ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സംവരണത്തിന് എതിരാണെന്ന് വരുത്തിത്തീര്‍ക്കന്‍ ബി.ജെ.പി ശ്രമം. സംവരണത്തെ പ്രതികൂലിച്ച് രാഹുല്‍ ഗാന്ധി സംസാരിക്കുന്നുവെന്ന കുറിപ്പോട് കൂടി എഡിറ്റഡ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചാണ് ബി.ജെ.പി രാഹുല്‍ ഗാന്ധിക്കെതിരെ ആരോപണം ഉയര്‍ത്തുന്നത്.
ബി.ജെ.പി ഡല്‍ഹി ഐ.ടി സെല്ലും പാര്‍ട്ടി അംഗങ്ങളുമാണ് ഇത്തരത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ തെറ്റായ പ്രചരണം നടത്തുന്നത്. അമേരിക്കയിലെ ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നതിനിടെ രാഹുല്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രചരണം.
ഇന്ത്യ നീതിയുക്തമായ സ്ഥലമാകുമ്പോള്‍ സംവരണം ഒഴിവാക്കുന്നതിനെ കുറിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി ചിന്തിക്കും. എന്നാല്‍ നിലവിലെ സാഹചര്യം അങ്ങനെയല്ലെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.
‘നിലവിലെ സാമ്പത്തിക സ്ഥിതിയെടുക്കുമ്പോള്‍ ആദിവാസി വിഭാഗത്തിന് 100 രൂപയില്‍ വെറും പത്ത് പൈസ മാത്രമാണ് ലഭിക്കുന്നത്. ദളിത് വിഭാഗത്തിനാകട്ടെ നൂറ് രൂപയില്‍ അഞ്ച് രൂപയും, ഒ.ബി.സി വിഭാഗത്തിനും അഞ്ച് രൂപ തന്നെ. അവര്‍ക്ക് അര്‍ഹമായ പങ്കാളിത്തം ലഭിക്കുന്നില്ല എന്നതാണ് യഥാര്‍ത്ഥ വസ്തുത.
ഇന്ത്യയിലെ 90 ശതമാനത്തോളം വരുന്ന ജനങ്ങള്‍ക്കും ഇതിന്റെ ഭാഗമാകാന്‍ സാധിക്കുന്നില്ല. ഇന്ത്യയിലെ ഓരോ ബിസിനസുകാരുടെ പേരുകളിലൂടെയും ഒന്ന് കണ്ണോടിക്കൂ, ഞാന്‍ ആ പട്ടിക പരിശോധിച്ചിട്ടുണ്ട്. അതില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട ഒരാളുടെ പേര് നിങ്ങളെനിക്ക് കാണിച്ചു തരൂ.
ദളിത് വിഭാഗത്തില്‍ പെട്ട ഒരാളുടെ പേര് കാണിച്ചുതരൂ. ഒ.ബി.സി വിഭാഗത്തിലുള്ള ഒരാളെ നിങ്ങളെനിക്ക് കാണിച്ചുതരൂ. ആദ്യ 200ല്‍ ഒരാള്‍ ഒ.ബി.സിയാണെന്നാണ് എനിക്ക് തോന്നുന്നത്. ഇന്ത്യയുടെ 50 ശതമാനത്തോളം വരുന്ന ജനസംഖ്യ ഒ.ബി.സിയാണ്.
നമ്മളിപ്പോഴും രോഗലക്ഷണത്തെ ചികിത്സിക്കുന്നില്ല. ഇതാണ് പ്രധാന പ്രശ്നം. ഈ സാഹചര്യത്തില്‍ സംവരണം മാത്രമല്ല ഇതിനുള്ള ഏക പോംവഴി. ഇതിനായി മറ്റ് വഴികളും നിലവിലുണ്ട്,’ എന്നാണ് രാഹുല്‍ ഗാന്ധി ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയില്‍ പറഞ്ഞത്.
എന്നാല്‍ ഇതിനെ വളച്ചൊടിച്ച്, രാഹുലിന്റെ പരാമര്‍ശത്തിലൂടെ രാജ്യത്തെ സംവരണം നിര്‍ത്തലാക്കാനുള്ള കോണ്‍ഗ്രസിന്റെ അജണ്ടയാണ് പുറത്തുവന്നതെന്നാണ് ബി.ജെ.പിയുടെ ആരോപണം. സംവരണത്തെ തുടച്ചുനീക്കാനുള്ള ശ്രമങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നതെന്ന വിധത്തിലാണ് രാഹുലിന്റെ പ്രസംഗത്തിലെ പ്രസ്തുത ഭാഗങ്ങള്‍ ബി.ജെ.പി ഐ.ടി സെല്ലുകള്‍ പ്രചരിപ്പിക്കുന്നത്.
തുടര്‍ന്ന് വ്യാപക വിമര്‍ശനങ്ങളാണ് ബി.ജെ.പിക്കെതിരെ ഉയര്‍ന്നത്. തങ്ങളുടെ മേലധികാരിയെ മുട്ടുകുത്തിച്ചവനെ കുറിച്ച് നുണകള്‍ പ്രചരിപ്പിക്കുകയാണ് ഈ വിലയില്ലാത്ത ഐടി സെല്ലെന്ന് ഒരാള്‍ ബി.ജെ.പി ദല്‍ഹിയുടെ എക്‌സ് പോസ്റ്റിനോട് പ്രതികരിച്ചു.
ഇന്ത്യയില്‍ ജാതി സെന്‍സസ് നടപ്പിലാക്കുന്നതിനും അദാനി, അംബാനി എന്നീ വ്യവസായികള്‍ക്കെതിരെയും പോരാടാന്‍ ഇന്ത്യാ സഖ്യം ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിനെ കുറിച്ചും രാഹുല്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയുണ്ടായി.
രാഹുലിന്റെ യു.എസ് പര്യടനത്തിന്റെ ഭാഗമായാണ് അദ്ദേഹം ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയില്‍ എത്തിയത്. അദാനി അടക്കമുള്ളവര്‍ക്കെതിരെ വിദേശത്തെത്തി പരാമര്‍ശം നടത്തിയ പ്രതിപക്ഷ നേതാവിനെ ലക്ഷ്യം വെച്ചും ബി.ജെ.പി അനുയായികള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരണം നടത്തിയിരുന്നു.