X

‘പാലക്കാട് പടപേടിച്ച് പന്തളത്ത് ചെന്ന ബി.ജെ.പിക്ക് അവിടെ പന്തം കൊളുത്തി പട’

പാലക്കാട്ടെ പടപേടിച്ച് പന്തളത്ത് ചെന്നപ്പോൾ അവിടെ പന്തം കൊളുത്തി പട എന്നതാണ് ബി.ജെ.പിയുടെ ഇപ്പോഴത്തെ അവസ്ഥയെന്ന് കോണ്‍ഗ്രസ് നേതാവ്‌ സന്ദീപ് വാര്യർ. അരിസ്റ്റോ ജങ്ഷനിൽ ഐ.എൻ.ടി.യു.സി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാലക്കാട് തെരഞ്ഞെടുപ്പിൽ മത്സരിച്ച മഹാന് തന്നെയാണ് പന്തളം നഗരസഭയുടെയും ചുമതലയുള്ളത്. അപ്പോൾ പിന്നെ അവിടെ നടക്കുന്ന കാര്യങ്ങൾ ഒക്കെ സ്വാഭാവികം മാത്രമാണ്. കേരളത്തിൽ ബി.ജെ.പി ഭരിക്കുന്ന രണ്ട് നഗരസഭകളാണ് പന്തളവും പാലക്കാടും. ഭരണപരാജയത്തിന്റെയും അഴിമതിയുടെയും കേരളത്തിലെ രണ്ട് ഉദാഹരണങ്ങളാണ് ഈ നഗരസഭകൾ. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഇവിടെ നടക്കുന്നത്.

ബി.ജെ.പിക്ക് അധികാരം നൽകിയാൽ എന്താണ് സംഭവിക്കുക എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമായി പാലക്കാട് നഗരസഭയും പന്തളം നഗരസഭയും മാറിയിരിക്കുകയാണ്. ബി.ജെ.പിയുടെ മാൻ പവർ സ​പ്ലൈ ഏജൻസിയായി സി.പി.എം മാറി. സി.പി.എം മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയുമായി ബി.ജെ.പിക്കുള്ള കൊടുക്കൽ വാങ്ങൽ അന്വേഷിക്കണം -സന്ദീപ ആവശ്യപ്പെട്ടു.

ബി.ജെ.പി ഭരിക്കുന്ന പന്തളം നഗരസഭയിൽ ഇന്നലെ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. ചെയർപേഴ്സൺ സുശീല സന്തോഷും വൈസ് ചെയർപേഴ്സൺ യു.രമ്യയും അപ്രതീക്ഷിതമായി രാജിവെക്കുകയായിരുന്നു. നഗരസഭയിൽ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസത്തെ യു.ഡി.എഫ് പിന്താങ്ങിയിരുന്നു. അവിശ്വാസ പ്രമേയം ഇന്ന് ചർച്ച ചെയ്യാനിരിക്കേയാണ് ഇന്നലെ ഇരുവരും രാജിവെച്ചത്. ഇതോടെ അവിശ്വാസം ചർച്ച ചെയ്യാൻ വിളിച്ച യോഗം റദ്ദാക്കി.

ബി.ജെ.പിയിലെ മൂന്ന് കൗൺസിലർമാർ മറുകണ്ടം ചാടുമെന്ന് സൂചന ലഭിച്ചതോടെയാണ് രാജി. അതേസമയം, വ്യക്തിപരമായ അസൗകര്യങ്ങളാലാണ് ഇരുവരും സ്ഥാനമൊഴിഞ്ഞതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ. സൂരജ് അവകാശപ്പെട്ടു. 33 അംഗ കൗൺസിലി​ൽ ബി.ജെ.പി 18, എൽ.ഡി.എഫ് 9, യു.ഡി.എഫ് 5, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് നഗരസഭയിലെ കക്ഷിനില. ഇതിൽ ഒരംഗത്തെ ബി.ജെ.പി സസ്​പെൻഡ് ചെയ്തിരുന്നു.

സസ്പെൻഡ് ചെയ്യപ്പെട്ട മുതിർന്ന അംഗം കെ.വി. പ്രഭ ഉൾപ്പെടെ ബി.ജെ.പിയിൽ നിന്ന് മൂന്നുപേർ അവിശ്വാസത്തെ പിന്തുണയ്ക്കുമെന്ന് അഭ്യൂഹം ഉയർന്നിരുന്നു. അവിശ്വാസം വോട്ടിനിട്ടാൽ ബി.ജെ.പിയുടെ അംഗസംഖ്യ 15 ആയി കുറഞ്ഞേക്കുമെന്നും ഭരണം നഷ്ടപ്പെടുമെന്നുമുള്ള ആശങ്കയെ തുടർന്നാണ് നേതൃത്വം ഇടപെട്ട് ഇരുവരെയും രാജിവെപ്പിച്ചത്.

ചെയർപേഴ്സണായി സുശീല സന്തോഷിനെ തെരഞ്ഞെടുത്തത് മുതൽ ബി.ജെ.പിയിൽ പടലപ്പിണക്കങ്ങളായിരുന്നു. ചെയർമാനാകുമെന്ന് കരുതപ്പെട്ട കെ.വി.പ്രഭയുടെ നേതൃത്വത്തി​ൽ ചെയർപേഴ്സണെതിരെ ഒളിഞ്ഞും തെളിഞ്ഞും കരുനീക്കങ്ങൾ നടത്തുകയായിരുന്നു. കൗൺസിൽ യോഗത്തിൽ ഇരുവരും തമ്മിലുള്ള പോർവിളി വൈറലായിരുന്നു. ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭയിലും ഗ്രൂപ്പിസം മറനീക്കി പുറത്തുവന്നിരുന്നു.

webdesk13: