X

ഒടുവില്‍ ബി.ജെ.പിയും സമ്മതിച്ചു, മോദി തരംഗം മങ്ങി; അദ്വാനിയെയും ജോഷിയെയും രംഗത്തിറക്കാന്‍ നീക്കം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവത്തിന് മങ്ങലേറ്റതായി സമ്മതിച്ച് ബി.ജെ.പിയും. 2019 തെരഞ്ഞെടുപ്പില്‍ മോദിയെ ഹൈലാറ്റ് ചെയ്യുന്നതിനു പകരം പാര്‍ട്ടി മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയെയും രംഗത്തിറക്കാനാണ് പാര്‍ട്ടി നീക്കം.

ബംഗാളി ദിനപത്രമായ ആനന്ദ് ബസാര്‍ പത്രികയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
മറ്റൊരു മുതിര്‍ന്ന നേതാവായ മുരളി മനോഹര്‍ ജോഷിയെയും രംഗത്തിറക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്നും വിജയിച്ച അദ്വാനിയെ പ്രധാനമന്ത്രിയാക്കണം എന്ന് ബി.ജെ.പിയില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്വാനിയെ വെട്ടി മാറ്റി മോദി പ്രധാനമന്ത്രിപദത്തിലേക്ക് എത്തുകയായിരുന്നു. ഇതില്‍ അതൃപ്തി രേഖപ്പെടുത്തി പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്തു നിന്ന് ജോഷിയെ അദ്വാനിയും തഴഞ്ഞു.

പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നം പരിഹരിക്കുന്നതിന് അദ്വാനിയെയും ജോഷിയെയും ഉള്‍പ്പെടുത്തി മാര്‍ഗ ദര്‍ശക് മണ്ഡല്‍ എന്ന പേരില്‍ പ്രത്യേക സമിതി രൂപീകരിച്ചിരുന്നു. സര്‍ക്കാറിനെ നിയന്ത്രിക്കാന്‍ എന്ന വ്യാജേനയായിരുന്നു സമിതി രൂപീകരിച്ചത്. എന്നാല്‍ ഇതില്‍ ഒരു യോഗം പോലും ചേര്‍ന്നിട്ടില്ല.

മോദിയെ കേന്ദ്രീകരിച്ച് പോയാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അടിപ്പതറുമെന്ന തിരിച്ചറിവിലാണ് പുതിയ നീക്കം. മോദിയുടെ നോട്ടുഅസാധുവാക്കല്‍, ജി.എസ്.ടി തുടങ്ങിയ നടപടികളില്‍ ജനം അസംതൃപ്തരാണെന്ന് അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പ് പരാജയങ്ങളില്‍ നിന്ന് ബി.ജെ.പി തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം.

chandrika: