X

തെരഞ്ഞെടുപ്പ് സ്വതന്ത്രമായി നടക്കണമെങ്കില്‍ ബി.ജെ.പി ഇടപെടരുതെന്ന് ഹാര്‍ദിക് പട്ടേല്‍

വഡോദര: തെരഞ്ഞെടുപ്പ് സ്വതന്ത്രമായി നടക്കണമെങ്കില്‍ ബി.ജെ.പി ഇടപെടരുതെന്ന് പട്ടേല്‍ സമരനേതാവ് ഹാര്‍ദിക് പട്ടേല്‍. വി.വി.പാറ്റുകള്‍ എണ്ണണമെന്ന കോണ്‍ഗ്രസ് ആവശ്യം തള്ളിയ സുപ്രീം കോടതിയുടെ നടപടിയെ ഹാര്‍ദിക്ക് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ‘പിന്നെന്തിനാണ് വി.വിപാറ്റ്? എന്നും അദ്ദേഹം ചോദിച്ചു.

ഡിസംബര്‍ 18ലെ തെരഞ്ഞെടുപ്പു ഫലം എന്തായാലും തന്റെ പോരാട്ടം തുടരുമെന്നും ഹാര്‍ദിക് വ്യക്തമാക്കി. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ഹാര്‍ദിക്കിന്റെ പ്രതികരണം.

‘തെരഞ്ഞെടുപ്പു ഫലത്തെക്കുറിച്ച് നിങ്ങള്‍ ആകുലപ്പെടേണ്ട. അത് നമ്മുടെ വിജയമായിരിക്കും. ബോധവത്കരണം നടത്താനായി നമ്മള്‍ ഇപ്പോള്‍ ചെയ്യുന്ന പ്രവൃത്തികള്‍ തുടരുക. വരാനുള്ള ദിവസങ്ങള്‍ നമ്മളുടേതാണ്. ഞാന്‍ എന്റെ ജോലി ആരംഭിച്ചു കഴിഞ്ഞു. നരേന്ദ്രമോദിയ്ക്കെതിരെ പൊരുതാനുള്ള ഊര്‍ജ്ജം സംഭരിക്കാന്‍ ഞാന്‍ അംബാജി ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. എന്റെ സമുദായത്തിനെതിരെ അതിക്രമങ്ങള്‍ നടത്തിയ ആളാണ് അദ്ദേഹം.’ ഹാര്‍ദിക് പറഞ്ഞു.

2002ലും പിന്നീടും അധികാരത്തിലെത്താന്‍ ബി.ജെ.പി പട്ടേല്‍ യുവാക്കളെ ഉപയോഗിച്ചു എന്ന ആരോപണവും മോദിക്കെതിരെ ഹാര്‍ദിക്ക് നടത്തി. നരോദ പാട്യ കലാപക്കേസിലെ പ്രതിയായ ബാബു ബജ്രംഗി ഹിന്ദുത്വയുടെ യഥാര്‍ത്ഥ നേതാവാണെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.

‘2002ല്‍ അധികാരത്തിലെത്താന്‍ സഹായിച്ച എല്ലാവരേയും അവര്‍ ഒതുക്കി. അത് കൊടിയുയര്‍ത്തി ഹിന്ദുത്വ മാര്‍ച്ച് നയിച്ച പ്രവീണ്‍ തൊഗാഡിയയെയായാലും പട്ടേല്‍ യുവാക്കളെയായാലും എല്ലാവരേയു ഒതുക്കി’ ഹാര്‍ദിക് പറഞ്ഞു.

chandrika: