X
    Categories: CultureNewsViews

തൃണമൂല്‍ പ്രവര്‍ത്തകരെ മര്‍ദ്ദിക്കാന്‍ ആഹ്വാനം ചെയ്ത ബി.ജെ.പി നേതാവിനെ നാട്ടുകാര്‍ വളഞ്ഞിട്ട് തല്ലി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളെ മര്‍ദ്ദിക്കാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ദിലീപ് ഘോഷിനെ നാട്ടുകാര്‍ വളഞ്ഞിട്ട് തല്ലി. ഇന്ന് രാവിലെ കൊല്‍ക്കത്ത നഗരത്തിലെ ലേക് ടൗണില്‍ പ്രഭാത സവാരിക്ക് ശേഷം ചായ് പേ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റു. ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ലോക്‌സഭാംഗം കൂടിയായ ദിലീപ് ഘോഷ് ആരോപിച്ചു.

പശ്ചിമ ബംഗാള്‍ പൊലീസിനെയും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ആക്രമിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് കിഴക്കന്‍ മിഡ്‌നാപ്പൂരിലാണ് ഇദ്ദേഹം തിങ്കളാഴ്ച പ്രസംഗിച്ചത്. ഇതിന് പിന്നാലെ ദിലീപ് ഘോഷിനെതിരെ പശ്ചിമ ബംഗാള്‍ പൊലീസ് സ്വമേധയാ കേസെടുത്തിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയോ ഗുണ്ടകളെയോ പൊലീസിനെയോ ഭയപ്പെടേണ്ടെന്നും ബി.ജെ.പിക്ക് മുന്നില്‍ ഇവരെല്ലാം നിസ്സാരക്കാരാണെന്നുമാണ് ദിലീപ് ഘോഷ് പ്രസംഗിച്ചത്. ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടാല്‍ പൊലീസിനെയും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും തിരിച്ചും ആക്രമിക്കണമെന്നും ബാക്കി കാര്യം തങ്ങള്‍ നോക്കിക്കോളുമെന്നുമാണ് ദിലീപ് ഘോഷ് പ്രസംഗിച്ചത്. ബി.ജെ.പിക്ക് മുന്നില്‍ തൃണമൂല്‍ നേതാക്കള്‍ വെറും പുഴുക്കളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: