X

മഹാരാഷ്ട്രയില്‍ മൂന്നു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ രൂപവത്കരിക്കും; അതിനുള്ള കളി തുടങ്ങി- വെളിപ്പെടുത്തലുമായി കേന്ദ്രമന്ത്രി

ഔറംഗാബാദ്: അടുത്ത രണ്ടു മൂന്നു മാസത്തിനുള്ളില്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന വെല്ലുവിളിയുമായി കേന്ദ്രമന്ത്രി റാവുസാഹെബ് ദന്‍വെ. പര്‍ഭനിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി സംവദിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

‘മഹാരാഷ്ട്രയില്‍ നമ്മുടെ സര്‍ക്കാര്‍ അധികാരത്തില്‍ വരില്ല എന്ന് ബിജെപി പ്രവര്‍ത്തകര്‍ ചിന്തിക്കരുത്. അടുത്ത രണ്ടു മാസത്തിനുള്ളില്‍ നാം സര്‍ക്കാര്‍ രൂപീകരിക്കും. കണക്കുകളില്‍ കളി തുടങ്ങിയിട്ടുണ്ട്. ലജിസ്ലേറ്റീവ് കൗണ്‍സിലിലെ തെരഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരിക്കുകയാണ്’ – മന്ത്രി പറഞ്ഞു.

ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തില്‍ ഏതാനും മണിക്കൂറുകള്‍ മാത്രം പ്രായമുള്ള മന്ത്രിസഭ വീണതിന്റെ വാര്‍ഷികത്തിലാണ് ധന്‍വെയുടെ പരാമര്‍ശങ്ങള്‍. എന്‍സിപി നേതാവ് അജിത് പവാറുമായി ചേര്‍ന്നാണ് ഫഡ്‌നാവിസ് മന്ത്രിസഭ രൂപീകരിച്ചിരുന്നത്. എന്നാല്‍ 80 മണിക്കൂര്‍ മാത്രം ആയുസ്സു നീണ്ട മന്ത്രിസഭ വീഴുകയായിരുന്നു.

മഹാരാഷ്ട്ര നിയമസഭയില്‍ 105 സീറ്റാണ് ബിജെപിക്കുള്ളത്. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി എങ്കിലും ശിവസേന പിന്തുണ നല്‍കാത്തതു കൊണ്ട് ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കാതെ വരികയായിരുന്നു. അധികാരത്തില്‍ രണ്ടര വര്‍ഷം മുഖ്യമന്ത്രി പദം തങ്ങള്‍ക്കു വേണമെന്ന സേനയുടെ ആവശ്യം ബിജെപി അംഗീകരിക്കാതിരുന്നതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.

തൊട്ടുപിന്നാലെ, 56 സീറ്റുള്ള സേനയും 54 സീറ്റുള്ള എന്‍സിപിയും 44 സീറ്റുള്ള കോണ്‍ഗ്രസും ചേര്‍ന്ന് സംസ്ഥാനത്ത് പുതിയ മന്ത്രിസഭ രൂപീകരിക്കുകയായിരുന്നു. സേനാ നേതാവ് ഉദ്ധവ് താക്കറെയാണ് മുഖ്യമന്ത്രി. എന്‍സിപിയുടെ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയും.

Test User: