X

ഗുജറാത്തിലും മധ്യപ്രദേശിലും ബി.ജെ.പിക്ക് ഭരണം നഷ്ടമാകുമെന്ന് ആര്‍.എസ്.എസ് സര്‍വേ

ന്യൂഡല്‍ഹി: നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും ചങ്കിടിപ്പ് വര്‍ധിപ്പിച്ച് ആര്‍.എസ്.എസ് സര്‍വേ. ഗുജറാത്ത്, മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് കാലിടറുമെന്നാണ് സംഘ്പരിവാറിന്റെ ആഭ്യന്തര സര്‍വേ കണ്ടെത്തിയിരിക്കുന്നത്.

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 120 സീറ്റുകള്‍ നേടി ഒന്നാമതെത്തുമെന്നും ബി.ജെ.പിക്ക് 57-60 സീറ്റുകള്‍ മാത്രമേ ലഭിക്കൂവെന്നുമാണ് സര്‍വേ പറയുന്നത്. ബി.ജെ.പി വോട്ട് ഷെയറില്‍ 10 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നാണ് സംഘ്പരിവാര്‍ നേരിട്ട് നടത്തിയ സര്‍വേ വ്യക്തമാക്കുന്നത്. ഗുജറാത്തില്‍ എട്ട് ശതമാനം മുതല്‍ 10 ശതമാനം വരെ ബി.ജെ.പി വോട്ടുകളില്‍ കുറവുണ്ടാകുമെന്നാണ് കണ്ടെത്തല്‍.

സംവരണമുള്‍പ്പെടെയുള്ള വിഷയത്തില്‍ പിന്നാക്ക വിഭാഗക്കാര്‍ക്ക് സര്‍ക്കാറിനോടുള്ള അതൃപ്തിയും പട്ടീദാര്‍ പ്രക്ഷോഭവും പാര്‍ട്ടിക്ക് തിരിച്ചടിയാവുമെന്നാണ് ആര്‍.എസ്.എസ് പറയുന്നത്. ഇതിനു പുറമെ ഉനയില്‍ ദളിതുകള്‍ക്കു നേരെയുണ്ടായ ആക്രമണം സര്‍ക്കാറിന് കനത്ത തിരിച്ചടിയാവുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഗുജറാത്ത് മോഡല്‍ വികസനം എന്ന തുരുപ്പ് ചീട്ട് ഇത്തവണ ഫലം ചെയ്‌തേക്കില്ല. അതിനാല്‍ ഗുജറാത്ത് നഷ്ടപ്പെടുമെന്നാണ് സര്‍വേയിലുള്ളത്. നേരത്തെ പഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 193ല്‍ 113 സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 20 ബിജെപി സ്ഥാനാര്‍ത്ഥികള്‍ 5000ല്‍ താഴെ വോട്ടുകള്‍ക്കാണ് ജയിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ബി.ജെ.പി ദേശീയ അധ്യക്ഷനും പ്രധാനമന്ത്രിക്കും കൈമാറിയിട്ടുണ്ട്.

chandrika: