X

വ്യാജമെന്ന് പറഞ്ഞ് ആർ.എസ്.എസിനെ ബി.ജെ.പി നിരോധിക്കും: ഉദ്ധവ് താക്കറെ

ആർ.എസ്.എസിനെ ബി.ജെ.പി നിരോധിച്ചേക്കുമെന്ന് താൻ ഭയപ്പെടുകയാണെന്ന് ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ. ബി.ജെ.പി പ്രസിഡന്റ് ജെ.പി. നദ്ദ പറയുന്നത് അവർക്ക് ഇനി ആർ.എസ്.എസിന്റെ ആവശ്യമില്ലെന്നാണ്. ആർ.എസ്.എസിന്റെ നൂറാം വർഷത്തിൽ അവർ അപകടത്തിലാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

മോദി ശിവസേനയെ (യു.ബി.ടി) വ്യാജ സേന എന്നും തന്നെ ബാലാസാഹേബ് താക്കറെയുടെ വ്യാജ സാന്താനമെന്നും വിളിച്ചു. നാളെ അവർ ആർ.എസ്.എസിനെ വ്യാജം എന്ന് മുദ്രകുത്തി നിരോധിക്കും.

മഹാരാഷ്ട്രയിലെ റാലികളിൽ മോദി ഞങ്ങളെ വ്യാജ ശിവസേന എന്നാണ് വിശേഷിപ്പിച്ചത്. ഏത് ശിവസേനയാണ് ഒറിജിനലെന്നും ആരാണ് വ്യാജമെന്നും തെരഞ്ഞെടുപ്പിന് ശേഷം വ്യക്തമാകും.

മോദിയുടെ പ്രതിസന്ധി ഘട്ടത്തിൽ ബാലാസാഹേബ് താക്കറെ അദ്ദേഹത്തിന് പിന്നിൽ ഉറച്ചുനിന്നതാണ്. അതേ ശിവസേനയെ മോദി വ്യാജമെന്ന് വിളിക്കുന്നു. നാളെ ആർ.എസ്.എസിനെ വ്യാജമെന്ന് വിളിക്കാൻ അവർ മടിക്കില്ലെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി.

ആദ്യകാലത്ത് ഞങ്ങൾക്ക് ശക്തിയും സംഘബലവും കുറവായതിനാൽ ആർ.എസ്.എസിനെ ആവശ്യമായി വന്നിരുന്നുവെന്ന് കഴിഞ്ഞദിവസം ബി.ജെ.പി അധ്യക്ഷൻ ജെ.പി. നദ്ദ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇന്ന് നമ്മൾ വളർന്നു. കൂടുതൽ കഴിവുള്ളവരായി മാറി. ബി.ജെ.പിക്ക് സ്വന്തമായി പ്രവർത്തിക്കാൻ സാധിക്കുമെന്നും നദ്ദ കൂട്ടിച്ചേർത്തു.

webdesk13: