതില്‍നിന്നാണ് 58,000ത്തിലേക്ക് കൂപ്പു കുത്തുന്നത്.