X

ഹരിയാന ഇത്തവണ ബിജെപിക്ക് നഷ്ടമാകും; സംസ്ഥാന ഉപാധ്യക്ഷന്‍ വരെ പാര്‍ട്ടിവിട്ടു; മോദി പ്രഭാവവും ഏശുന്നില്ല

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹരിയാനയില്‍ ബി.ജെ.പിക്ക് തിരിച്ചടികള്‍ തുടരുകയാണ്. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് നിരവധി നേതാക്കളാണ് ഇതിനോടകം പാര്‍ട്ടിവിട്ടത്. സംസ്ഥാന ബി.ജെ.പി ഉപാധ്യക്ഷന്‍ ജി.എല്‍ ശര്‍മ്മ അടക്കമുള്ള നേതാക്കളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസിലേക്ക് എത്തിയത്.

ബി.ജെ.പി സീറ്റ് നിഷേധിച്ചതിന്റെ അതൃപ്തി ഉണ്ടെങ്കിലും സംസ്ഥാനത്ത് കോണ്‍ഗ്രസ് അനുകൂല സാഹചര്യം ഉണ്ടെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് നേതാക്കളുടെ ഈ കൂടുമാറ്റം എന്ന വിലയിരുത്തലും ശക്തമാണ്. കര്‍ഷക സമരം മുതല്‍ വിനേഷ് ഫോഗട്ടിന്റെ ഒളിപിക്‌സ് മെഡല്‍ നഷ്ടം വരേയുള്ള വിവിധ ഘടകങ്ങള്‍ ഹരിയാനയില്‍ ഇത്തവണ ബി.ജെ.പിക്ക് തിരിച്ചടിയായേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ നിഷേധാത്മക നിലപാടായിരുന്നും ബിജെപി കൈക്കൊണ്ടത്. ഏറ്റവും കൂടുതല്‍ ഗുസ്തി താരങ്ങള്‍ ഉള്ള ഹരിയാനയില്‍ ഒരിക്കല്‍പ്പോലും അവര്‍ക്കൊപ്പം നില്‍ക്കാന്‍ ബിജെപി നേതൃത്വം ശ്രമിച്ചിരുന്നില്ല. ഭരണവിരുദ്ധ വികാരം കൂടി ശക്തമായതോടെ ഹരിയാനയില്‍ ബിജെപി നിലംതൊടില്ലെന്നുറപ്പായിരിക്കുകയാണ്.

നിരവധി നേതാക്കളാണ് ഇതിനോടകം പാര്‍ട്ടിവിട്ടത്. ജി.എല്‍ ശര്‍മ 250-ലധികം ഭാരവാഹികളുമായിട്ടാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത് എന്നതാണ് ശ്രദ്ധേയം. ശര്‍മ്മയ്ക്കൊപ്പം ബിജെപിയുടെയും മറ്റ് സംഘടനകളുടെയും നിരവധി പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഹരിയാന സര്‍ക്കാരില്‍ ക്ഷീര വികസന കോര്‍പ്പറേഷന്റെ ചെയര്‍മാനായിരുന്നു ശര്‍മ്മ. മുന്‍ ഉപപ്രധാനമന്ത്രി ദേവി ലാലിന്റെ ചെറുമകനായ ആദിത്യ ദേവി ലാല്‍ ഞായറാഴ്ച ബി ജെ പി വിട്ട് ഇന്ത്യന്‍ നാഷണല്‍ ലോക്ദളില്‍ ചേരുകയും ദബ്വാലിയില്‍ നിന്ന് മത്സരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ദേവിലാല്‍ കുടുംബത്തില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ ബിജെപി വിടുന്ന രണ്ടാമത്തെയാളാണ് ആദിത്യ.

സ്ഥാനാര്‍ത്ഥി പട്ടികയിലെ അതൃപ്തിയെ തുടര്‍ന്ന് ബി ജെ പിയുടെ ബച്ചന്‍ സിംഗ് ആര്യയും പാര്‍ട്ടി വിട്ടിട്ടുണ്ട്. രതിയ അസംബ്ലി മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ ലക്ഷ്മണ്‍ നാപയും ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച രാജിവച്ചിരുന്നു. മത്സരിക്കാന്‍ അവസരം ലഭിക്കാത്തതിനെ തുടര്‍ന്ന് പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ ശ്രമിക്കുമെന്ന് വ്യക്തമാക്കി മുന്‍ ബിജെപി സംസ്ഥാന മന്ത്രി കരണ്‍ കാംബോജും കഴിഞ്ഞ ആഴ്ച പാര്‍ട്ടി വിട്ടു. ഒരുവശത്ത് പാര്‍ട്ടിയിലെ കൊഴിഞ്ഞുപോക്കലുകളും, മറുവശത്ത് ഭരണവിരുദ്ധവികാരവും ബിജെപിയെ പിടിച്ചുകുലുക്കുകയാണ്.

webdesk13: