ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ കാത്തിരിക്കുന്നത് വന്‍ പരാജയമെന്ന് ആം ആദ്മി പാര്‍ട്ടി മുന്‍ നേതാവും രാഷ്ട്രീയ നിരീക്ഷകനുമായ യോഗേന്ദ്ര യാദവ്. സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും യോഗേന്ദ്ര യാദവ് പ്രവചിച്ചു. നാളെ ഗുജറാത്തില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസിനു അനുകൂല പ്രവചനവുമായി യോഗേന്ദ്ര യാദവ് രംഗത്തെത്തിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സാധ്യതകളാണ് യോഗേന്ദ്ര യാദവ് പറയുന്നത്
ആദ്യ ഫലത്തില്‍ 43 ശതമാനം വോട്ടോടെ 86 സീറ്റുകളില്‍ ബി.ജെ.പി ചുരുങ്ങുമെന്നാണ് യാദവ് പറയുന്നത്. കോണ്‍ഗ്രസിനും 43 ശതമാനം വോട്ടുകളാണ് ലഭിക്കുകയെന്നും എന്നാല്‍ 92 സീറ്റോടെ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്നും യോഗേന്ദ്ര യാദവ് പ്രവചിക്കുന്നു.
യാദവ് രണ്ടാമത് സാധ്യത കല്‍പ്പിക്കുന്ന ഫലത്തില്‍ ബി.ജെ.പിയുടെ സീറ്റുകള്‍ കുത്തനെ ഇടിയുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. 41 ശതമാനം വോട്ടോടെ 65 സീറ്റുകളിലേയ്ക്ക് ബി.ജെ.പി കൂപ്പുകുത്തുമെന്നാണ് ഈ പ്രവചനത്തില്‍ പറയുന്നത്. 113 സീറ്റ് നേടി കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തതോടെ അധികാരത്തിലെത്തുമെന്നും പറയുന്നു.
മൂന്നാമത്തെ പ്രവചനം ബി.ജെ.പി കേന്ദ്രങ്ങള്‍ക്ക് ഒട്ടും ആശ്വാസം നല്‍കുന്നതല്ല. ബി.ജെ.പി വന്‍ പരാജയമേറ്റു വാങ്ങുമെന്നത് തളളി കളയാന്‍ കഴിയുകയില്ല എന്നാണ് മൂന്നാമത്തെ പ്രവചനത്തില്‍ പറയുന്നത്.
ഗ്രാമീണ, ഇടത്തര നഗര മേഖലകളിലായിരിക്കും ബി.ജെ.പിയ്ക്ക് ഏറ്റവുമധികം തിരിച്ചടിയേല്‍ക്കേണ്ടി വരികയെന്നും ട്വിറ്റര്‍ പോസ്റ്റിലൂടെ യാദവ് പറയുന്നു.