ലഖ്‌നൗ:അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ നിന്നും പാര്‍ട്ടിക് വലിയ തിരിച്ചടി നേരിടുമെന്ന്് ബി.ജെ.പി വക്താവ് ഡോ. ദീപ്തി ഭരദ്വാജ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സംസ്ഥാനത്ത് ഉണ്ടായ സംഭവങ്ങള്‍ ദുരന്തസമാനമാണ്. ഇതു വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാവും ദീപ്തി ട്വിറ്ററില്‍ കുറിച്ചു.
ബിജെപി എംഎല്‍എയ്‌ക്കെതിരായ ബലാത്സംഗക്കേസും ദളിത് വിഭാഗത്തിനെതിരെ ഉണ്ടാകുന്ന നിരന്തര ആക്രമണവും പാര്‍ട്ടിക്കെതിരെ ദളിത് വിഭാഗങ്ങള്‍ ഒന്നാകാനുള്ള സാധ്യതയും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ദിവസം പീഡനത്തിനിരയായ പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഇരയായ പെണ്‍കുട്ടിയും കുടുംബവും മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയിരുന്നു. ഇതിന് പിന്നാലെ കസ്റ്റഡിയിലെടുത്ത പെണ്‍കുട്ടിയുടെ പിതാവ് മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ചിരുന്നു. പിതാവിന്റെ കൊലപാതകത്തില്‍ എംഎല്‍എയുടെ സഹോദരന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളുമുണ്ട്. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് പിതാവിന്റെ മൃതദേഹം ഇപ്പോഴും സംസ്‌കരിച്ചിട്ടില്ല.
സംസ്ഥാനത്ത് മറ്റൊരു ബിജെപി എംപിക്കെതിരെയും ലൈംഗിക ആരോപണം ഉയര്‍ന്നിട്ടുണ്ട്. അതിനിടെ മുന്‍ കേന്ദ്രമന്ത്രി സ്വാമി ചിന്മായനന്ദിനെതിരെയുള്ള ലൈംഗിക കേസ് റദ്ദാക്കാനുള്ള യോഗി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയും പ്രതിഷേധം ശക്തമാണ്. ഭരണഘടനാ ശില്‍പി അംബേദ്ക്കറുടെ പ്രതിമകള്‍ തകര്‍ക്കലും സംസ്ഥാനത്ത് നിത്യസംഭവമായി മാറി. അംബേദ്കറുടെ പ്രതിമക്ക് കാവിനിറം നല്‍കിയതിന് പിന്നാലെ ബിഎസ്പി പ്രവര്‍ത്തകര്‍ നീലം നിറം പൂശിയിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങളെല്ലാം സംസ്ഥാനത്ത് ദളിത് വിരുദ്ധ വികാരം ആളിക്കത്തിക്കാനും ഭരണവിരുദ്ധവികാരം ഉണ്ടാക്കുന്നതായും ബിജെപി വക്താവ് ചൂണ്ടിക്കാണിക്കുന്നു.
യോഗിയുടെ തീവ്ര ഹിന്ദു വര്‍ഗീയ നിലപാടുകളില്‍ പ്രതിഷേധിച്ച് മായാവതിയും അഖിലേഷും യാദവും ഉപതെരഞ്ഞെടുപ്പില്‍ സഖ്യത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഈ സഖ്യം ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തറപ്പറ്റിക്കുകയും ചെയ്തു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും ഈ സഖ്യം തുടരുമെന്നതും ബി.ജെ.പിക്ക് തലവേദനയാണ്. 2014 പൊതുതെരഞ്ഞെടുപ്പില്‍ യുപിയില്‍ 80ല്‍ 71 സീറ്റും ബി.ജെ.പി സ്വന്തമാക്കി മിന്നും ജയമാണ് സ്വന്തമാക്കിയിരുന്നത്.