ബെംഗളൂരു: കര്‍ണാടകയില്‍ ബി.എസ് യെദിയൂരപ്പയുടെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സൂചന. യെദിയൂരപ്പ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ചു. തീരുമാനം പിന്നീട് അറിയിക്കാമെന്നാണ് ഗവര്‍ണര്‍ യെദിയൂരപ്പയെ അറിയിച്ചതെന്നാണ് വിവരം. കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്ന് യെദിയൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.
ഏത് വിധേനയും കര്‍ണാടകയില്‍ അധികാരത്തില്‍ വരാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. മോദിയുടെ പ്രത്യേക ദൂതനായി കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കര്‍ രാവിലെ ബെംഗളൂരുവിലെത്തിയിട്ടുണ്ട്. ജെ.ഡി.എസ്-കോണ്‍ഗ്രസ് എം.എല്‍.എമാരെ പണവും പദവിയും വാഗ്ദാനം ചെയ്ത് സ്വന്തം പാളയത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി.
അതേസമയം സര്‍ക്കാര്‍ രൂപീകരണ ശ്രമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസും വ്യക്തമാക്കി. ഏത് വിധേനയും സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങളുമായി മുന്നോട്ടു പോകുമെന്ന് ഗുലാം നബി ആസാദും കെ.സി വേണുഗോപാലും വ്യക്തമാക്കി. ഗവര്‍ണര്‍ തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും കെ.സി വേണുഗോപാല്‍ വ്യക്തമാക്കി.
ഗുജറാത്തിലെ ആര്‍.എസ്.എസ് നേതാവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനുമാണ് ഗവര്‍ണര്‍ വാജുഭായ് വാല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ ബി.ജെ.പി അനുകൂലമാകുമെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്. അതിന്റെ സൂചനകളും കഴിഞ്ഞ ദിവസം കണ്ടിരുന്നു. എച്ച്.ഡി കുമാരസ്വാമിയും പി.സി.സി അധ്യക്ഷന്‍ പരമേശ്വറും ഗവര്‍ണറെ കാണാന്‍ അനുമതി തേടിയിരുന്നെങ്കിലും അദ്ദേഹം യെദിയൂരപ്പയെ തിരക്കിട്ട് രാജ്ഭവനിലേക്ക് വിളിച്ച് വരുത്തി ആദ്യം അദ്ദേഹത്തെ കണ്ട ശേഷമാണ് മറ്റുള്ളവരെ കാണാന്‍ തയ്യാറായത്.